മുംബൈ: എ ആർ റഹ്മാനെ പ്രതിഭ സംഗീത ലോകത്തിന് പരിചയപ്പെടുത്തിയ നിരവധിപേരുണ്ട്. അവരിലൊരാളാണ് ഡ്രമ്മിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ശിവമണി. ഈ താളവിദഗ്ധൻ വിവാഹിതനാകുന്നുവെന്നതാണ് സിനിമാമേഖലയിൽ പ്രചരിക്കുന്ന പുതിയ വാർത്ത. റഹ്മാന്റെ സംഗീത കുടുംബത്തിൽ തന്നെ അംഗമായ ഗായികയാണ് ശിവമണിയുടെ സഖിയാകുന്നത്.

അമ്പതുകാരനായ ശിവമണിയുടെ ജീവിതപങ്കാളിയാകുന്നത് 20 വയസ് ഇളപ്പമുള്ള ഗായിക റൂണ റിസ്‌വിയാണ്. ഗസൽ പാട്ടുകാരൻ രാജ്കുമാറിന്റെയും ഇന്ദ്രാണി റിസ്‌വിയുടേയും മകളാണ് റുണ. വൻ ഹിറ്റുകളായ ജാനേ തു യാനെ നാ, ഉഫ് ക്യാ ജാദൂ മൊഹബ്ബത്ത് ഹൈ, പ്രൊവോക്ഡ് തുടങ്ങിയ ചിത്രങ്ങളിൽ റുണ പാടിയിരുന്നു. ഈ മാസം പത്തിന് ഇവർ വിവാഹിതരാകുമെന്നാണ് റിപ്പോർട്ടുകൾ.

രാജ്യത്ത് വിവിധയിടങ്ങളിൽ സംഗീത പരിപാടികളുമായി കറങ്ങുകയാണ് ഇരുവരുമിപ്പോൾ. സംഗീതയാത്രയ്ക്കിടെയാണ് ഇരുവരുടെയും അടുപ്പം വളർന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഫ്യൂഷൻ, ജാസ്, ഗസൽ, സൂഫി, ഇന്ത്യൻ ക്ലാസിക്കൽ സംഗീതം തുടങ്ങിയവ ഉൾപ്പെട്ട ഷോയുമായി ഏതാനും നാളായി ഇരുവരും ഇന്ത്യയുടെ പല ഭാഗങ്ങളിലും പരിപാടി അവതരിപ്പിക്കുകയാണ്.

റഹ്മാന്റെ സ്ഥിരം ഡ്രമ്മർ എന്ന നിലയിൽ പ്രശസ്തനായ ശിവമണി താളവിസ്മയം തീർത്ത് ഇന്ത്യയിലുടനീളം അനേകം ആരാധകരെ നേടിയിട്ടുണ്ട്. സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഇരുവരേയും ഒരുമിപ്പിച്ചത്. എന്നാൽ വിവാഹ വാർത്തയോട് പ്രതികരിക്കാൻ ഇരുവരും ഇതുവരെ തയ്യാറായിട്ടില്ല.