ന്യൂഡൽഹി: വിവാദമായ സിപ്പി സിദ്ധു കൊലക്കേസിൽ ഹിമാചൽ പ്രദേശ് ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് സബിന സിങ്ങിന്റെ മകൾ കല്ല്യാണി സിങിനെ സിബിഐ അന്വേഷണ സംഘം വലയിൽ കുരുക്കിയത് ആറ് വർഷത്തോളം നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ. ബുധനാഴ്ചയാണ് സിബിഐ. സംഘം കല്ല്യാണി സിങ്ങിനെ അറസ്റ്റ് ചെയ്തത്. ചണ്ഡീഗഢ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാലുദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു.

ദേശീയ ഷൂട്ടിങ് താരം സുഖ്മാൻപ്രീത് സിങ് എന്ന സിപ്പി സിദ്ദു (35) വെടിയേറ്റു കൊല്ലപ്പെട്ട കേസിൽ ആറു വർഷത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിൽ പ്രതിയിലേക്ക് എത്താനായതിന്റെ ആശ്വാസത്തിലാണ് രാജ്യത്തെ സുപ്രധാന അന്വേഷണ ഏജൻസിയായ സിബിഐ. വിശദമായ അന്വേഷണത്തിൽ കൊലപാതകത്തിൽ കല്ല്യാണി സിങ്ങിനുള്ള പങ്ക് കണ്ടെത്തിയെന്നും ചോദ്യംചെയ്തതിന് ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും സിബിഐ. വക്താവ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇവർ ഏറെനാളായി സംശയനിഴലിലായിരുന്നു. സിദ്ധുവിനെ കൊലപ്പെടുത്തിയ ആൾക്കൊപ്പം കല്ല്യാണി സിങ്ങും സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരുന്നത്.

പ്രണയബന്ധം തകർന്നതിന്റെ പകയാണ് കൊലപാതകത്തിനു കാരണമെന്നാണ് സിബിഐയുടെ കണ്ടെത്തൽ. 7 വർഷം മുൻപത്തെ കൊലപാതകക്കേസിൽ സിബിഐ ഓഫിസിൽ വിളിച്ചുവരുത്തിയാണ് കല്യാണിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ 4 ദിവസത്തേക്കു സിബിഐ കസ്റ്റഡിയിൽ വിട്ടു. ഈ കേസിലെ ആദ്യ അറസ്റ്റാണിത്.

സിബിഐ 10 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും കോടതി അത് നാലു ദിവസമാക്കി ചുരുക്കുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാനും കൊലയ്ക്ക് ഉപയോഗിച്ച ആയുധവും വാഹനങ്ങളും കണ്ടെത്താനും കല്യാണിയെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് സിബിഐയുടെ നിലപാട്.

പഞ്ചാബ് ഹരിയാന ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എസ്.എസ്.സിദ്ദുവിന്റെ കൊച്ചുമകൻ സുഖ്മാൻപ്രീത് സിങ് എന്ന സിപ്പി സിദ്ദു 2015 സെപ്റ്റംബർ 20ന് ആണ് കൊല്ലപ്പെട്ടത്. പിറ്റേന്ന് ചണ്ഡിഗഡിലെ ഒരു പാർക്കിൽ 5 വെടിയുണ്ടകളേറ്റ നിലയിൽ മൃതദേഹം കണ്ടെത്തി. സിദ്ദുവിനെ വെടിവച്ചുകൊന്ന ആൾക്കൊപ്പം ഒരു സ്ത്രീ ഉണ്ടായിരുന്നു എന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ കണ്ടെത്തിയെങ്കിലും കൂടുതൽ തെളിവുകൾ ലഭിച്ചിരുന്നില്ല. നീണ്ട അന്വേഷണത്തിനൊടുവിൽ വ്യക്തമായ തെളിവുകൾ ലഭിച്ചതോടെയാണ് കല്യാണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ചണ്ഡീഗഢിലെ സെക്ടർ 27-ലെ ഒരു പാർക്കിലായിരുന്നു മൃതദേഹം. എന്നാൽ കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. ഇതോടെ 2016 ജനുവരിയിൽ കേസ് സിബിഐ.ക്ക് കൈമാറി. എന്നാൽ സിബിഐ.യ്ക്കും ആദ്യഘട്ടത്തിൽ കാര്യമായ തുമ്പുണ്ടാക്കാനായില്ല.

സിപ്പി സിദ്ധുവിനെ കൊലപ്പെടുത്തുമ്പോൾ കൊലയാളിക്കൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നു എന്ന് മാത്രമാണ് സിബിഐ.ക്ക് കണ്ടെത്താനായത്. തുടർന്ന് 2016 സെപ്റ്റംബറിൽ കേസിൽ എന്തെങ്കിലും വിവരം നൽകുന്നവർക്ക് സിബിഐ. അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. പത്രങ്ങളിൽ വ്യത്യസ്തമായ ഒരു പരസ്യവും നൽകി.

'സിദ്ധുവിന്റെ കൊലയാളിക്കൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കാൻ കാരണമുണ്ട്. ഇവർ നിരപരാധിയാണെങ്കിൽ അവർക്ക് മുന്നോട്ടുവന്ന് ഞങ്ങളെ ബന്ധപ്പെടാൻ അവസരം നൽകുന്നു. അതല്ലെങ്കിൽ ഇവരെ കൃത്യത്തിൽ ഉൾപ്പെട്ട ഒരാളാണെന്ന് കണക്കാക്കും' എന്നായിരുന്നു സിബിഐയുടെ പരസ്യം. എന്നാൽ ആരും ഇതുമായി ബന്ധപ്പെട്ട് സിബിഐയെ സമീപിച്ചില്ല.

2020-ൽ കേസുമായി ബന്ധപ്പെട്ട് 'അൺട്രേസ്ഡ് റിപ്പോർട്ട്' സിബിഐ കോടതിയിൽ സമർപ്പിച്ചു. കൊലപാതകത്തിൽ ഒരു സ്ത്രീയുടെ പങ്കുണ്ടെന്നും ഇതിൽ അന്വേഷണം തുടരണമെന്നും ആവശ്യപ്പെട്ടാണ് സിബിഐ റിപ്പോർട്ട് നൽകിയത്. ഇതിനിടെ, 2021 ഡിസംബറിൽ പാരിതോഷികം പത്ത് ലക്ഷം രൂപയായി വർധിപ്പിക്കുകയും ചെയ്തു. കേസ് ഏറ്റവും ഒടുവിലായി കോടതി പരിഗണിച്ചപ്പോൾ ഒരുമാസത്തെ സമയം വേണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. ഇതിനുപിന്നാലെയാണ് കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തി കല്ല്യാണി സിങ്ങിനെ അറസ്റ്റ് ചെയ്തത്.

ദേശീയ ഷൂട്ടിങ് താരമായിരുന്ന സിപ്പി സിദ്ദു, ഒളിംപിക് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയ്ക്കൊപ്പം 2001ൽ പഞ്ചാബ് ദേശീയ ഗെയിംസിൽ ടീം ഇനത്തിൽ സ്വർണം നേടിയിട്ടുണ്ട്. 15 വർഷത്തോളം ഷൂട്ടിങ് മത്സരങ്ങളിൽ സജീവമായിരുന്ന സിപ്പി, ഇന്ത്യൻ പാരാലിംപിക് കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.

സിപ്പി സിദ്ദുവും കല്യാണി സിങ്ങും തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ. സിദ്ദുവിനെ വിവാഹം ചെയ്യാൻ കല്യാണി ആഗ്രഹിച്ചിരുന്നു. എന്നാൽ, കല്യാണിയുമായുള്ള ബന്ധത്തെ സിദ്ദുവിന്റെ മാതാപിതാക്കൾ എതിർത്തു. അങ്ങനെയാണ് ബന്ധത്തിൽ ഉലച്ചിലുണ്ടായത്. ഇതോടെ കല്യാണിക്ക് സിദ്ദുവിനോടു പകയായി. പിന്നീട് കല്യാണിയുടെ ചില സ്വകാര്യ ചിത്രങ്ങൾ സിദ്ദു അവളുടെ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തത് കല്യാണിയുടെ പക വർധിപ്പിച്ചു.

കല്യാണിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ, കേസുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ സിബിഐ പങ്കുവച്ചിട്ടുണ്ട്. സിദ്ദു കൊല്ലപ്പെടുന്നതിനു രണ്ടു ദിവസം മുൻപ്, അതായത് 2015 സെപ്റ്റംബർ 18ന് മറ്റു ചിലരുടെ മൊബൈൽ ഫോണുകൾ വഴി സിദ്ദുവിനെ ബന്ധപ്പെട്ട കല്യാണി, ചണ്ഡിഗഡിലെ സെക്ടർ 27ലുള്ള ഒരു പാർക്കിൽ വച്ച് കൂടിക്കാഴ്ച നടത്താൻ നിർബന്ധിച്ചതായി സിബിഐ കണ്ടെത്തി. ഇതനുസരിച്ച് സെബ്റ്റംബർ 18നും 20നും ഇടയിൽ ഇരുവരും പാർക്കിൽവച്ച് കണ്ടു.

സിദ്ദു കൊല്ലപ്പെട്ട സംപ്റ്റംബർ 20ന് വൈകുന്നേരം അദ്ദേഹത്തിനൊപ്പം കല്യാണിയും ഉണ്ടായിരുന്നതിനു തെളിവുണ്ടെന്ന് സിബിഐ വ്യക്തമാക്കുന്നു. അജ്ഞാതനായ അക്രമിയും കല്യാണി സിങ്ങും ചേർന്ന് സിപ്പി സിദ്ദുവിനെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് തുടരന്വേഷണത്തിൽ തെളിഞ്ഞതായും സിബിഐ വിശദീകരിക്കുന്നു. സിദ്ദുവിനെതിരെ വെടിയുതിർത്ത ശേഷം ഇരുവരും സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

സിദ്ദുവിനെ വെടിവച്ച അക്രമിക്കൊപ്പം ഒരു യുവതി കൂടി ഉണ്ടായിരുന്നതായി വ്യക്തമായതു മുതൽ കല്യാണി സിങ് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിലുണ്ടായിരുന്നു. അതേസമയം, കല്യാണിക്കെതിരെ ശക്തമായ തെളിവുകളുടെ അഭാവം അന്വേഷണത്തിന് തിരിച്ചടിയായി. തുടർന്ന് 2020ൽ കല്യാണിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ തക്ക തെളിവുകളില്ലെന്നു റിപ്പോർട്ട് നൽകിയ സിബിഐ, അവരെ സംശയിക്കാനുള്ള കാരണങ്ങൾ സുദൃഢമായതിനാൽ അന്വേഷണം തുടരാൻ അനുമതി തേടുകയായിരുന്നു.