തിരുവനന്തപുരം: ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡിലേക്കുള്ള പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു. സ്വാമി ഋതംബരാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി പരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീർത്ഥ, സ്വാമി ശാരദാനന്ദ, സ്വാമി ധർമ്മചൈതന്യ, സ്വാമി വിശുദ്ധാനന്ദ, സ്വാമി ശുഭാംഗാനന്ദ തുടങ്ങിയവരെയാണ് തെരഞ്ഞെടുത്തത്.

രാവിലെ 10 മുതൽ 2 വരെ ശിവഗിരി ബ്രഹ്‌മവിദ്യാലയത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 43 പേർക്കായിരുന്നു വോട്ടവകാശം. ഏറ്റവും കൂടുതൽ വോട്ട് നേടിയ ക്രമത്തിൽ 11 പേരെയാണ് തെരഞ്ഞെടുത്തത്. ആകെ 22 പേർ നാമനിർദേശ പത്രിക സമർപ്പിച്ചതിൽ ഒരാൾ പിൻവലിച്ചിരുന്നു. ശേഷം 21 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്.



അഞ്ചുവർഷമാണ് ട്രസ്റ്റ് ബോർഡിന്റെ കാലാവധി. റിട്ടയേർഡ് ജില്ലാ ജഡ്ജി കെ.വിശ്വനാഥൻനായരായിരുന്നു റിട്ടേണിങ് ഓഫീസർ. 26 വോട്ടുകൾ നേടി ഋതംബരാനന്ദ സ്വാമി ഒന്നാമതെത്തി. 25 വോട്ടുകളാണ് ഗുരുപ്രസാദ് സ്വാമി നേടിയത്. സൂക്ഷ്മാനന്ദസ്വാമിയും ശുഭാംഗാനന്ദ സ്വാമിയും 24 വോട്ടുകൾ നേടി. 23 വോട്ടുകളോടെ പരാനന്ദ സ്വാമി, സാന്ദ്രുപാനന്ദ സ്വാമി, വിശാലാനന്ദ സ്വാമി എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ, 22 വോട്ട് നേടി ബോധിതീർത്ഥ സ്വാമിയും 21 വോട്ടുമായി ശാരദാനന്ദസ്വാമി, സച്ചിദാനന്ദ സ്വാമി, വിശുദ്ധാനന്ദ സ്വാമി എന്നിവരും ട്രസ്റ്റ് ബോർഡിൽ അംഗങ്ങളായി.