തിരുവനന്തപുരം: നിയമസഭയിൽ നടന്ന സംഘർഷത്തിന്റെ വിഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ നിരപരാധിത്വം തെളിയിക്കാൻ ശിവദാസൻനായർ എംഎൽഎ. നിയമസഭായ ക്യാമറ പകർത്തിയ ദൃശ്യങ്ങളുമായി കെപിസിസി ഓഫീസിലാണ് പത്രസമ്മേളനം നടത്തിയത്. നിയമസഭയിൽ പ്രതിപക്ഷമാണ് സംഘർഷം നടത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ. എന്നാൽ സ്റ്റിൽ ഫോട്ടോഗ്രാഫുമായി തനിക്കെതിരെ ശിവദാസൻ നായർ നടത്തിയെന്ന ആരോപണം ഉന്നയിച്ച ജമീലാ പ്രകാശത്തിന് വ്യക്തമായ മറുപടി നൽകാൻ പോന്നതായിരുന്നില്ല ശിവദാസൻ നായരുടെ വാർത്താ സമ്മേളനം. ശിവദാസൻ നായരെ ജമീലാ പ്രകാശം കടിക്കുന്ന ദൃശ്യങ്ങളും ഡയസ്സിൽ നടന്ന അക്രമങ്ങളുമാണ് കോൺഗ്രസിന്റെ പ്രതിരോധം. സഭയിൽ പ്രതിപക്ഷം നടത്തിയ ആക്രമണങ്ങളാണ് എല്ലാത്തിനും കാരണമെന്നും ശിവദാസൻ നായർ വ്യക്തമാക്കി.

വളരെ ദൂരത്ത് നിന്ന് ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് ശിവദാസൻ നായർ വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചത്. വാച്ച് ആൻഡ് വാർഡർമാരേയും പ്രതിപക്ഷം ആക്രമിച്ചു. മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള അവകാശം ഭരണപക്ഷ എംഎൽഎമാർക്കുണ്ട്. ഞങ്ങൾ ആരേയും അങ്ങോട്ട് പോയി ആക്രമിച്ചിട്ടില്ല. എന്നാൽ പരമാവധി ആത്മസംയമനത്തോടെയാണ് സഭയിൽ നിന്നത്. മുഴുവൻ കടിയും കൊണ്ടിട്ടും ആത്മസംയമനം കൈവിട്ടില്ല. തിരിച്ച് ഒന്നും പറഞ്ഞതു പോലുമില്ല. ആത്മസംയമനം പാലിച്ചതിന് ജീവിതം മുഴുവൻ ദുഃഖം അനുഭവിച്ച കർണ്ണൻ നമുക്ക് മുന്നിലുണ്ട്. അതു തന്നെയാണ് ഇവിടേയും സംഭവിച്ചത്‌കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസ്സനുമൊന്നിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ ശിവദാസൻ നായർ വിശദീകരിച്ചു

എല്ലാവർക്കും അവനവന്റെ സഹോദരനേയും പിതാവിനേയും സുഹൃത്തുക്കളേയും തിരിച്ചറിയാനുള്ള വിവേകമുണ്ടാകണമെന്നാണ് തന്റെ പക്ഷമെന്നും ശിവദാസൻ നായർ പറഞ്ഞു. മുഴുവൻ കടിയും കൊണ്ട ശേഷവും താൻ കമാ എന്നൊരക്ഷരം മിണ്ടിയില്ല, തന്റെ ഭാഗത്തുനിന്നും ഒരു ആക്ഷനും ഉണ്ടായില്ല. ഇതിൽ കൂടുതൽ സംയമനം പാലിക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നിൽ നിന്നും തള്ളിയതിനാലാണ് ജമീലാ പ്രകാശത്തിനു നേരെ താൻ വീണത്. പഠിക്കുന്ന കാലം മുഴുവൻ അറിയാവുന്ന ജമീലാ പ്രകാശത്തെ സഹോദരിയെന്നും സുഹൃത്തെന്നുമുള്ള നിലയിൽ മാത്രമേ താൻ കണ്ടിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മടിയിലേക്ക് ജമീലാ പ്രകാശം കറുത്ത തുണി വലിച്ചെറിയുന്ന ദൃശ്യവും ബിജിമോൾ ഡോമിനിക് പ്രസന്റേഷനെ ഇടിച്ച് പുറകോട്ട് തള്ളുന്ന ദൃശ്യവും ശിവദാസൻ നായർ പ്രദർശിപ്പിച്ചു. ഇതിനെതിരെ പരാതിപ്പെട്ടില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. നിയമസഭയിലെ ആക്രമണത്തിനു പിന്നാലെ ഭാര്യമാത്രമുള്ളപ്പോൾ വീടാക്രമിച്ചു. ഭാര്യക്ക് പരിക്കേറ്റു. റാന്നിയിൽ 95 വയസ്സുള്ള ഭാര്യാമാതാവുമാത്രമുള്ള വീട്ടിൽ പ്രതിപക്ഷ പാർട്ടി അംഗങ്ങൾ ബഹളം വച്ച് സീനുണ്ടാക്കി ശിവദാസൻ നായർ പറഞ്ഞു.

ജമീല പ്രകാശം മുഖ്യമന്ത്രിയുടെ മടിയിലേക്ക് കറുത്ത തുണി എറിഞ്ഞതോടെയാണ് പ്രകോപനമുണ്ടായത്. ഡൊമിനിക് പ്രസന്റേഷൻ അവരെ ആക്രമിച്ചിട്ടില്ല. അവരാണ് ഡൊമിനിക്കിനെ ഇടിച്ചത്. ജമീല പ്രകാശം ധനമന്ത്രിക്കു നേരെ പത്രങ്ങൾ എറിഞ്ഞു. അവർ ഒന്നും ചെയ്തില്ല എന്നു പറയുന്നത് കള്ളമാണ്. അവർ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു. ജമീലയ്ക്ക് സുഹൃത്തിനെയും സഹോദരനെയും പിതാവിനെയും തിരിച്ചറിയാനുള്ള വിവേകമുണ്ടാകണം. ജീവിതകാലം മുഴുവൻ ദുഃഖമനുഭവിച്ച കർണ്ണനെ പോലെയാണ് അപമാനിതനായ താനെന്നും ശിവദാസൻ നായർ പറഞ്ഞു. തിരക്കിനിടയിൽപെട്ടാണ് താൻ ജമീലയുടെ അടുക്കലെത്തിയതെന്നും അതിനിടെയാണ് കടി നടന്നതും. മുഖ്യമന്ത്രിയുടെ മുഖത്തുപോലും നോക്കിയില്ലെന്ന ജമീലയുടെ വാദം തെറ്റാണെന്നും ശിവദാസൻ നായർ പറഞ്ഞു.

തനിക്കുണ്ടായ ദുരനുഭവം സ്പീക്കറെ അറിയിച്ചിരുന്നു. ദൃശ്യമാദ്ധ്യമങ്ങളിലൂടെ എല്ലാവരും കണ്ടത് പ്രത്യേകിച്ച് വിശദീകരിക്കേണ്ട കാര്യമില്ല. എന്നാൽ പ്രതിപക്ഷ നേതാവ് തന്നെ ക്രൂരമായി ആക്ഷേപിക്കുന്ന വിധത്തിൽ പരസ്യ പ്രസ്താവനകൾ നടത്തി. ചില നിശ്ചല ദൃശ്യങ്ങൾ നിരത്തി ജമീല പ്രകാശത്തെ താൻ ദുരുദ്ദേശത്തോടെ ആക്രമിച്ചുവെന്ന് ആരോപിച്ചു. ഏതൊരു പുരുഷനും തകർന്നുപോകുന്ന ആരോപണമാണ് തനിക്കെതിരെ നടക്കുന്നത്. ജമീലയെ വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ അറിയാം. തന്റെ സഹപ്രവർത്തകയായിരുന്നു. നിയമസഭയിൽ നാലു വർഷമായി ഒരുമിച്ച് പ്രവർത്തിക്കുന്നു. ഒരു സഹോദരി, സുഹൃത്ത് എന്ന നിലയിൽ മാത്രമേ അവരെ കണ്ടിട്ടുള്ളു.

ആളുകളുടെ വിശ്വാസവും ധാരണയും തെറ്റിക്കുന്ന യാതൊന്നും താൻ ചെയ്തിട്ടില്ല. ഇനിയും അങ്ങനെ തന്നെയായിരിക്കും. സ്പീക്കറുടെ ഡയസ് തകർത്തതിന് അഞ്ചു പേർക്കെതിരെ നടപടി സ്വീകരിച്ചു. അത് ബാലൻസ് ചെയ്യാൻ അഞ്ചു ഭരണകക്ഷിയംഗങ്ങൾക്കെതിരെയും അവർ നടപടി ആവശ്യപ്പെടുന്നത്. അതേസമയം, മുഖ്യമന്ത്രിയുടെ മടിയിലേക്ക് ജമീല കറുത്ത തുണി എറിഞ്ഞുവെന്ന് ആദ്യം പറഞ്ഞ ശിവദാസൻ നായർ പിന്നീട് മാദ്ധ്യമങ്ങളുടെ ചോദ്യത്തിനു മുന്നിൽ പതറി. ദൃശ്യത്തിൽ ജമീല കറുത്ത ബാനർ മുഖ്യമന്ത്രിക്കു മുന്നിലെ മേശയിൽ വയ്ക്കുന്നതായാണ് കണ്ടത്. ഇതു മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ പ്രതിപക്ഷം എന്തിനാണ് ട്രഷറി ബെഞ്ചിൽ ഇത്തരം സാധനങ്ങൾ വയ്ക്കുന്നതെന്നായിരുന്നു ശിവദാസൻ നായരുടെ മറുവാദം.

ധനമന്ത്രിയെ നേരിടാൻ ആരോഗ്യമുള്ള ചുറുചുറുക്കുള്ള യുവാക്കൾ ഉണ്ടായിരിക്കേയാണ് പ്രതിപക്ഷം വനിതകളെ ഇറക്കിയത്. വനിതകളെ സംരക്ഷിക്കുന്നതിനു പകരം അവരെ മുന്നിലിറക്കി. രാഷ്ട്രീയ വിഷയമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കമെന്നും ശിവദാസൻ നായർ പറഞ്ഞു.

പിടിവിട്ടില്ലെങ്കിൽ കടിക്കുമെന്ന് ജമീല പറഞ്ഞപ്പോൾ കടിച്ചോളാനായിരുന്നു ശിവദാസൻ നായർ പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ അതിന് മറുപടി നൽകാൻ പറ്റിയ വേദിയല്ല ഇതെന്നായിരുന്നു കെപിസിസി വൈസ് പ്രസിഡന്റ് എം.എം ഹസ്സന്റെ മറുപടി. മറുപടി പറഞ്ഞാൽ മോശമാകുമെന്നും ഹസ്സൻ പറഞ്ഞു.