കൊച്ചി: പോയ വർഷം ഒരുപിടി നല്ല ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഗായികയാണ് സിത്താര കൃഷ്ണകുമാർ. അതിൽ സിത്താരയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനമാവട്ടെ വിമാനത്തിലെ 'വാനമകലുന്നുവോ... കൂരിരുളു മൂടിയോ...' എന്ന വിമാന്തതിലെ ഗാനമായിരുന്നു. അതുകൊണ്ട് തന്നെ മൊബൈലിലെ റിങ് ടോണാക്കിയും സെറ്റ് ചെയ്തു. ഒടുവിൽ ആ ഗാനത്തലൂടെസംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം തേടിയെത്തുമ്പോൾ നിറഞ്ഞ സന്തോഷത്തിലാണ് സിത്താര കൃഷ്ണകുമാർ.

പാടുമ്പോൾത്തന്നെ ഒരുപാട് പ്രിയപ്പെട്ടതായി തോന്നിയ പാട്ടാണ് 'വിമാന'ത്തിലെ 'വാനമകലുന്നുവോ' എന്ന പാട്ട്. ഇതു പാടാനായതിൽ ഏറെ സന്തോഷിക്കുന്നു. ഈ പുരസ്‌കാരം വളരെ വിലമതിക്കുന്നതാണെന്നാണ് സിത്താരയ്ക്ക് അവാർഡിനെ കുറിച്ച് പറയാനുള്ളത്. ഇത് രണ്ടാം തവണയാണ് സിത്താരയെ തേടി കേരള സംസ്ഥാനത്തിന്റെ മികച്ച ഗായികയ്ക്കുള്ള അവാർഡ് എത്തുന്നത്.

'വിമാനം' എന്ന ചിത്രത്തിനായി റഫീഖ് അഹമ്മദ് രചിച്ച് ഗോപി സുന്ദർ ഈണംപകർന്ന ഗാനം തനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്തതാണെന്ന് സിത്താര പറയുന്നു. ഉദാഹരണം സുജാത, തൊണ്ടിമുതലും ദൃക്സാക്ഷിയും, കിണർ, ഈട തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ ഒരുപിടി മികച്ച ഗാനങ്ങൾ കഴിഞ്ഞവർഷം ആലപിക്കാനായതിന്റെ സന്തോഷവും അവർ പങ്കുവെച്ചു.