- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ തലമുറയാണ് നമുക്ക് സ്വാതന്ത്ര്യവും അന്തസ്സും തന്നത്; ഇവരുടെ തലമുറയാണ് ഇന്ത്യയുടെ വിപുലമായ വൈവിധ്യങ്ങളെ ഏകോപിപ്പിച്ചത്; സിപിഎം സ്ഥാപക നേതാക്കളിൽ ഇന്ന് ജീവനോടെയുള്ള വി എസ് അച്യുതാനന്ദനെയും എൻ ശങ്കരയ്യയേയും ആദരിച്ച് സീതാറാം യെച്ചൂരി
സിപിഎം സ്ഥാപകരിൽ ഇന്ന് ജീവിച്ചിരിക്കുന്ന എൻ ശങ്കരയ്യ (99), വി എസ് അച്യുതാനന്ദൻ (96) എന്നിവരെ ആദരിച്ച് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഈ വേളയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഇന്ന് നമുക്കൊപ്പമുള്ള ഏറ്റവും തലമുതിർന്ന രണ്ട് കമ്മ്യൂണിസ്റ്റ് സ്വാതന്ത്ര്യ പോരാളികളെ അഭിവാദ്യം ചെയ്യുന്നു എന്നാണ് സീതാറാം യെച്ചൂരി സോഷ്യൽ മീഡിയയിൽ കുറിച്ചത്. 1964ൽ സിപിഐ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിവന്ന 32 പേരിൽ ജീവിച്ചിരിക്കുന്നത് വി എസും ശങ്കരയ്യയും മാത്രമാണ്. സിപിഐ എമ്മിന്റെ സ്ഥാപകനേതാക്കളെന്ന നിലയിലാണ് ഇരുവരെയും പാർട്ടി കാണുന്നത്.
ഈ തലമുറയാണ് നമുക്ക് സ്വാതന്ത്ര്യവും അന്തസ്സും തന്നത്. ഇവരുടെ തലമുറയാണ് ഇന്ത്യയുടെ വിപുലമായ വൈവിധ്യങ്ങളെ ഏകോപിപ്പിച്ചത്. ആ തലമുറ നിർമ്മിച്ച ഇന്ത്യയെ സംരക്ഷിക്കുക നമ്മുടെ കടമയാണ് - യെച്ചൂരി കുറിച്ചു.
1964 ഏപ്രിലിൽ സിപിഐ നാഷണൽ കൗൺസിൽ നിന്നിറങ്ങിവന്ന് ആന്ധ്രപ്രദേശിലെ തെന്നാലിയിൽ പ്രത്യേക കൺവെൻഷൻ വിളിച്ചുകൂട്ടിയ 32 പേരിൽ ഇന്ന് ജീവിച്ചിരിക്കുന്നത് ഈ രണ്ട് പേർ മാത്രമാണ്. തമിഴ്നാട്ടിൽ നിന്നുള്ള എൻ ശങ്കരയ്യയും കേരള മുൻ മുഖ്യമന്ത്രിയായ വി എസ് അച്യുതാനന്ദനും. 1921 ജൂലായ് 15ന് ജനിച്ച എൻ ശങ്കരയ്യയ്ക്ക് 99 വയസ്സ് പൂർത്തിയായിട്ടുണ്ട്. 1923 ഒക്ടോബർ 20ന് ജനിച്ച വി എസ്സിന് ഈ വർഷം 97 വയസ്സ് തികയും.
സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗമായ എൻ ശങ്കരയ്യ, മധുരയിലെ അമേരിക്കൻ കോളേജിൽ വിദ്യാർത്ഥിയായിരിക്കെ 30കളുടെ അവസാനമാണ് വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളിലൂടെ ദേശീയ സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ ഭാഗമായത്. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തി. 1996 മുതൽ 2001 വരെ തമിഴ് നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു. 1967-71ൽ വരെ മധുര വെസ്റ്റ് മണ്ഡലത്തിൽ നിന്നും 1977-80, 1980-84 കാലത്ത് മധുര ഈസ്റ്റിൽ നിന്നുമുള്ള നിയമസഭാംഗമായിരുന്നു. അഖിലേന്ത്യാ കിസാൻ സഭ നേതാവായിരുന്നു.
നാൽപ്പതുകളിൽ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം ആരംഭിച്ച എൻ ശങ്കരയ്യ ദീർഘനാൾ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് എ കെ ജി, കാമരാജ് തുടങ്ങി മുതിർന്ന നേതാക്കൾക്കൊപ്പം പലവട്ടം ജയിൽവാസം അനുഭവിച്ചു. കയ്യൂർ സഖാക്കളെ തൂക്കിലേറ്റുന്ന ഘട്ടത്തിൽ കണ്ണൂർ ജയിലിൽ തടവുകാരനായി ശങ്കരയ്യയും ഉണ്ടായിരുന്നു. കയ്യൂർ സഖാക്കളെ കാണാൻ അനുവദിക്കാത്തതിൽ, ശങ്കരയ്യയും സഹതടവുകാരും വലിയ പ്രതിഷേധം ജയിലിൽ സംഘടിപ്പിച്ചു. ശങ്കരയ്യയുടെയും മറ്റും മുദ്രാവാക്യങ്ങൾക്ക് നടുവിലൂടെയാണ് കയ്യൂർ രക്തസാക്ഷികൾ തൂക്കുമരത്തിലേക്ക് നടന്നുകയറിയത്.
1939ൽ 16ാം വയസ്സിൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ വി എസ് അച്യുതാനന്ദൻ, 1940 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമാണ്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ 1946ലെ പുന്നപ്ര - വയലാർ പ്രക്ഷോഭത്തിൽ പങ്കാളിയായി. 1956ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലും 1958ൽ നാഷണൽ കൗൺസിലിലും അംഗമായ വി എസ് അച്യുതാനന്ദൻ, 1964ൽ സിപിഎമ്മിന്റെ ആദ്യ കേന്ദ്ര കമ്മിറ്റിയിൽ അംഗമായിരുന്നു. 1967, 70, 91, 2001, 2006, 2011, 2016 വർഷങ്ങളിൽ കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980 മുതൽ 1992 വരെ സിപിഎം സംസ്ഥാന സെക്രട്ടറിയായി പ്രവത്തിച്ചു. സിപിഎം മുൻ പൊളിറ്റ് ബ്യൂറോ അംഗമായ വി എസ് അച്യുതാനന്ദൻ, 2006 മുതൽ 2011 വരെ കേരള മുഖ്യമന്ത്രിയായിരുന്നു. 1992-96, 2001-2006, 2011-2016 കാലങ്ങളിൽ കേരളത്തിൽ പ്രതിപക്ഷ നേതാവായി.
ആലപ്പുഴയിൽ കയർത്തൊഴിലാളികൾക്കിടയിലും കർഷകത്തൊഴിലാളികൾക്കിടയിലും സംഘടനാപ്രവർത്തനം നടത്തി കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയർന്ന വ്യക്തിത്വമാണ് വി എസിന്റേത്. പുന്നപ്ര‐വയലാർ അടക്കം ഒട്ടനവധി സമരപോരാട്ടങ്ങളുടെ അനുഭവങ്ങളാണ് വി എസ് എന്ന കമ്യൂണിസ്റ്റിനെ കരുത്തനാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ