സോഷ്യൽ മീഡിയയുടെ ഒരു കാര്യം. തെങ്ങിൽ നിന്ന് ഓല വീഴുന്ന ഒരു ഫോട്ടോ പോലും എടുക്കാൻ പറ്റില്ല എന്ന അവസ്ഥയാണ്.

ഉടൻ വരും അതിലും സംശയവുമായി ചിലർ. ഇപ്പോൾ അത്തരമൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഞാനെടുത്ത ഫോട്ടോകൾ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ചിത്രമാണു ചർച്ചാവിഷയം ആയിരിക്കുന്നത്.

ശിവദാസ് വാസു എന്ന ആലപ്പുഴക്കാരനാണ് കഴിഞ്ഞ ദിവസം രാവിലെ ഗ്രൂപ്പിൽ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഒരു തെങ്ങിൽ നിന്നും വീഴുന്ന ഓലയായിരുന്നു ചിത്രത്തിലുണ്ടായത്. അപൂർവ്വമായ ചിത്രം എന്ന നിലയിൽ നിരവധി പേർ ചിത്രത്തെ പുകഴ്‌ത്തി. ഒപ്പം പോസ്റ്റ് ചെയ്ത ഗ്രൂപ്പിന് പുറത്തേക്കും ചിത്രം പ്രചരിക്കാൻ തുടങ്ങി. വാട്ട്‌സ്ആപ്പിലും ചിത്രം ചർച്ചയായി.

എന്നാൽ, ചിത്രം വ്യാജമാണെന്നും ഫോട്ടോഷോപ്പിലൂടെ എഡിറ്റ് ചെയ്താണ് ഓല വീഴുന്നതു ചിത്രീകരിച്ചിരിക്കുന്നതെന്നും ആരോപിച്ചുള്ള വിമർശനങ്ങളും വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. ട്രോൾ ഗ്രൂപ്പുകളിലും ചർച്ചയായി. വ്യാജമാണെന്ന് പറഞ്ഞുള്ള പോസ്റ്റുകളും പ്രചരിച്ചു.

അതേസമയം ഇക്കാര്യത്തിൽ ശിവദാസ് മറ്റൊരു പോസ്റ്റിൽ വിശദീകരണവും നൽകി. അടുത്ത പറമ്പിൽ തേങ്ങയിടുവാൻ ഒരാൾ വന്നപ്പോൾ എടുത്ത ചിത്രമാണ് ഇതെന്ന് അദ്ദേഹം വിശദീകരിച്ചു. തെങ്ങോല താഴെ പതിക്കും മുൻപ് ആകാശനീലിമയുടെ ബാക്ക് ഗ്രൗണ്ടിൽ ഒരു ചിത്രമെടുത്താലോ എന്ന് തോന്നി. അങ്ങനെ തെങ്ങിൻ മുകളിൽ ഇരുന്ന ചേട്ടനോട് ആവശ്യപ്പെട്ട് ഉണങ്ങിയ ഓല താഴെക്ക് ഇടുവാൻ ആവശ്യപ്പെട്ടു!. ഓല വീഴുന്നതിനു മുൻപ് തെങ്ങിൻ മരത്തോടു ചേർന്ന് നിന്ന് ക്യാമറയിൽ ഷോട്ട് എടുത്തു. കൗതുകരമായ ചിത്രം പിന്നീട് വാട്ടർമാർക്കിടാതെ പോസ്റ്റ് ചെയ്തപ്പോഴാണ് സംഭവം ഹിറ്റായത്. പലരും ചിത്രം വ്യാജമാണ് എന്ന് പറയുന്നത് വേദനിപ്പിച്ചതായി ശിവദാസ് പറഞ്ഞു.

ഇതു മാത്രമല്ല, മറ്റു പലരും ഈ ചിത്രം തന്റേതാണെന്ന അവകാശവുമായി രംഗത്തെത്തിയിട്ടുമുണ്ട്. ചിത്രത്തിൽ വാട്ടർമാർക്കു പതിക്കാത്തതിനാൽ മറ്റു പലരും തങ്ങളുടേതായി ഈ ചിത്രം ഉപയോഗിക്കുകയും ചെയ്തു.

ഇന്നു കാലത്ത് ഞാൻ പിടിച്ച പോട്ടം :)

Posted by Sivadas Vasu on Sunday, 11 October 2015

'ഞാനൊരു പ്രഫഷണൽ ഫോട്ടോഗ്രാഫറൊന്നുമല്ല. എന്റെ വീട്ടിൽ വന്നാൽ കാമറയിൽ ഞാൻ കാണിച്ചു തരാം. ഫോട്ടോ. ആ തെങ്ങും കാണിച്ചു തരാം. അടിച്ചുമാറ്റിയതല്ല. ഫോട്ടോഷോപ്പിൽ എഡിറ്റു ചെയ്തതുമല്ല. ഇത്രയേറെ വൈറൽ ആകുമെന്നു പ്രതീക്ഷിച്ചതല്ല ഞാൻ. എന്റെ കാലക്കേടിനു ഞാനതിൽ വാട്ടർമാർക്കിടാനും വിട്ടുപോയി.' എന്ന് ശിവദാസ് പറയുന്നു. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ ശിവദാസിനെതിരെ വിമർശനം ഉന്നയിക്കുകയാണ് ഒരു കൂട്ടർ. എന്തായാലും വിമർശകർക്ക് ഇക്കാര്യത്തിൽ തെളിവുകളൊന്നും ഉന്നയിക്കാൻ ആകുന്നില്ല എന്നതിനാൽ തന്നെ ശിവദാസിന്റെ കഴിവിനെ അംഗീകരിക്കുകയാണ് സോഷ്യൽ മീഡിയ.