പാലാ: സിസ്റ്റർ അമല കൊലക്കേസിലെ പ്രതിയായ സതീഷ് കുമാർ കുറ്റക്കാരനെന്ന് കോടതി വിധി. പാലാ ഡിസ്ട്രിക്ട് അഡീഷണൽ സെഷൻസ് കോടതിയാണ് സതീഷ് കുമാറിനെ കുറ്റക്കാരനാണെന്ന് വിധിച്ചത്. സതീഷ് കുമാറിനെതിരെ ബലാത്സംഗം, ഭവനഭേദനം, മോഷണം എന്നീ കുറ്റങ്ങൾ തെളിഞ്ഞിട്ടുണ്ട്.

പാലാ കാർമലീത്ത മഠാംഗമായിരുന്ന 69കാരി സിസ്റ്റർ അമലയെ മൺവെട്ടി കൊണ്ട് തലക്കടിച്ച് കൊന്ന കേസിൽ കാസർഗോഡ് സ്വദേശിയായ സതീഷ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒട്ടനവധി മോഷണ കേസുകളിലും സതീഷ് ബാബു പ്രതിയാണ്. 2015 സെപ്റ്റംബർ 17-ന് രാവിലെ ഏഴുമണിക്കാണ് കോൺവെന്റിലെ മൂന്നാം നിലയിൽ സിസ്റ്റർ അമലയുടെ മൃതദേഹം കണ്ടെത്തിയത്. പാലാ കെ.എസ്.ആർ.ടി.സി ബസ്റ്റ് സ്റ്റാൻഡിന് സമീപത്തെ മഠത്തിലായിരുന്നു സംഭവം. മഠത്തിന് സമീപത്തെ കാർമൽ ആശുപത്രിയിൽ നഴ്‌സായിരുന്നു സിസ്റ്റർ അമല.

പ്രതിയെ അഞ്ച് ദിവസത്തിന് ശേഷം ഹരിദ്വാറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മോഷണ ശ്രമത്തിനിടെ ഇയാൾ സിസ്റ്റർ അമലയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പൈക മഠത്തിലെ സിസ്റ്റർ 86 വയസുകാരി ജോസ് മരിയയെ കൊലപ്പെടുത്തിയതും താനാണെന്ന് പ്രതി സതീഷ് ബാബു പീന്നീട് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. ഈ കേസിൽ വിചാരണ നടന്ന് വരികയാണ്.

പനി ബാധിതയായ സിസ്റ്ററെ രാവിലെ മഠം ചാപ്പലിൽ കുർബാനക്ക് കാണാതിരുന്നതിനെ തുടർന്ന് തെരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെ ത്തിയത്. ഇവർ താമസിച്ചിരുന്ന മഠത്തിലെ മുറി അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. മുറിയിലെ കട്ടിലിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. സിസ്റ്റർ അമലയുടെ നെറ്റിയിൽ മുറിവേറ്റ പാടുകളുണ്ട്. ഇതാകാം മരണ കാരണമെന്ന് പൊലീസിന്റെ നിഗമനം.

പൊലീസ് അന്വേഷണം നടക്കുന്നതിനാൽ സംഭവത്തെകുറിച്ച് പ്രതികരിക്കുന്നില്ലെന്ന് പാലാ രൂപത അറയിച്ചു. കോട്ടയം രാമപുരം വാലുമ്മേലിൽ പരേതരായ വി.ഡി. അഗസ്തിഫഏലി ദമ്പതികളുടെ മകളാണ് സിസ്റ്റർ അമല. കർമലീത്ത സന്യാസ സമൂഹത്തിന്റെ പാലാ പ്രൊവിൻഷ്യൽ സിസ്റ്റർ ലൂസി മരിയ, അസീസി സന്യാസ സഭാംഗം സിസ്റ്റർ ഹിൽഡ, പരേതയായ സിസിലി എന്നിവർ സഹോദരങ്ങളാണ്.