തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീംകോടതിയിൽ നിന്ന് സർക്കാരിനുണ്ടായത് വലിയ തിരിച്ചടിയെങ്കിലും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജി വയ്ക്കില്ല. ദൃശ്യ തെളിവുകൾ ഉള്ള കേസിൽ വിചാരണ നടന്നാൽ പ്രതികളായവർ ശിക്ഷക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതുവരെ കാത്തിരിക്കാനാണ് തീരുമാനം.

വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും അടക്കമുള്ള പ്രമുഖർ തിരുവനന്തപുരം സിജെഎം കോടതിയിൽ വിചാരണ നേരിടും. ശിവൻകുട്ടിക്ക് പുറമേ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മുൻ മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ, മുൻ എം എൽ എമാരായ സി കെ സദാശിവൻ, കെ കുഞ്ഞഹമ്മദ് മാസ്റ്റർ, കെ അജിത്ത് എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ ജലീലും ശിവൻകുട്ടിയും ഇപ്പോഴും സഭയിലെ അംഗങ്ങളാണ്.

കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആദ്യം സർക്കാരിനു കത്തു കൊടുത്തത് ശിവൻകുട്ടിയാണ്. ഇതാണ് സുപ്രീംകോടതി വരെ നീണ്ട കേസിന് കാരണമായി മാറിയത്. അന്ന് സർക്കാർ നീക്കത്തിനെതിരെ തടസ്സ ഹർജിയുമായി നീങ്ങിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ നീക്കം നിർണ്ണായകമായി. ഇതോടെ ഏകപക്ഷീയമായി കേസ് പിൻവലിക്കാൻ കഴിയാത്ത സ്ഥിതി വന്നു. മുൻ യുഡിഎഫ് സർക്കാരിനെതിരെ സിപിഎം തീരുമാനിച്ചു നടത്തിയ രാഷ്ട്രീയ സമരം കേസായതിന്റെ പേരിൽ ശിവൻകുട്ടിയെ കൈവിടേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം.

പ്രതികളുടെ വിടുതൽ ഹർജി ഓഗസ്റ്റ് 9ന് സിജെഎം കോടതി പരിഗണിക്കുന്നുണ്ട്. ഈ വിടുതൽ ഹർജിയിലെ വിധിയും സുപ്രീംകോടതി പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾക്ക് എതിരാകാനാണ് സാധ്യത. അങ്ങനെ വന്നാൽ വിടുൽ ഹർജിയിൽ അപ്പീൽ നടപടികൾക്കും സാധ്യതയുണ്ട്. നടപടിക്രമങ്ങൾ താമസിപ്പിക്കാൻ വിടുതൽ ഹർജിയുമായി പരമോന്നത കോടതിയിൽ വീണ്ടും പ്രതികളെത്താനുള്ള സാധ്യതയുണ്ട്. അന്നും ഇപ്പോഴത്തെ കോടതി വിധി നിർണ്ണായകമായി മാറും. അതിനിടെ കേസിൽ വിചാരണ നേരിടുമെന്നും കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

വിചാരണകോടതിയിലും സുപ്രീംകോടതി വിധിയുടെ സ്വാധീനമുണ്ടാകും. നിയമസഭയിലെ അക്രമ ദൃശ്യങ്ങൾ തന്നെ സത്യം പറയുന്നതിനാൽ അത് നിർണ്ണായകമായി മാറും. ജനപ്രതിനിധി എന്ന നിലയിലെ പരിരക്ഷ ആർക്കും കിട്ടുകയുമില്ല. ഇക്കാര്യത്തിൽ സുപ്രീംകോടതി വ്യക്തത വരുത്തിയിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി. വ്യത്യസ്ത ഭാഗങ്ങളായാണ് ജസ്റ്റിസ് ചന്ദ്രചൂഡ് വിധി പ്രസ്താവിച്ചത്.

ആദ്യഭാഗത്തിൽ എംഎ‍ൽഎമാർക്ക് നിയമസഭയിൽ പരിരക്ഷ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിലാണ് വ്യക്തത വരുത്തുന്നത്. നിയമസഭയ്ക്കുള്ളിൽ ജനപ്രതിനിധി എന്ന നിലയിലുള്ള പരിരക്ഷ മാത്രമാണുള്ളത്. അല്ലാതെ എന്തെങ്കിലും വിധത്തിലുള്ള ക്രിമിനൽ നടപടികൾക്കുള്ള പരിരക്ഷ ഇന്ത്യൻ ഭരണഘടനയോ മറ്റേതെങ്കിലും നിയമനിർമ്മാണ സഭ നൽകുന്നില്ല. അതിനാൽത്തന്നെ ഈ കേസിലെ പ്രതികൾക്ക് ജനപ്രതിനിധി എന്ന നിലയിലുള്ള പരിരക്ഷ അവകാശപ്പെടാനാവില്ല.

ഒരു പബ്ലിക് പ്രോസിക്യൂട്ടർക്ക് ഈ കേസ് പിൻവലിക്കാനുള്ള അധികാരം ഉണ്ടോ ഇല്ലയോ എന്ന കാര്യത്തെ കുറിച്ചാണ് വിധി പ്രസ്താവത്തിന്റെ രണ്ടാം ഭാഗം. തെളിവുകളുടെ അഭാവം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഈ കേസ് പിൻവലിക്കാൻ പ്രോസിക്യൂട്ടർ അപേക്ഷ നൽകിയത്. പബ്ലിക് പ്രോസിക്യൂട്ടറുടെ നടപടി തെറ്റാണെന്നും നിരീക്ഷിച്ചു. ഈ ഹർജി ആദ്യം തള്ളിയ തിരുവനന്തപുരം സി.ജെ.എം. കോടതിയുടെ നടപടി സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തു. ഫലത്തിൽ തെളിവുകൾ കൂടി അംഗീകരിക്കപ്പെടുന്നു. കോടതിയുടെ പരാമർശങ്ങൾ എതിരാണെന്നു ബോധ്യമായി നേരത്തെ കേസ് പിൻവലിച്ചിരുന്നെങ്കിൽ ഇത്രയും വലിയ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല.

വിചാരണക്കോടതിയിൽ എത്തുമ്പോൾ പ്രോസിക്യൂഷനായി കേസ് നടത്തേണ്ടതും ഇതേ കേസ് പിൻവലിക്കാനായി നിയമയുദ്ധം നടത്തിയ സർക്കാരാണ്. സർക്കാർ രൂക്ഷമായി എതിർക്കുന്ന കേസ് എന്ന നിലയിൽ സാക്ഷി പറയാനും മൊഴി നൽകാനും ഉദ്യോഗസ്ഥർ എത്ര കണ്ടു തയാറാകുമെന്ന ചോദ്യം ബാക്കിയാണ്. പരമാവധി നീട്ടിക്കൊണ്ടുപോകുക എന്നതാകും തന്ത്രം. അതുകൊണ്ട് തന്നെ വിടുതൽ ഹർജിയിലെ പോരാട്ടം പരമാവധി തുടരും.

മന്ത്രിയായിരിക്കെ വിചാരണ നേരിടുന്ന ശിവൻകുട്ടിയെ സംരക്ഷിക്കുന്നതിന് പിന്നിൽ ലാവ് ലിൻ ഭയമെന്ന റിപ്പോർട്ടുമുണ്ട്. ഈ കേസിൽ പിണറായി വിജയൻ നേരത്തെ പ്രതിയായിരുന്നു. എന്നാൽ വിചാരണ കോടതിയും ഹൈക്കോടതിയും പിണറായിയെ കുറ്റ വിമുക്തനാക്കി. വിചാരണയ്ക്ക് മുമ്പുള്ള ഈ കുറ്റവിമുക്തിയിൽ സുപ്രീംകോടതിയിൽ കേസ് നടക്കുകയാണ്. ഈ കേസിൽ പിണറായിക്ക് അനുകുല വിധി ഉണ്ടായില്ലെങ്കിൽ മുഖ്യമന്ത്രിയും കുറ്റപത്രത്തിലെ പ്രതിയാകും. അങ്ങനെ സംഭവിച്ചാൽ പിണറായിയും രാജിവയ്ക്കില്ല. ഇതിന് വേണ്ടിയാണ് ശിവൻകുട്ടിയുടെ രാജി വേണ്ടെന്ന് വയ്ക്കുന്നതെന്ന ചർച്ചയും സജീവമാണ്.

ശിവൻകുട്ടി നടത്തിയത് രാഷ്ട്രീയ സമരമാണെന്ന അവകാശവാദം സിപിഎം നടത്തുന്നുണ്ട്. ലാവ്ലിൻ, പക്ഷേ അഴിമതിക്കേസാണ്. അതുകൊണ്ട് തന്നെ രണ്ടിനേയും രണ്ടായി കാണമെന്ന വാദവും ശക്തമാണ്. എങ്കിലും എല്ലാ അർത്ഥത്തിലും നിയമസഭാ കൈയാങ്കളി കേസ് സർക്കാരിന് വലിയ തിരിച്ചടിയാണ് ഇടതു മുന്നണിക്ക് പോലും രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാക്കി. ബാർക്കോഴക്കേസിൽ കെ.എം.മാണിയെ ശത്രുപക്ഷത്ത് നിർത്തിയാണ് സഭയിൽ പ്രശ്‌നമുണ്ടാക്കിയത്.

എന്നാൽ മാണിയുടെ പാർട്ടിയായ കേരള കോൺഗ്രസ് ഇന്ന് എൽഡിഎഫിലാണ്. അതുകൊണ്ടു തന്നെ ഈ കേസിന്റെ വിചാരണാ ഘട്ടത്തിൽ പോലും മാണിയെ കുറ്റപ്പെടുത്തുന്നതൊന്നും സർക്കാരിന് അനുവദിക്കാൻ കഴിയില്ല. ഇത് പ്രതികൾക്ക് പ്രതിസന്ധിയാകും. അതായത് ഇടതുപക്ഷത്തെ നേതാക്കളെ കുടുക്കിലേക്ക് തള്ളി വിടുമെന്ന അവസ്ഥ. 2015 മാർച്ച് 13നായിരുന്നു നിയമസഭയിൽ സംഘർഷമുണ്ടായത്. സഭയിൽ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നാണു കേസ്. അന്നത്തെ ആറ് ഇടത് എംഎൽഎമാരെ പ്രതിയാക്കിയാണു തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്.

പ്രതീക്ഷിച്ചതാണെങ്കിലും, സിപിഎമ്മിനെയും സർക്കാരിനെയും വല്ലാതെ കുത്തി നോവിക്കുന്നതായി നിയമസഭാ കയ്യാങ്കളിക്കേസിലെ സുപ്രീം കോടതി വിധി. മന്ത്രിയായിരുന്നുകൊണ്ട് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ വി.ശിവൻകുട്ടി വിചാരണയ്ക്കു വിധേയനാകേണ്ടി വരുന്നത് പാർട്ടിയെയും സർക്കാരിനെയും തുടർന്നും അലട്ടും.