ഫ്‌ളോറിഡ: സഹോദരങ്ങൾ തമ്മിലുള്ള അടി അവസാനം വെടിവയ്പിൽ കലാശിച്ചു. വെടിവെയ്പിനെ തുടർന്ന് പതിനാറുകാരൻ സഹോദരൻ കൊല്ലപ്പെട്ടു. സഹോദരനെ കൊലപ്പെടുത്തിയ പതിനൊന്നുകാരിയേയും പതിനഞ്ചുകാരിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ തോക്കു സൂക്ഷിച്ചതിനും കുട്ടികളോട് അവഗണന കാട്ടിയതിനും മാതാപിതാക്കളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലു കുട്ടികളെ വീട്ടിലാക്കി മാതാപിതാക്കൾ ദിവസങ്ങളോളം പുറത്തായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. സഹോദരനെ വെടിവച്ച ശേഷം വീട്ടിൽ നിന്നിറങ്ങി നടന്ന സഹോദരിമാരായ ഏരിയൽ (15), നിക്കോൾ (11) എന്നിവരെ സംശയകരമായ സാഹചര്യത്തിൽ കണ്ട പൊലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുൾ അഴിയുന്നത്. വീട്ടിൽ സഹോദരങ്ങൾ തമ്മിൽ വഴക്കുണ്ടാക്കിയെന്നും അവസാനം തങ്ങൾ സഹോദരനെ വെടിവച്ചെന്നും കുട്ടികൾ ചോദ്യം ചെയ്യലിൽ തുറന്നു പുറഞ്ഞു. ഇവരുടെ മൂന്നു വയസുള്ള മറ്റൊരു സഹോദരിയെയും വെടിയേറ്റു കിടന്ന സഹോദരനോടൊപ്പം വീട്ടിൽ ഉപേക്ഷിച്ചാണ് ഏരിയലും നിക്കോളും വീട്ടിൽ നിന്നു പുറത്തുപോയത്.

തുടർന്ന് കുട്ടികൾ പറഞ്ഞ വിലാസത്തിൽ വൈറ്റ് സ്പ്രിംഗിലുള്ള വീട്ടിലെത്തിയ പൊലീസ് കാണുന്നത് പതിനാറു വയസുള്ള ആൺകുട്ടി ലിവിങ് റൂമിൽ വെടിയേറ്റു മരിച്ചു കിടക്കുന്നതാണ്. മാതാപിതാക്കളുടെ ബെഡ്‌റൂമിൽ നിന്ന് തോക്കെടുത്ത് പെൺകുട്ടികൾ സഹോദരനെ വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പതിനഞ്ചുകാരിയാണ് തോക്കെടുത്തതെന്നാണ് വെളിപ്പെടുത്തൽ.

മാതാപിതാക്കളായ കീത്തും (37), മിസ്റ്റി കോർനെഗേയും (33) ആ സമയത്ത് കുട്ടികളെ വീട്ടിൽ തനിച്ചാക്കി പുറത്തു പോയിരിക്കുകയായിരുന്നു. സഹോദരൻ തന്നെ അടിച്ചെന്നും അതുകൊണ്ടാണ് തോക്കെടുത്ത് വെടിവച്ചതെന്നും പതിനഞ്ചുകാരിയായ ഏരിയൽ പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. ഇതേ സഹോദരങ്ങൾ തമ്മിലുള്ള പ്രശ്‌നത്തെത്തുടർന്ന് 2010ൽ പൊലീസ് ഈ വീട്ടിൽ അന്വേഷണത്തിന് എത്തിയിട്ടുണ്ടെന്ന് ഷെരീഫ് ഓഫീസ് വെളിപ്പെടുത്തി. മൂന്നു വയസുള്ള സഹോദരിയെ ചൈൽഡ് കെയർ സംരക്ഷണത്തിൽ പൊലീസ് ആക്കിയിട്ടുണ്ട്. പെൺകുട്ടികളും മാതാപിതാക്കളും കൊളംബിയ കൗണ്ടി ജയിലിലാണിപ്പോൾ.