വിശാഖപട്ടണം: രാജ്യസഭാംഗത്തിന് ജനറൽ സെക്രട്ടറിയാകാൻ കഴിയുമോ? മാദ്ധ്യമപ്രവർത്തകരുടെ ചോദ്യം സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയോടാണ്. 21-ാം പാർട്ടി കോൺഗ്രസിന്റെ കാര്യങ്ങൾ വിവരിക്കാൻ വാർത്താസമ്മേളനത്തിന് എത്തിയപ്പോഴാണ് യെച്ചൂരിയോട് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യം.

പ്രകാശ് കാരാട്ട് കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിയുന്നതിനാൽ അടുത്ത ജനറൽ സെക്രട്ടറി ആരാകുമെന്ന ചർച്ചകൾ സജീവമാകുന്നതിനിടെയാണ് യെച്ചൂരിയോട് മാദ്ധ്യമപ്രവർത്തകർ ചോദ്യം എയ്തത്. ജനറൽ സെക്രട്ടറിയാകാൻ ഏറെ സാധ്യത കൽപ്പിക്കപ്പെടുന്ന നേതാവാണ് യെച്ചൂരി.

എന്നാൽ, ചോദ്യത്തിനു മുന്നിൽ പതറാതെ ചിരിച്ചുകൊണ്ടാണ് യെച്ചൂരി മറുപടി പറഞ്ഞത്. സിപിഎമ്മിന്റെ ജനറൽ സെക്രട്ടറിയാകാൻ പാർട്ടി അംഗമായാൽ മതിയെന്നായിരുന്നു യെച്ചൂരിയുടെ മറുപടി. ഒരാൾ രണ്ടു ഭാരവാഹിത്വം വഹിക്കുന്ന പതിവ് സിപിഎമ്മിലില്ല. ഈ നിലപാട് തുടരാൻ പാർട്ടി തീരുമാനിച്ചാൽ രാജ്യസഭാംഗമായ യെച്ചൂരിക്ക് പാർട്ടി ജനറൽ സെക്രട്ടറിയാകാൻ കഴിയില്ല. ഈ സാഹചര്യം മുതലെടുത്തായിരുന്നു മാദ്ധ്യമപ്രവർത്തകരുടെ ചോദ്യം.

ജനറൽ സെക്രട്ടറിയെക്കുറിച്ചുള്ള ചർച്ച കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുത്തതിനു ശേഷം നടക്കുമെന്നും യെച്ചൂരി പറഞ്ഞു. ഇക്കാര്യത്തിൽ നാടകീയത ഉണ്ടാകില്ല. പാർട്ടി ജനാധിപത്യ രീതിയിൽ തന്നെ കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുക്കുമെന്നും അവർ ചേർന്ന് ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുമെന്നും യെച്ചൂരി മറുപടി നൽകി.

നേതൃത്വത്തിന് വീഴ്ചപറ്റിയെന്നാണ് പാർട്ടിയുടെ വിലയിരുത്തലെന്നും യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ സമീപനങ്ങളിലും അവ നടപ്പാക്കിയതിലും നേതൃത്വത്തിന് വീഴ്ച പറ്റി. പ്രയോഗത്തിലെ വീഴ്ചകൾ പരിഹരിക്കാനാണ് പ്ലീനം വിളിച്ചു ചേർത്തത്. വിമർശനങ്ങൾ പാർട്ടി പ്ലീനം ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.