- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട് മെഡിക്കൽ കോളജിന് സ്ഥലം കണ്ടെത്തിയത് കണ്ണൂർ അതിർത്തിയായ ബോയ്‌സ് ടൗണിന് സമീപം; സ്ഥലം അനുയോജ്യമെന്ന് വിലയിരുത്തി വിദഗ്ധസമിതിയും; ജില്ലയിലെ മറ്റു മേഖലയിൽ നിന്നുമുള്ള യാത്ര പ്രശ്നമാകുമെന്ന് വികാരം; പേരാവൂരിൽ കെ കെ ശൈലജക്ക് മത്സരിക്കാൻ വേണ്ടിയുള്ള തന്ത്രമെന്ന രാഷ്ട്രീയ വിമർശനവും
കൽപറ്റ: വയനാട് മെഡിക്കൽ കോളേജിന് അനുയോജ്യമെന്ന് കണ്ടെത്തിയ സ്ഥലത്തെ ചൊല്ലി വിവാദം കൊഴുക്കുന്നു. മാനന്തവാടി തവിഞ്ഞാലിലെ ബോയ്‌സ് ടൗണിലെ 65 ഏക്കറെന്നു വിദഗ്ധ സമിതി മെഡിക്കൽ കോളേജിനായി ശുപാർശ ചെയ്തിരിക്കുന്നത്. കണ്ണൂർ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശമാണി. ഈ സ്ഥലം മെഡിക്കൽ കോളേജിനായി കണ്ടെത്തിയാൽ അത് സുൽത്താൻ ബത്തേരി, കൽപ്പറ്റ താലൂക്കിൽ ഉള്ളവർക്ക് പ്രയോജനപ്പെടില്ലെന്ന വികാരവും ശക്തമാണ്.
മാനന്തവാടിയിലെ ജില്ലാ ആശുപത്രിയോടു ചേർന്ന് എത്രയും വേഗം മെഡിക്കൽ കോളജ് ആരംഭിക്കണമെന്നാണ് സമിതി ശുപാർശ ചെയ്തിരിക്കുന്നത്. ജില്ലാ ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയശേഷം ബോയ്‌സ് ടൗണിൽ അനുബന്ധ സൗകര്യങ്ങൾ ഏർപ്പെടുത്താനുമാകും. ശ്രീചിത്തിര മെഡിക്കൽ സെന്റർ സ്ഥാപിക്കാനായി ആരോഗ്യവകുപ്പ് നേരത്തേ ഏറ്റെടുത്ത ഭൂമിയാണിത്. പുതുതായി സ്ഥലം ഏറ്റെടുക്കുന്നതു കാലതാമസവും സാമ്പത്തിക നഷ്ടവുമുണ്ടാക്കും.
കാര്യമായ പരിസ്ഥിതിപ്രശ്‌നങ്ങളില്ലെന്നതും ബോയ്‌സ് ടൗൺ ഭൂമിക്ക് അനുകൂലഘടകങ്ങളായി. അമ്പുകുത്തിയിൽ വനംവകുപ്പിന്റെ കയ്യിലുള്ള ഭൂമിയും മെഡിക്കൽ കോളജ് വികസനത്തിന് ഉപയോഗപ്പെടുത്താനാകും. ജില്ലാ ആശുപത്രിയിൽ സ്‌പെഷ്യൽറ്റി സൗകര്യങ്ങളുമുണ്ടെന്നതിനാൽ മെഡിക്കൽ കോളജ് ആയി ഉയർത്തുന്നതിൽ മറ്റു തടസ്സങ്ങളുണ്ടാകാനിടയില്ല. ബോയ്‌സ് ടൗണിനു പുറമേ മടക്കിമല, ചേലോട് എന്നിവിടങ്ങളിലും വിദഗ്ധസമിതി പരിശോധന നടത്തിയിരുന്നു. മടക്കിമലയിലെ പരിസ്ഥിതി പ്രശ്‌നങ്ങൾ സമിതി കണക്കിലെടുത്തു. ഭൂമി ഏറ്റെടുക്കുന്നതിനു നിയമക്കുരുക്കുകളുണ്ടെന്നതും ചേലോട് എസ്റ്റേറ്റിന് പ്രതികൂലഘടകമായി.
മെഡിക്കൽ കോളജിനായി മേപ്പാടി ഡിഎം വിംസ് ആശുപത്രി ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്നു സർക്കാർ പിൻവാങ്ങിയതിനെ തുടർന്നാണു പുതിയ സ്ഥലം കണ്ടെത്താൻ കലക്ടർ ഡോ. അദീല അബ്ദുല്ലയുടെ നേതൃത്വത്തിൽ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ജില്ലാ ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തുന്നതിൽ സർക്കാർ നിലപാട് ഒരുമാസത്തിനകം അറിയിക്കണമെന്നു ഡിസംബറിൽ ഹൈക്കോടതി ഉത്തരവുമുണ്ടായിരുന്നു.
മെഡിക്കൽ കോളജായി ഉയർത്താൻ ശുപാർശ ചെയ്ത ജില്ലാ ആശുപത്രിക്ക് അനുകൂലമായി ഒട്ടേറെ കാര്യങ്ങൾ. സ്വന്തമായി 8.74 ഏക്കർ ഭൂമിയും 500 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും മാനന്തവാടി ജില്ലാ ആശുപത്രിക്കുണ്ട്. നല്ലൂർനാട് ഗവ. കാൻസർ സെന്റർ, സിഎച്ച്‌സി എന്നിവയും സമീപത്തു സ്ഥിതി ചെയ്യുന്നു എന്നതും അനുകൂലമായ ഘടകമാണ്.
അതേസമയം ബോയ്‌സ് ടൗണിൽ മെഡിക്കൽ കോളേജ് പണിയാൻ തീരുമാനിച്ചതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന വിമർശനവും ഉയരുന്നുണ്ട്. പേരാവൂർ മണ്ഡലത്തിൽ കെ കെ ശൈലജ മത്സരിക്കാൻ എത്തുമെന്ന സൂചനയുണ്ട്. അതുകൊണ്ടാണ് ഇവിടെ മെഡിക്കൽ കോളേജ് പണിയാൻ ശ്രമിക്കുന്നതെന്നുമാണ് ഉയരുന്ന വിമർശനം. കണ്ണൂർ ജില്ലയിലെ പേരാവൂർ നിയോജകമണ്ഡലത്തിന്റെ അതിർത്തിയിലേക്ക് വെറും നാലു കിലോമീറ്റർ ദൂരമേയുള്ളൂ. 15 മിനിറ്റ് കൊണ്ട് കൊട്ടിയൂരിൽ എത്താം. പേരാവൂർ മണ്ഡലത്തിലെ മിക്കവാറും എല്ലാ ഭാഗത്തുനിന്നും അര മണിക്കൂർ കൊണ്ട് ബോയ്‌സ് ടൗൺ മെഡിക്കൽ കോളജിലെത്താം. എന്നാൽ, വയനാട്ടിലെ മറ്റു പ്രദേശങ്ങളിൽ ഉള്ളവർക്ക് ഇവിടേക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടാണെന്ന വിമർശനവും ശക്തമായി ഉയരുന്നുണ്ട്.
കഴിഞ്ഞ അഞ്ചു കൊല്ലം മാറി മാറി സ്ഥലങ്ങൾ പരിശോധിച്ച് സമയം കളഞ്ഞത് എന്നും ഇപ്പോൾ കണ്ണൂർ ജില്ലയുടെ അതിർത്തിയിലേക്ക് തന്നെ വയനാട് മെഡിക്കൽ കോളജ് കൊണ്ടുപോകുന്നത് രാഷ്ടീയ ലക്ഷ്യത്തോടെയാണ് എന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനം. കണ്ണൂരിലേക്ക് വയനാടിന്റെ ചെലവിൽ വികസനം എത്തിക്കുന്നു എന്നുമുള്ള വിമർശനങ്ങളും ഉയർന്നു കഴിഞ്ഞു.
നേരത്തെ നഞ്ചൻകോട് -വയനാട്- നിലമ്പൂർ റെയിൽപാത എല്ലാ കേന്ദ്ര അനുമതികളും ലഭിച്ച് ഡി.എം.ആർ.സി യെ ഏൽപ്പിച്ച് ഇ.ശ്രീധരന്റെ നേതൃത്വത്തിൽ പ്രാരംഭ പ്രവർത്തികൾ തുടങ്ങിയ ശേഷമാണല്ലോ തലശ്ശേരി- മൈസൂർ റെയിൽപാതക്ക് വേണ്ടി അട്ടിമറിച്ചിരുന്നു.ദേശീയ പാത 766 ലെ രാത്രിയാത്രാ നിരോധനത്തിനെതിരെ ശക്തമായ സമരങ്ങൾ നടക്കുമ്പോഴാണ് കർണാടക ഹൈക്കോടതിയിലും സുപ്രീംകോടതി വിദക്തസമിതിയിലും കുട്ട- ഗോണിക്കുപ്പ ബദൽപാത മതിയെന്ന നിലപാട് സർക്കാർ സ്വീകരിച്ചതെന്നും വിമർശകർ ഇതിനൊപ്പം ചൂമ്ടിക്കാട്ടുന്നു.
കഴിഞ്ഞ ബജറ്റിൽ വയനാട് മെഡിക്കൽ കോളജിനായി കിഫ്ബി വകയിരുത്തിയത് 630 കോടി രൂപ. പക്ഷെ ഒന്നും നടന്നില്ല. സ്വകാര്യ മെഡിക്കൽ കോളേജ് ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിക്കുകയും ചെയ്തു. ഇക്കുറി മുന്നൂറ് കോടി രൂപയാണ് വകയിരുത്തിയത്. പക്ഷെ എവിടെ സ്ഥാപിക്കും എന്നതിനെക്കുറിച്ച് തീരുമാനമായില്ല. ചുണ്ടേൽ ചേലോട് എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നീക്കവും കഴിഞ്ഞ വർഷം നടത്തിയിരുന്നു. എന്നാൽ ഏതു പരിഗണിക്കണം എന്നതിനെക്കുറിച്ച് തീരുമാനം വന്നിട്ടില്ല. അടുത്ത വർഷം മെഡിക്കൽ കോളേജ് യാഥാർഥ്യമാകുമെന്ന് സിപിഎം ഉറപ്പിച്ചു പറയുന്നു.
എന്നാൽ വാഗ്ദാനലംഘനങ്ങൾ പ്രചാരണവിഷയമാക്കുകയാണ് കോൺഗ്രസ്. അഞ്ചു വർഷമായി സർക്കാർ വയനാടിനെ വഞ്ചിക്കുന്നു എന്നാണ് ആരോപണം യുഡിഎഫ് കാലത്ത് സൗജന്യമായി ലഭിച്ച മടക്കിമല ഭൂമിയിൽ മെഡിക്കൽ കോളജ് സ്ഥാപിക്കണമെന്നവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പരിസ്ഥിതിപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മടക്കിമലയിൽ ലഭിച്ച ഭൂമി ഈ സർക്കാർ ഉപേക്ഷിച്ചത്.
മറുനാടന് മലയാളി ബ്യൂറോ