- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവൂരിന് പിന്നാലെ ഐഎൻഎല്ലും മന്ത്രിസ്ഥാനത്തിന് അവകാശവാദവുമായി രംഗത്ത്; ഒരു എംഎൽഎ മാത്രമുള്ളത് മുന്നണിക്കുള്ളിലെ അഞ്ച് പാർട്ടികൾക്ക്; ഒറ്റയാൾ പാർട്ടികൾക്ക് മന്ത്രിസ്ഥാനം നൽകാൻ പിണറായിക്ക് വിമുഖത; ചിലർക്ക് മാത്രം ഇളവ് നൽകിയേക്കും; ഒറ്റയാൾ പാർട്ടികൾ സിപിഎമ്മിന് തലവേദനയാകുമ്പോൾ
തിരുവനന്തപുരം: ഇടതുമുന്നണിക്കുള്ളിലെ ഒറ്റയാൾ പാർട്ടികൾ സിപിഎമ്മിന് തലവേദനയാകുന്നു. കോവൂർ കുഞ്ഞുമോന് പിന്നാലെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ഐഎൻഎല്ലും രംഗത്തെത്തി. ഇക്കാര്യം ഉന്നയിച്ച് എൽഡിഎഫ് കൺവീനർ എ. വിജയരാഘവന് ഐഎൻഎൽ സംസ്ഥാന നേതൃത്വം കത്ത് നൽകി. ഐഎൻഎല്ലിന്റെ ഏക എംഎൽഎയായ അഹമ്മദ് ദേവർകോവിലിനെ മന്ത്രിയാക്കണമെന്നാണ് കത്തിലെ ആവശ്യം. മുസ്ലിം ലീഗിന്റെ സീറ്റായിരുന്ന കോഴിക്കോട് സൗത്തിൽ ലീഗിന്റെ ഏക വനിതാ സ്ഥാനാർത്ഥി നൂർദ്ദിന ബഷീറിനെ പരാജയപ്പെടുത്തിയാണ് അഹമ്മദ് ദേവർകോവിൽ വിജയിച്ചത്.
ഒരു എംഎൽഎ മാത്രമുള്ളത് മുന്നണിക്കുള്ളിലെ അഞ്ച് പാർട്ടികൾക്കാണ്. ഇത്തവണ ഒറ്റയാൾ പാർട്ടികൾക്ക് മന്ത്രിസ്ഥാനം നൽകാൻ പിണറായി വിജയന് താൽപര്യമില്ലെന്നാണ് സൂചന. കടന്നപ്പള്ളി കണ്ണൂരിൽനിന്നു സഭയിൽ എത്തിയപ്പോൾ പത്തനാപുരത്ത് ഗണേശ് കുമാർ വീണ്ടും ജയിച്ചുകയറി. തിരുവനന്തപുരത്ത് ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജു അപ്രതീക്ഷിത വിജയം നേടി. കോഴിക്കോട് സൗത്തിൽ അഹമ്മദ് ദേവർകോവിൽ ഐഎൻഎല്ലിന്റെ ഏക പ്രതിനിധിയായി. മുന്നണി മാറി ഇടതുപക്ഷത്ത് എത്തിയ ലോക്താന്ത്രിക് ജനതാദളിൽനിന്ന് കൂത്തുപറമ്പിലെ കെപി മോഹനൻ മാത്രമാണ് ജയിച്ചത്.
ഒറ്റയാൾ പാർട്ടികൾക്കു മന്ത്രിസ്ഥാനം കൊടുക്കുന്നത് കൂടുതൽ പേരെ ജയിപ്പിച്ച പാർട്ടികളുടെ വിഹിതത്തിൽ വലിയ കുറവു വരുത്തുമെന്നാണ് മുന്നണി നേതൃത്വം വിലയിരുത്തുന്നത്. ആകെ ഇരുപത്തിയൊന്ന് മന്ത്രിസ്ഥാനമാണ് അനുവദനീയമായിട്ടുള്ളത്. കഴിഞ്ഞ തവണ തുടക്കത്തിൽ 19 ആയിരുന്നു. പിന്നീട് ഒരു മന്ത്രിയെക്കൂടി ഉൾപ്പെടുത്തി. അതിനിടെയാണ് ഇത്തരമൊരു ആവശ്യമുന്നയിച്ച് ഐഎൻഎൽ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ബി ഗണേശ് കുമാർ, കെപി മോഹനൻ എന്നിവർക്ക് ഇളവ് നൽകാനും സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം ആർഎസ്പി (ലെനിനിസ്റ്റ്) പാർട്ടി നേതാവ് കോവൂർ കുഞ്ഞുമോനും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കഴിഞ്ഞതവണ ഒരു എംഎൽഎ മാത്രമുള്ള കടന്നപ്പള്ളിയിക്ക് മന്ത്രിസഭയിൽ പ്രാതിനിത്യം നൽകിയിട്ടും കോവൂരിനെ മാറ്റിനിർത്തിയിരുന്നു. അതിനാൽ രണ്ടാം പിണറായി സർക്കാരിൽ ഉറപ്പായും മന്ത്രിസ്ഥാനം വേണമെന്നാണ് കുഞ്ഞുമോന്റെ ആവശ്യം. ഇടത് മന്ത്രിസഭയിൽ പ്രാതിനിധ്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് കുഞ്ഞുമോൻ അറിയിച്ചു. അഞ്ച് ടേം തുടർച്ചയായി വിജയിച്ചത് പരിഗണിക്കണമെന്നാണ് കുഞ്ഞുമോൻ പറയുന്നത്.
ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിന്നതും കണക്കിലെടുക്കണമെന്ന് കുഞ്ഞുമോൻ ആവശ്യപ്പെടുന്നു. തന്നെ മന്ത്രിയാക്കുന്നത് ആർ എസ് പി അണികളെ ഇടതുമുന്നണിയിലെത്തിക്കാൻ സഹായിക്കുമെന്നാണ് അവകാശവാദം. ആർഎസ്പിയുടെ യുവനേതാവായി പാർട്ടിയുടെ ഉറച്ച കോട്ടയിൽ നിന്ന് എംഎൽഎയായ കുഞ്ഞുമോൻ പക്ഷേ പാർട്ടി മുന്നണി വിട്ടപ്പോൾ ഇടത്പക്ഷത്ത് തന്നെ ഉറച്ച് നിൽക്കുകയായിരുന്നു. പാർട്ടിയിൽ നിന്ന് പുറത്ത് വന്നിട്ടും കഴിഞ്ഞ രണ്ട് തവണയും മണ്ഡലം കൈവിട്ട് പോകാതെ കാക്കാൻ കുഞ്ഞുമോനായി. ഇത്തവണ 2790 വോട്ടിനാണ് ആർഎസ്പിയുടെ യുവ നേതാവ് ഉല്ലാസ് കോവൂരിനെ കുഞ്ഞുമോൻ പരാജയപ്പെടുത്തിയത്
മറുനാടന് മലയാളി ബ്യൂറോ