വൈക്കം: 'എന്തതിശയമേ ദൈവത്തിൻ സ്നേഹം' എന്ന സ്തുതി അഞ്ച് രാഗങ്ങളിൽ ചിട്ടപ്പെടുത്തി അവതരിപ്പിച്ച് സിസ്റ്റർ റിൻസി അൽഫോൻസ്. അങ്ങനെ കർണ്ണാടക സംഗീതത്തിലൂടെയും ക്രൈസ്തവ സ്തുതി പാടുകയാണ് സിസറ്റർ. ക്രിസ്തുവിന്റെ കാരുണ്യത്തെ ശാസ്ത്രീയ സംഗീതത്തിലൂടെ വാഴ്‌ത്തിപാടുന്നത് പുതിയ അനുഭവമായി അവതരിപ്പിക്കുകയാണ് സിസ്റ്റർ.

ആദ്യം യേശുവിനെ പൂർവ്വികല്യാണി രാഗത്തിൽ വാഴ്‌ത്തിപ്പാടി. നാട്ട, തിലക്, സുമനേശ്വരഞ്ജിനി, ഷണ്മുഖപ്രിയ രാഗങ്ങളിലുള്ള സ്തുതികീർത്തനങ്ങളും പിന്നാലെയെത്തി. പെരുന്നാൾഗീതങ്ങൾ കേട്ട പള്ളിമുറ്റത്ത് അങ്ങനെ കർണാടകസംഗീതം ഉയർന്നു. വൈക്കം ടൗൺ നടേൽപള്ളിയിലെ പെരുന്നാളിനായിരുന്നു സിസ്റ്ററുടെ വേറിട്ട സംഗീതകച്ചേരി. ക്രിസ്തീയഭക്തിഗാനങ്ങൾ കൂടുതലായും ആലപിക്കാറുള്ളത് പാശ്ചാത്യസംഗീതശൈലിയിലാണ്. അതിനെ മാറ്റി മറിക്കുകയാണ് സിസ്റ്റർ.

ക്രൈസ്തവചടങ്ങുകളിൽ കർണാടകസംഗീതത്തിന് കൂടുതൽ സ്വീകാര്യത നൽകാനാണ് എസ്.ഡി. സമൂഹാംഗം കൂടിയായ സിസ്റ്ററുടെ ശ്രമം. പാട്ടിന്റെ പൂർണതയ്ക്ക് ശാസ്ത്രീയസംഗീതപഠനം അനിവാര്യമാണെന്നും അവർ പറയുന്നു. ചേർത്തല പാണാവള്ളി പുത്തൻപുരയ്ക്കൽ അൽഫോൻസിന്റെയും അന്നമ്മയുടെയും മകളാണ്. അമ്മ പള്ളിയിലെ ഗായകസംഘാംഗമായിരുന്നു. റിൻസി സംഗീതവഴിയിലെത്താനുള്ള കാരണവും ഇതുതന്നെ.

അബ്ദുൾ അസീസാണ് ഗുരു. പുലർച്ചെ മൂന്നിന് രണ്ടു മണിക്കൂർ സാധകമുണ്ട്. വയലിൻ, ഗിത്താർ, ഓർഗൻ എന്നിവ കൈകാര്യം ചെയ്യുന്നതിലും സിസ്റ്റർ മിടുക്ക് തെളിയിച്ചിട്ടുണ്ട്. ക്രിസ്തീയകീർത്തനങ്ങൾ രചിച്ച് സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. 'എന്തതിശയമേ ദൈവത്തിൻ സ്നേഹം' എന്ന സ്തുതി അഞ്ച് രാഗങ്ങളിൽ ചിട്ടപ്പെടുത്തി അവതരിപ്പിച്ചു.

തൃശ്ശൂർ ആർ.എൽ.വി. മ്യൂസിക് സ്‌കൂളിൽനിന്ന് സംഗീതത്തിൽ ഡിപ്ലോമയും തൃപ്പൂണിത്തുറ ആർ.എൽ.വി.കോളേജിൽനിന്ന് ബിരുദവും നേടി. വൈക്കം സെന്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ സംഗീത അദ്ധ്യാപികയാണ്.