ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്‌സാസിൽ മൂന്ന് വയസ്സുകാരിയായ വളർത്തു മകൾ ഷെറിൻ മാത്യൂസിനെ ക്രൂരമായി കൊലപ്പെടുത്തിയ മലയാളി ദമ്പതികൾക്ക് ഇനി സ്വന്തം മകളെ കാണാനും അവകാശമില്ല. പിഞ്ചു കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ ഇവർക്ക് സ്വന്തം മകളെ കാണാനുള്ള അവകാശവും അമേരിക്കൻ കോടതി എടുത്തു കളഞ്ഞു.

ഷെറിൻ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വളർത്തമ്മ സിനി മാത്യൂസിനും വളർത്തച്ഛൻ വെസ്ലി മാത്യൂസിനുമാണ് തങ്ങളുടെ സ്വന്തം കുട്ടിയെ കാണാനുള്ള അവകാശവും കോടതി നിഷേധിച്ചത്. ഷെറിന്റെ മരണത്തിൽ ഉത്തരവാദിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവർക്ക് രക്ഷിതാവെന്ന നിലയിലുള്ള ഉത്തരാവാദിത്വം നിറവേറ്റാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ അമേരിക്കയിലുള്ള ബന്ധുക്കൾക്കൊപ്പം കഴിയുന്ന ഇവരുടെ കുട്ടിയുള്ള പൂർണ്ണ അവകാശവും ഇവർക്ക് നഷ്ടമായേക്കും.

കേസിൽ വാദം കേൾക്കുന്നത് ഇനിയും തുടരും. വാദം പൂർത്തിയാകുന്നതോടെ രക്ഷിതാവ് എന്ന എല്ലാ അവകാശങ്ങളും ദമ്പതികളിൽ നിന്നും എടുത്തുമാറ്റിയേക്കാനും സാധ്യതയുണ്ട്. അടുത്ത വാദം കേൾക്കൽ ദിവസം എപ്പോഴെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും അധികം നീണ്ട് പോവില്ലെന്നാണ് സൂചന. സ്വന്തം കുഞ്ഞുണ്ടായിട്ടും സിനിയും വെസ്ലി മാത്യുവും അനാഥാലയത്തിൽ നിന്നും കുഞ്ഞിനെ ദത്തെടുത്ത് വളർത്തിയതെന്തിന് എന്ന ചോദ്യമാണ് ഉയരുന്നത്. ക്രൂരമായി പീഡിപ്പിക്കാനായിരുന്നെങ്കിൽ ഈ കുട്ടിയെ ദത്തെടുക്കുന്നത് ഒഴിവാക്കാമായിരുന്നില്ലെ എന്നും ചോദ്യം ഉയരുന്നു.

ഷെറിനിന്റെ മരണവുമായി ബന്ധപ്പെട്ട് ദമ്പതികൾ നൽകിയ മൊഴിയിൽ വൈരുദ്ധ്യം ഉണ്ടായതോടെയായിരുന്നു ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ കാണാതാവുമ്പോൾ താൻ ഉറക്കത്തിലായിരുന്നുവെന്നാണ് സിനി മാത്യൂസ് പൊലീസിന് മൊഴി നൽകിയത്. എന്നാൽ നിർബന്ധിച്ച് പാൽകുടിപ്പിച്ചപ്പോഴാണ് ഷെറിൻ മരിച്ചതെന്നായിരുന്നു വെസ്ലി മൊഴി നൽകിയത്.കേസിൽ രണ്ടര ലക്ഷം ഡോളറാണ് ജാമ്യ വ്യവസ്ഥയായി നിശ്ചയിച്ചിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബർ ഏഴിനായിരുന്നു ഡാലസിലെ വീട്ടിൽ നിന്നും മൂന്ന് വയസ്സുകാരി ഷെറിൻ മാത്യൂസിനെ കാണാതാവുന്നത്. ഒക്ടോബർ 22 ന് വീടിന് ഒരു കിലോമീറ്റർ അപ്പുറത്ത് ഒരു കലിങ്കിന് അടിയിൽ നിന്നാണ് ഷെറിനിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. കഴിഞ്ഞ വർഷം ഇന്ത്യയിലെ ഒരു ഓർഫനേജിൽ നിന്നായിരുന്നു ഷെറിനെ ദമ്പതികൾ ദത്തെടുത്തത്.