മലപ്പുറം : സച്ചാർ-പാലോളി ശുപാർശകൾ പൂർണ്ണമായും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എസ്‌ഐ.ഒ. മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും നേതാക്കളടക്കം പത്തോളം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കാനാൻ നിയോഗിച്ച സച്ചാർ കമ്മീഷൻ ഇന്ത്യയിൽ മുസ്ലിങ്ങൾ സാമൂഹികമായും വിദ്യാഭ്യാസപരമായും ദലിതരേക്കാൾ പിന്നോക്കാവസ്ഥയിലാണെന്ന് കണ്ടെത്തുകയും വിവിധ പദ്ധതികൾ സർക്കാരുകൾ മുൻപാകെ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു.
എന്നാൽ കേരളത്തിൽ നാമമാത്രമായി നടപ്പിലാക്കിയ പദ്ധതികൾ കാലക്രമേണ ന്യൂനപക്ഷ പദ്ധതിയായി അട്ടിമറിക്കുകയും ഏറ്റവുമൊടുവിൽ രണ്ടാം പിണറായി സർക്കാറിലെത്തി നിൽക്കുമ്പോൾ സച്ചാർ കമ്മിറ്റി നിർദ്ദേശപ്രകാരമുള്ള ഒരു പദ്ധതിയും അവശേഷിക്കാത്ത രൂപത്തിൽ മുസ്ലിം സമുദായത്തോട് കൊടിയവഞ്ചനയാണ് നടത്തിയിട്ടുള്ളത്.

സർക്കാറിന്റെ വഞ്ചന അവസാനിപ്പിച്ച് നീതി ഉറപ്പാക്കും വരെ അവകാശ സമരവുമായി മുസ്ലിം സമുദായം തെരുവിലുണ്ടാവുമെന്ന് എസ്‌ഐ.ഒ. സംസ്ഥാന സെക്രട്ടറി സഈദ് കടമേരി മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

എസ്‌ഐ.ഒ. ജില്ലാ പ്രസിഡണ്ട് ബാസിത് താനൂർ അദ്ധ്യക്ഷത വഹിച്ചു. എസ്‌ഐ.ഒ. സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി മൂസ മുരിങ്ങേക്കൽ, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് മുനീബ് കാരക്കുന്ന്, എം.എസ്.എം. ജില്ലാ സെക്രട്ടറി അനസ് മഞ്ചേരി, എം.എസ്.എം. മർക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറി ഫഹീം പുളിക്കൽ, സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡണ്ട് ബഷീർ തൃപ്പനച്ചി, ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി അജ്മൽ കോഡൂർ,ജി.ഐ.ഒ ജില്ലാ പ്രസിഡണ്ട് ഷിഫാന തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഫവാസ് അമ്പാളി, സഹൽ ബാസ്, അനീസ് കൊണ്ടോട്ടി, ഷജാസ് അഹ്‌മദ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.