- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതി മുറിക്കുള്ളിൽവച്ച് നീതിദേവത അരുംകൊല ചെയ്യപ്പെട്ട ദിവസം! വിധി ഖേദകരം; അഭയ കേസിൽ സത്യം തെളിയാൻ 28 വർഷമെടുത്തു; കോടതി തന്നെയും കുറ്റക്കാരിയായി വിധിക്കുമെന്നും സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ
കോട്ടയം: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്‌തെന്ന് ആരോപിച്ചുള്ള കേസിൽ, ബിഷപ്പ് ഫ്രാങ്കോയെ കോടതി വെറുതെ വിട്ടിരിക്കുകയാണ്.കോടതി മുറിക്കുള്ളിൽവച്ച് നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം! എന്നാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ വിധിയെ വിശേഷിപ്പിച്ചത്. ഫേസ്‌ബുക്കിലൂടെയായിരുന്നു സിസ്റ്ററിന്റെ പ്രതികരണം. വിധി ഖേദകരമാണ്. അഭയ കേസിൽ സത്യം തെളിയാൻ 28 വർഷമെടുത്തു. കോടതി തന്നെയും കുറ്റക്കാരിയായി വിധിക്കുമെന്നും സിസ്റ്റർ അഭിപ്രായപ്പെട്ടു.
അതേസമയം, വിധി തീർത്തും അപ്രതീക്ഷിതമെന്ന് കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ ജിതേഷ് ജെ ബാബു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ശിക്ഷ ലഭിക്കുമെന്നു തന്നെയാണ് കരുതിയിരുന്നത്. ഒരു സാക്ഷി പോലും കൂറുമാറിയിരുന്നില്ല. തീർത്തും പ്രതീക്ഷിക്കാത്ത വിധിയാണിത്. വിധിപ്പകർപ്പ് ലഭിച്ചശേഷം അപ്പീൽ പോകുമെന്നും അഡ്വക്കേറ്റ് ജിതേഷ് ബാബു വ്യക്തമാക്കി. വിധി നിർഭാഗ്യകരമെന്ന് കേസന്വേഷണത്തിന് മേൽനോട്ടം വഹിച്ച കോട്ടയം മുൻ എസ്‌പി എസ് ഹരിശങ്കർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ അത്ഭുതമാണ് വിധിയെന്നും ഹരിശങ്കർ വിമർശിച്ചു
ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കുറ്റക്കാരനല്ലെന്നാണ് കോടതി വിധി പ്രഖ്യാപിച്ചത്. ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേൾക്കാൻ കോടതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ, ഫിലിപ്പ്, ചാക്കോ എന്നീ സഹോദരന്മാർക്കൊപ്പം കോടതിയിൽ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്‌പി കെ സുഭാഷ്, എസ്‌ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു. നാലായിരത്തോളം പേജുകളുള്ള കുറ്റപത്രത്തിൽ പ്രധാനമായും ഏഴ് കുറ്റങ്ങളാണ് ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പൊലീസ് ചുമത്തിയത്.
മറുനാടന് മലയാളി ബ്യൂറോ