മനാമ: സന്ദർശകരേയും നിക്ഷേപകരേയും ലക്ഷ്യമിട്ട് പുതിയ രണ്ടു വിസാ സംവിധാനങ്ങൾ കൂടി ബഹ്‌റിൻ ഏർപ്പെടുത്തി. സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി വിസകൾ നടപ്പിലാക്കിയാണ് ബഹ്‌റിൻ രാജ്യത്തേക്ക് സഞ്ചാരികളേയും നിക്ഷേപകരേയും ആകർഷിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. രാജ്യത്ത് പ്രവേശിക്കുന്ന സമയം അഞ്ച് ദിനാർ നൽകി സിംഗിൾ എൻട്രി വിസ സംഘടിപ്പിക്കാം. വിസാ ഓൺ അറൈവൽ സംവിധാനത്തിലൂടെ ലഭ്യമാകുന്ന ഈ വിസ ഉപയോഗിച്ച് അഞ്ചു ദിവസം രാജ്യത്ത് തങ്ങാം. ഓൺലൈൻ വഴിയോ, രാജ്യത്തേക്കുള്ള പ്രവേശന കവാടങ്ങളിൽ നിന്നോ ഈ വിസ സ്വന്തമാക്കാം. 

85 ദിനാർ നൽകി ഓൺലൈൻ വഴി അപേക്ഷിച്ചു ലഭിക്കുന്ന മൾട്ടിപ്പിൾ എൻട്രി വിസയാണ് രണ്ടാമത്തേത്. 90 ദിവസം വരെ ബഹ്‌റിനിൽ തങ്ങാവുന്ന വിസയാണിത്. 90 ദിവസത്തിനിടയ്ക്ക് വിസ റദ്ദാകാതെ തന്നെ പല തവണ രാജ്യത്ത് വന്നുപോകാൻ സാധിക്കുമെന്നതാണ് ഈ വിസയുടെ പ്രത്യേകത.

മൾട്ടിപ്പിൾ എൻട്രി വിസയിൽ ബഹ്‌റിനിൽ എത്തുന്നവർക്ക് വിസാ കാലാവധി ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിക്കാം. നിലവിൽ രണ്ടാഴ്ചയായിരുന്നു വിസ ദീർഘിപ്പിക്കുന്നതിനുള്ള കാലാവധി. കൂടാതെ 113 രാജ്യങ്ങളിൽ ഇ-വിസയും ലഭ്യമാക്കാൻ ബഹ്‌റിൻ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ 38 രാജ്യങ്ങളിൽ മാത്രമാണ് ഈ സംവിധാനം ലഭ്യമാകുന്നത്. അത് 75 രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്. ഇതിന് പുറമെ 66 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഓൺഅറൈവൽ വീസയും ലഭിക്കും.