തിരുവനന്തപുരം: രണ്ടു മാസം നീണ്ടുനിന്ന പ്രചരണ പരിപാടികൾക്ക് ശേഷം വോട്ടെല്ലാം പെട്ടിയിലാക്കി വിധിയറിയാൻ കാത്തിരിക്കയാണ് സംസ്ഥാനത്തെ സ്ഥാനാർത്ഥികൾ. ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രതീക്ഷിക്കുന്ന നേമത്ത് ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് നടന്നത്. ഇവിടെ ശിവൻകുട്ടിയും ഒ രാജഗോപാലും തമ്മിലായിരുന്നു പോരാട്ടം. രാജഗോപാലിനെ മറികടക്കാൻ വേണ്ടി മണ്ഡലത്തിൽ ഓടിനടന്നും വീൽചെയറിലും കറങ്ങിയും വോട്ടുപിടിക്കുകയായിരുന്നു വി ശിവൻകുട്ടി. അതുകൊണ്ട് തന്നെ ശിവൻകുട്ടിയുടെ വോട്ടുപിടുത്തവും എല്ലാവരും ശ്രദ്ധിച്ചു.

അവസാന നിമിഷം വരെ ശിവൻകുട്ടി വോട്ടുതേടി ശരിക്കും അലഞ്ഞെന്ന് പറഞ്ഞാൽ മതി. പരസ്യപ്രചരണം അവസാനിച്ച ദിവസം ശിവൻകുട്ടി ന്യൂനപക്ഷ ആരാധനാലയങ്ങൾ തോറും കയറിയിറങ്ങി വോട്ടുപിടിക്കുകയായിരുന്നു. അതിനായി അൽപ്പനേരം ഭക്തനായും കുഞ്ഞാടായും മാറി ശിവൻകുട്ടി. എന്തായാലും പെന്തക്‌സോത് ദേവാലയങ്ങൾ കയറിയിറങ്ങി വോട്ടു ചോദിക്കുന്ന ശിവൻകുട്ടിയുടെ ദൃശ്യങ്ങൾ ചാനലുകാർക്ക് ചാകരയായി മാറി. വോട്ടൊക്കെ പെട്ടിയിലായി കഴിഞ്ഞതോടെ മീഡിയാ വണ്ണിലെ ആക്ഷേപഹാസ്യ പരിപാടിയായ പൊളിമിക്‌സ് ശിവൻകുട്ടി കുഞ്ഞാടായ വീഡിയോ ശരിക്കും ആഘോഷിച്ചു.

കുഞ്ഞാടിനെപോലെ ഭയഭക്തി ബഹുമാനത്തോടെ കൈകൾകൂപ്പിയാണ് ശിവൻകുട്ടിയുടെ വോട്ടുപിടുത്തം. വിജയത്തിനായി പ്രാർത്ഥന തേടിയായിരുന്നു അദ്ദേഹം ഇറങ്ങിത്തിരിച്ചത്. ശിവൻകുട്ടി വോട്ടു ചോദിച്ച് ചെല്ലുമ്പോൾ പാസ്റ്ററുടെ നേതൃത്വത്തിൽ പ്രാർത്ഥന പുരോഗമിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ശിവൻകുട്ടിക്ക് പ്രാർത്ഥനാ ശുശ്രുഷുക്കൾ നേർന്നു. കൈകൂപ്പി നിന്ന് എല്ലാം സഹിച്ചു കമ്മ്യൂണിസ്റ്റുകാരനായ ശിവൻകുട്ടിയും.

വോട്ട് ചോദിച്ചെത്തിയ എംഎൽഎക്ക് വോട്ട് ചെയ്യണമെന്നും പാസ്റ്റർ ഭക്തരോടായി പറഞ്ഞു. വികസനത്തിനു വേണ്ടി ഇവിടെയുള്ള ജനത്തിനുവേണ്ടി ഉപയോഗിക്കപ്പെടുന്ന ദാസന് ഇത്തവണയും ഉജ്ജ്വലമായ വിജയം കൊടുക്കാൻ ദൈവം തമ്പുരാനോട് കരങ്ങളുയർത്തി പ്രാർത്തിക്കാനാണ് അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടത്.. ശരീരവും സമയവും നോക്കാതെ പ്രവർത്തിക്കുന്ന അങ്ങയുടെ ദാസന് എല്ലാപ്രയാസങ്ങളും മാറി തടസ്സങ്ങളൊന്നുമില്ലാത്ത ഉജ്ജ്വ വിജയം നേടികൊടുക്കാൻ വീണ്ടും വീണ്ടും പിതാവ് കർത്താവിനോട് പ്രാർത്ഥിക്കുന്നു... പ്രാർത്ഥനയ്ക്ക് ശേഷം തലയിൽ കൈവച്ച് അനുഗ്രഹിക്കുന്നതും കാണാം..

എനിക്ക് വേണ്ടി പ്രാർത്ഥിച്ചതിന് നന്ദിയെന്ന് പറഞ്ഞാണ് സ്ഥാനാർത്ഥി അവിടെ നിന്നും പുറപ്പെട്ടത്. അതോടൊപ്പെം തന്നെ നിങ്ങളിലൊരാളായി നിങ്ങളുടെ സുഹൃത്തായി സഹോദരനായി മകനായി നിങ്ങൾക്കുണ്ടാകുന്ന ദുഃഖത്തിലും കൂടെ യുണ്ടാകുമെന്ന് ഉറപ്പുനൽകിയാണ് അദ്ദേഹം യാത്രതിരിച്ചത്. കേരള സംസ്ഥാനം ഭരിക്കുന്ന നിലയിലേക്ക് വരും നിയമസഭയിൽ നീതിക്ക് വേണ്ടി ശബ്ദമുയർത്തണം എന്നുമാണ് ശിവൻകുട്ടി അടുത്ത സ്ഥലത്തെത്തിയപ്പോൾ പാസ്റ്റർ അനുഗ്രഹിച്ച് വിട്ടത്.

എന്തായാലും ശിവൻകുട്ടിയുടെ വോട്ടുതേടൽ ആക്ഷേപഹാസ്യക്കാർക്ക് കാര്യങ്ങൾ എളുപ്പത്തിലാക്കി. പി ടി നാസർ അവതാരകനായ പൊളിമിക്‌സ് ശരിക്കും ഇത് ആഘോഷിക്കുകയും ചെയ്തു. ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തിൽ ശിവൻകുട്ടിക്ക് വിജയിക്കാൻ ഈ പ്രാർത്ഥനകൾ കൊണ്ട് സാധിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.