ഗുജറാത്തി സഹോദരിമാരായ അഞ്ചു വയസ്സുകാരി യോഗിത രമേശ്ഭായ് നന്ദ്‌വാന, മൂന്നു വയസ്സുകാരി അനിഷ, ഒന്നര വയസ്സുള്ള സഹോദരൻ ഹർഷ് എന്നിവരായിക്കും ഒരു പക്ഷേ ലോകത്തെ ഏറ്റവും ഭാരമേറിയ സഹോദരങ്ങൾ. യഥാക്രമം 34, 48, 15 കിലോഗ്രാമുകളാണ് ഇവരുടെ തൂക്കം. അമിത വണ്ണം രോഗത്തിന്റെ രൂപത്തിൽ അലട്ടുന്ന ഈ കൊച്ചു മക്കളെ രക്ഷിക്കാൻ 34കാരനായ അഛനു മുമ്പിൽ ഇനി ഒരു വഴിയേ ഉള്ളൂ. ഇവരുടെ ചികിത്സയ്ക്കായി പണം കണ്ടെത്താൻ സ്വന്തം വൃക്ക് വിൽക്കാനൊരുങ്ങുകയാണ് അച്ഛൻ രമേശ്ഭായ്. അമ്പരപ്പിക്കുന്ന വേഗതയിൽ മക്കളുടെ ഈ വളർച്ച അവരുടെ ജീവന് ഭീഷണി ആയേക്കുമെന്ന ആശങ്കയും രമേശ്ഭായ് പങ്കുവയ്ക്കുന്നു.

ഇവർക്കു ദിവസവും ഭക്ഷണം നൽകുന്നതും കുടുംബത്തിന് ഭാരിച്ച ചെലവായി മാറിയിരിക്കുകയാണ്. 18 ചപ്പാത്തി, ഒന്നര കിലോ അരി, രണ്ടു പാത്രം സൂപ്പ്, അഞ്ചു പായ്ക്കറ്റ് ബിസ്‌കറ്റ്, 12 വാഴപ്പഴങ്ങൾ, ഒരു ലീറ്റർ പാൽ എന്നിവയാണ് യോഗിതയുടേയും അനിഷയുടേയും ഒരു ദിവസത്തെ ഭക്ഷണം. ഏതു നേരവും വിശന്ന് വലയുന്ന ഇവർക്കായി ഭക്ഷണമുണ്ടാക്കാൻ തന്നെ ദിവസവും സമയം കിട്ടാത്ത പരാതിയാണ് 30കാരി അമ്മ പ്രഗ്ന ബെനിനുള്ളത്. രാവിലെ 30 ചപ്പാത്തികളും ഒരു കിലോ പച്ചക്കറി കൊണ്ട് കറിയുണ്ടാക്കിയുമാണ് തന്റെ ദിവസം തുടങ്ങുന്നതെന്ന് അവർ പറയുന്നു. ഏതു സമയവും വിശന്നു കരയുന്നതിനാൽ ഇവർക്ക് ഭക്ഷണം പാകം ചെയ്ത് അടുക്കളയിൽ തന്നെ കഴിച്ചു കൂട്ടുകയാണ് താനെന്നും പ്രഗ്ന പറയുന്നു.

പല ഡോക്ടർമാരേയും കാണിച്ചെങ്കിലും അവരെല്ലാം വലിയ ആശുപത്രികളിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇതിനുള്ള പണച്ചെലവ് താങ്ങാൻ കഴിയാത്തതിനാൽ തുടർ ചികിത്സ നടത്തിയില്ല. മാസം തുച്ഛമായ 3000 രൂപയാണ് ജോലി ചെയ്ത് രമേശ്ഭായ് നേടുന്നത്. ദിവസക്കൂലിക്ക് പണിയെടുത്താൽ ഒരു ദിവസം 100 ലഭിക്കുമെന്ന് അദ്ദേഹം പറയുന്നു. ചില ദിവസങ്ങളിൽ ജോലിയുമുണ്ടാവില്ല. എന്നാൽ തന്റെ മക്കളുടെ അസാധാരണ വിശപ്പകറ്റാനുള്ള വക ഓരോ മാസവും ഈ അച്ഛൻ കണ്ടെത്തുന്നു. വരുമാനം തുച്ഛമാണെങ്കിലും പ്രതിമാസം പതിനായിര രൂപയോളമാണ് മക്കൾക്ക് ഭക്ഷണത്തിനായി മാത്രം ഇദ്ദേഹം ചെലവഴിക്കുന്നത്. സഹോദരന്മാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയാണ് ഒപ്പിക്കുന്നത്. ഏതു വിധേനയും മക്കളെ പട്ടിണിക്കിടാതെ താൻ നോക്കുമെന്നും ഈ അച്ഛൻ പറയുന്നു.

ഭാരക്കൂടുതൽ കൊണ്ട് മക്കളെ വേണ്ട വിധം എടുത്ത് താലോലിക്കാൻ കഴിയാത്തതിലും നടന്നു കാണാത്തതിലുമുള്ള വേദനയും ഈ അഛനമ്മമാർ പങ്കുവയ്ക്കുന്നു. പുറത്തിറങ്ങാനാവാതെ സദാസമയവും ഇവർ ഒരേ ഇടത്തു തന്നെ കഴിച്ചു കൂട്ടുകയാണ് ചെയ്യുന്നത്. പ്രാഡർ വില്ലി സിൻഡ്രോം എന്ന രോഗമായിരിക്കാം ഇവർക്കെന്നാണ് പ്രാദേശിക ഡോക്ടർമാർ കരുതുന്നത്. എന്നാൽ ഇതെങ്ങനെ ചികിത്സിക്കണമെന്ന് അവർക്ക് അറിയില്ല. ഈ രോഗം കടുത്ത വിശപ്പുണ്ടാക്കുകയും വളർച്ച മുരടിപ്പിക്കുകുയം ചെയ്യുമെന്നും ഡോക്ടർമാർ പറയുന്നു.