ആലുവ: ആലുവാ യൂണിയൻ ബാങ്കിൽ നിന്നും രണ്ടരക്കോടിയുടെ സ്വർണവുമായി മുങ്ങിയ അസിസ്റ്റന്റ് ബാങ്ക് മാനേജർ സിസ്‌മോളും ഭർത്താവും പിടിയിലായതിന് പിന്നാലെ മോഷണം പോയ സ്വർണം മുഴുവനും കണ്ടെടുത്ത് പൊലീസ്. സ്വർണം വീണ്ടെടുക്കാതിരിക്കാൻ സിസ്‌മോളും ഭർത്താവും തെളിവുകൾ എല്ലാം നശിപ്പിച്ചിരുന്നെങ്കിലും അതിവിദഗ്ദമായി മോഷണ മുതൽ മുഴുവനും കണ്ടെത്തി നിർണായക നേട്ടം കൈവരിച്ചിരിക്കുകയാണ് ആലുവാ പൊലീസ്.

ആലുവ യൂണിയൻ ബാങ്ക് ശാഖയിലെ ലോക്കറിൽ നിന്നും അസിസ്റ്റന്റ് മാനേജർ അങ്കമാലി പാദുവപുരം കരുമത്തിൽ വീട്ടിൽ സിസ്സ് മോൾ ജോസഫ് (34) തട്ടിയെടുത്ത 8 കിലോയിലേറെ സ്വർണം അന്വേഷണ സംഘം വീണ്ടെടുത്തു. ഇക്കഴിഞ്ഞ നവംബർ മാസം ആദ്യമാണ് സ്വർണപണയത്തിൽ തിരിമറി കാട്ടിയതിന് പിടിക്കപ്പെട്ടതോടെ സിസ്‌മോളും ഭർത്താവും മുങ്ങിയത്. ഇതോടെ ബാങ്കിൽ സ്വർണം പണയം വെച്ച ആളുകൾ എല്ലാം വെട്ടിലാവുകയും ചെയ്തു. ഇതേ തുടർന്ന് ഇരുവർക്കും വേണ്ടി പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ബാങ്കിൽ നിന്നും തട്ടിയെടുത്ത സ്വർണം വിവിധ ധനകാര്യസ്ഥാപനങ്ങളിൽ പണയം വെച്ച സിസ്‌മോൾ അത് പൊലീസ് വീണ്ടെടുക്കാതിരിക്കാൻ തെളിവുകൾ എല്ലാം നശിപ്പിക്കുകയും ചെയ്തു. എന്നാൽ അതിവിദഗ്ദമായി മോഷണ മുതൽ മുഴുവനും പൊലീസ് കണ്ടെത്തി.

2.30 കോടി രൂപ വിലവരുന്ന 8852 ഗ്രാം സ്വർണം നഷ്ടപ്പെട്ടതായിട്ടാണ് ബാങ്ക് അധികൃതർ ആലുവ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. രണ്ടുതവണയായി 14 ദിവസത്തേക്ക് കോടതി സിസ്സ് മോളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.ഈയവസരത്തിൽ ആലുവ സി ഐ വിശാൽ ജോൺസൺ എസ് ഐ എം എസ് ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന തെളിവെടുപ്പിലാണ് എറണാകുളം ,തൃശ്ശൂർ ജില്ല കളിലെ ബാങ്കുകളിലും സ്വകാര്യപണമിടപാട് സ്ഥാപനങ്ങളിലും പണയപ്പെടുത്തിയിരുന്ന ആഭരണങ്ങൾ കണ്ടെടുത്തത്. സിസ് മോളെ നാളെ വീണ്ടും കോടതിയിൽ ഹാജരാക്കുമെന്നും ആന്വേഷണത്തിന് ആവശ്യമെങ്കിൽ വീണ്ടും കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കുമെന്നും സി ഐ മറുനാടനോട് വ്യക്തമാക്കി.

തൃശ്ശൂർ -എറണാകുളം ജില്ലകളിലെ 30 തോളം ധനകാര്യ സ്ഥാപനങ്ങളിലാണ് ആഭരണങ്ങൾ പണയപ്പെടുത്തിയിരുന്നത്.ഓരോ സ്ഥലങ്ങളിൽ നിന്നും പണയം വച്ച് വാങ്ങിയ തുകകൾ രേഖപ്പെടുത്തിയ ഡയറിയിലെ പേജുകൾ കേസ്സിൽ കുടുങ്ങിയതിനെത്തുടർന്ന് ഇവർ നശിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരമാണ് പൊലീസ് സ്വർണം വീണ്ടെടുത്തത്. ഒന്നേമുക്കാൽ കോടി രൂപയോളം ഇവർ സ്വർണം പണയപ്പെടുത്തി കൈവശപ്പെടുത്തിയിരുന്നെന്നും ഇത് ഇവരുടെ ഭർത്താവ് ഷെയർ ബിനസ്സ് നടത്തിപ്പിനായി വിനയോഗിക്കുകയായിരുന്നെന്നുമാണ് പൊലീസ് കണ്ടെത്തൽ.

ഭർത്താവ് കളമശേരി സജി നിവാസിൽ സജിത്തിനെയും(35) ഈ കേസ്സിൽ പൊലീസ് അറസ്റ്റ്ുചെയ്തിരുന്നു.ഇയാൾ റിമാന്റിലാണ്.പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ നാട്ടിൽ നിന്നും മുങ്ങിയ ദമ്പതികൾ കോഴിക്കോട് ക്രൈംബ്രാഞ്ച് പൊലീസ് മുമ്പാകെ കീഴടങ്ങുകയായിരുന്നു. 128 കവറുകളിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് ഒന്നര വർഷത്തിനിടയിൽ കവർച്ച ചെയ്യപ്പെട്ടത്. ബാങ്കിലെ അസിസ്റ്റന്റ് മാനേജറായ സിസ്സ് മോൾക്കായിരുന്നു ബാങ്കിൽ സ്വർണ പണയ വിഭാഗത്തിന്റെ ചുമതല. ഈ അവസരം മുതലെടുത്ത് സ്വർണം മുഴുവനും അടിച്ചു മാറ്റുക ആയിരുന്നു. ലോക്കറിൽ പകരമായി വച്ചത് മുക്കുപണ്ടവും കുപ്പിവളകളുമായിരുന്നു.

ഓഹരി വിപണി ഇടപാടുകാരനായ ഭർത്താവിന്റെ പ്രേരണയിലാണ് സ്വർണം കവർന്നതെന്ന് സിസ്സ് മോൾ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 16നാണ് തട്ടിപ്പ് പുറത്തറിയുന്നത്. തുടർന്ന് ദമ്പതികൾ ഗോവ, പനാജി, ഉഡുപ്പി, ബംഗളൂരു, മംഗലാപുരം, ഗോകർണം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. കൈവശമുണ്ടായിരുന്ന പണം തീർന്നതാണ് കീഴടങ്ങാൻ മുഖ്യകാരണം.