പൊന്നാനി : ഇന്ത്യയിൽ സംഘ് പരിവാറിന്റെ മനുഷ്യവിരുദ്ധമായ നടപടികളിൽ നിന്നുള്ള മോചനം രാഷ്ട്രീയ അധികാരത്തിലൂടെ മാത്രമേ സാധ്യമാവുകയൊള്ളൂ എന്ന് തമിഴ്‌നാട് വി സി.കെ പാർട്ടി സ്ഥാപകനും പ്രസിഡന്റു കൂടിയായ തോൾ തിരുമാവളവൻ. എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി പൊന്നാനിയിൽ സംഘടിപ്പിച്ച അകാദമിക് കോൺഫറൻസിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ധേഹം.

ദലിതുകൾ, മുസ്ലീകൾ, ക്രിസ്ത്യാനികൾ തുടങ്ങിയവർ സ്വന്തം പ്രശ്ശ്‌നങ്ങളിൽ ഒതുങ്ങികൂടണമെന്നാണു സംഘ് പരിവാർ ശക്തികൾ ആഗ്രഹിക്കുന്നത്. ദലിത് ന്യൂനപക്ഷ കൂട്ടായ്മയെ ഭയപ്പെടുത്തുവാനും ശ്രമിച്ചു കൊണ്ടിരിക്കുന്നു. മതപരിവർത്തനം മൂലം തങ്ങളുടെ വോട്ട് ബാങ്ക് ചോർന്ന് പോകുമോ എന്ന് ഹിന്ദുത്വ സംഘടനകൾ ആശങ്കിക്കുകയും ചെയ്യുന്നു. അതിനെ ചെറുക്കുവാൻ വേണ്ടിലൗ ജിഹാദ്, ഗർവ്വാപ്പസി തുടങ്ങിയ ആശയങ്ങൾ ഉയർത്തി കൊണ്ടു വരികയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ വിഷയങ്ങളെ അധികരിച്ച് അജയൻ ഇടുക്കി, ആസ്ലം ഇ എസ്, ഫാസില AK, ബിലാൽ ഇബ്‌നു ജമാൽ, ലദീദ സഖ്‌ലൂൻ, അജിത് കുമാർ AS, ഡോ. ബി രവിചന്ദ്രൻ, ഷിയാസ് പെരുമാതുറ തുടങ്ങിയവർ പേപ്പറുകൾ അവതരിപ്പിച്ചു.മലപ്പുറം ഗവൺമെന്റ് കോളജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജമീൽ അഹ്മദ് ,മീഡിയാ വൺ മാനേജിങ് എഡിറ്റർ സി ദാവൂദ് തുടങ്ങിയർ സെഷനുകൾ നിയന്ത്രിച്ചു.

എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. സഫീർ എ.കെ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതവും പ്രോഗ്രാം കൺവീനർ സാബിക് വെട്ടം നന്ദിയും പറഞ്ഞു.