സീതാറാം യെച്ചൂരി സിപിഎമ്മിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടുകൂടി ആ പാർട്ടിയുടെ രാഷ്ട്രീയ ആയുസ് നീട്ടിയിരിക്കുന്നു എന്നാണ് പല രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്. അതായത് ഇടതുപക്ഷ ചിന്താഗതിക്കാരായ ആളുകളുടെ ഭാഗ്യം കൊണ്ടു മാത്രമാണ് യച്ചൂരി സെക്രട്ടറിയായി നിയമിതനായതത്രേ.

ഒന്നാമത്തെ യച്ചൂരി ഇഫക്ട് ഇതാണെങ്കിൽ, രാഷ്ട്രീയ വധശിക്ഷയ്ക്ക് - ക്യാപിറ്റൽ പണീഷ്‌മെന്റ് - വിധിക്കപ്പെട്ട് ദിനങ്ങളെണ്ണിക്കഴിഞ്ഞിരുന്ന വി എസ് ഊരിപ്പോന്നതാണ് രണ്ടാമത്തെ ഇഫക്ട്.

കുറ്റിയറ്റുപോയി എന്നു കരുതപ്പെട്ടിരുന്ന ഒരു ജീവിവർഗ്ഗം തിരിച്ചു വരുന്നതുപോലെ അഥവാ നാവില്ലാത്തവർ ഒരു സുപ്രഭാതത്തിൽ സംസാരിച്ചുതുടങ്ങുന്നതുപോലെയുള്ള ഒരത്ഭുത സംഭവം പാർട്ടിയുടെ സംസ്ഥാന സമിതി തെരഞ്ഞെടുപ്പുയോഗത്തിൽ അരങ്ങേറിയിരിക്കുന്നു. ഔദ്യോഗിക വിഭാഗം കൊണ്ടുവന്ന പാനലിനോട് ഇരുപത് അംഗങ്ങൾ പരസ്യമായി എതിർപ്പു പ്രകടിപ്പിക്കുകയും അവരിൽ എട്ടുപേർ എതിർത്ത് വോട്ട് ചെയ്യുകയും ചെയ്തു. മുൻ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇതെല്ലാം എന്നോർക്കണം.

യച്ചൂരിയുടെ സാന്നിദ്ധ്യത്തിൽ മുൻ സെക്രട്ടറിക്കുണ്ടായ സ്വഭാവമാറ്റത്തെക്കുറിച്ച് പറയാൻ പറ്റിയ ഉപമകൾ കിട്ടുന്നില്ല. അദ്ദേഹം മുൻപത്തെപ്പോലെ ഇപ്പോഴും സിംഹം തന്നെ. എന്നാൽ ഒരു സിംഹം വെജിറ്റേറിയനായാൽ എങ്ങനെയിരിക്കും, അതുപോലെയുണ്ട്. അല്ലെങ്കിൽ, സിംഹത്തിന്റെ ജഡയും ശരീരഭാഷയുമെല്ലാമുണ്ട്, പക്ഷേ പല്ലില്ലാതായതുപോലെ.

സിപിഎമ്മിൽ, പ്രത്യേകിച്ച് കേരളാഘടകത്തിൽ, യച്ചൂരിയുടെ സ്ഥാനാരോഹണത്തോടെ ഒരു കാളരാത്രി എന്നു പറഞ്ഞാൽ പോരാ, ഒരു കാളകാലഘട്ടം, നീണ്ടുനിന്ന ഒരടിയന്തരാവസ്ഥ അവസാനിച്ചിരിക്കുന്നു എന്നു തോന്നുന്നു. ഇനി യു ജി ആയിരുന്നവർ പലരും പൊങ്ങും. മൂകരായിരുന്നവർ മിണ്ടിത്തുടങ്ങും.

ഇതൊക്കെയാണെങ്കിലും സിപിഐ(എം) പാർട്ടിക്കുനീട്ടിക്കിട്ടിയ ആയുസ് നീണ്ടുനില്ക്കണമെങ്കിൽ യച്ചൂരിക്ക് സാഹസികവും വിപ്ലവകരവുമായ പലതും ചെയ്യേണ്ടിവരും. തന്റെ മുൻഗാമികൾ ബഹുദൂരം നടന്നു വന്ന തെറ്റായ വഴികളെല്ലാം പുറകോട്ട് നടന്ന് ശരിയായ ട്രാക്കിലെത്തി മുൻപോട്ട് പോകേണ്ടിവരും. എന്നുവച്ചാൽ മറ്റൊരു ഗ്ലാസ്‌നോസ്റ്റായിരിക്കും സിപിഎമ്മിൽ സംഭവിക്കാൻ പോകുന്നത്. അല്ലെങ്കിൽ സംഭവിക്കേണ്ടത്..........