തിരുവനന്തപുരം: ക്യാമറയ്ക്ക് വേണ്ടി മാറ്റി വച്ച ജീവിതമാണ് ശിവന്റേത്. ദേശീയ അന്തർദ്ദേശീയ അംഗീകാരങ്ങൾ നേടിയ സംവിധായകനും കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ പ്രസ് ഫോട്ടോഗ്രാഫറുമായിരുന്നു ശിവൻ. ഒരുപാടു ചരിത്ര നിമിഷങ്ങളെ ക്യാമറയിലാക്കിയ ഇതിഹാസ പുരുഷനാണ് അന്തരിച്ച ശിവൻ. സന്തോഷ് ശിവൻ എന്ന ലോകം അംഗീകരിച്ച സിനിമാ ഛായാഗ്രാഹകന്റെ അച്ഛൻ. തിരുവനന്തപുരത്തെ പ്രശസ്തമായ ശിവൻ സ്റ്റുഡിയോയുടെ ഉടമയാണ്.

ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ 12.15ന് എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐക്യകേരളത്തിന് മുമ്പും പിമ്പുമുള്ള ചരിത്രത്തിന്റെ ദൃക്‌സാക്ഷിയായ ശിവൻ ആദ്യത്തെ കേരള മന്ത്രി സഭയുടെ സത്യപ്രതിജ്ഞയടക്കം നിരവധി അമൂല്യ മുഹൂർത്തങ്ങൾ പകർത്തിയ വ്യക്തിയാണ്.

പ്രസ് ഫോട്ടോഗ്രാഫർ, ന്യൂസ് ക്യാമറാമാൻ, സിനിമാ സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ശിവൻ പെയിന്റിങ്ങിലുണ്ടായിരുന്ന താൽപര്യത്തിലൂടെ ക്യാമറയിലേക്ക് എത്തിയത്. സിക്‌സ്ത് ഫോം കഴിഞ്ഞപ്പോൾ കുടുംബ സുഹൃത്ത് നൽകിയ വെൽറ്റാഫ്‌ളെക്‌സ് ക്യാമറയിലാണ് ആദ്യ ചിത്രമെടുത്തത്. ' മാതൃഭൂമി' ക്കാണ് അതു നൽകിയത്.

തമ്പാനൂരിലെ പൊളിച്ച് മാറ്റുന്ന കെട്ടിടത്തിൽ കഴിയുന്ന തമിഴ് നാടോടികളുടെ ഫോട്ടോകൾ.സാങ്കേതിക പ്രശ്‌നങ്ങളുള്ളതിനാൽ അച്ചടിക്കാനാകില്ലെന്ന് അറിയിച്ച ' മാതൃഭൂമി' ഒരു ചെക്ക് നൽകി. ക്യാമറയിലൂടെ ലഭിച്ച ആദ്യ പ്രതിഫലം യാത്രയ്ക്ക് വെളിച്ചം പകർന്നു. അന്ന് ' മാതൃഭൂമി' പത്രാധിപരായിരുന്ന എൻ.വി.കൃഷ്ണവാര്യരാണ് ' ഫോട്ടോഗ്രഫി രംഗത്ത് തുടരണമെന്നും ഭാവിയുണ്ടെന്നും' ഉപദേശിച്ചു. ഇത് ശിവൻ ഗൗരവത്തോടെ എടുത്തു.

ചെമ്മീന്റെ സ്റ്റിൽ ഫോട്ടോഗ്രാഫറെന്ന നിലയിലാണ് ചലച്ചിത്ര രംഗത്ത് ശിവൻ ശ്രദ്ധേയനായത്. തുടർന്ന് സ്വപ്നം എന്ന ചിത്രം നിർമ്മിക്കുകയും യാഗം, അഭയം,കൊച്ചു കൊച്ചു മോഹങ്ങൾ, ഒരു യാത്ര, കിളിവാതിൽ, കേശു എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. ഈ ചിത്രങ്ങളെല്ലാം അവാർഡുകൾ വാരിക്കൂട്ടി.

1932 മെയ്‌ 14ന് ഹരിപ്പാട് പടീറ്റതിൽ ഗോപാല പിള്ളയുടേയും ഭവാനി അമ്മയുടേയും മകനായിട്ടാണ് ശിവശങ്കരൻ നായരെന്ന ശിവന്റെ ജനനം. പരേതയായ ചന്ദ്രമണി ശിവനാണ് ഭാര്യ. ചലച്ചിത്ര സംവിധായകൻ സംഗീത് ശിവൻ, സംവിധായകനും ഛായഗ്രാഹകനുമായ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ, സരിതാ രാജീവ് എന്നിവരാണ് മക്കൾ. ജയശ്രീ, ദീപ, ദീപ്തി,രാജീവ് എന്നിവർ മരുമക്കളുമാണ്.

കാമറാ ഒരു കൗതുക വസ്തുവല്ലെന്നും അതുകൊണ്ട് പല അത്ഭുതങ്ങളും ചെയ്യാൻ കഴിയുമെന്നും തെളിയിച്ച പ്രസ് ഫോട്ടോഗ്രാഫറായിരുന്നു ശിവൻ. പ്രകൃതിയാണ് തന്റെ ഗുരു എന്ന് ശിവൻ എപ്പോഴും പറയുമായിരുന്നു. ഗാന്ധിജിയായിരുന്നു മാതൃകാ പുരുഷൻ, ആ ജീവിതത്തിലെ മൂല്യങ്ങളും സന്ദേശങ്ങളും എന്നും സ്വന്തം ജീവിത്തിൽ പകർത്താൻ ശ്രമിച്ചിട്ടുണ്ട്. എപ്പോഴും തൂവെള്ള വസ്ത്രങ്ങൾ മാത്രം ധരിച്ചു.

ഇ.എം.എസും ,സി.അച്യുതമേനോനും, കെ.കരുണാകരനും , സി.എച്ച് മുഹമ്മദ് കോയയും,നടൻ സത്യനും മുതൽ നെഹ്‌റുവും ഇന്ദിരാഗാന്ധിയും വരെയുള്ള വിപുലമായ സൗഹൃദങ്ങൾ ശിവന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു. അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങൾ വരെ ശിവന്റെ ഫോട്ടോകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1957 ൽ ഇ.എം.എസ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്ന ചിത്രം ശിവന്റെ കാമറയിലൂടെയാണ് ലോകം കണ്ടത്.

കേരള സർക്കാരിന്റെ പി.ആർ.ഡിക്കു വേണ്ടി ഫോട്ടോകൾ എടുത്തിരുന്ന ശിവൻ കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്ക്കു വേണ്ടിയും ഫോട്ടോകൾ എടുത്തിരുന്നു. തുടർന്നാണ് തിരുവനന്തപുരത്ത് ശിവൻസ്റ്റുഡിയോ ആരംഭിച്ചത്. രാമുകാര്യാട്ടിന്റെ നിർബന്ധപ്രകാരമായിരുന്നു ചെമ്മീന്റെ സ്റ്റിൽ ഫോട്ടോഗ്രാഫറായത്. ചെമ്മീൻ എന്ന സിനിമയെക്കുറിച്ചോർക്കുമ്പോൾ പ്രേക്ഷകന്റെ മനസിൽ തെളിയുന്നത് ശിവൻ എടുത്ത സ്റ്റിൽ ചിത്രങ്ങളാണ്.

മലയാള സിനിമയ്ക്ക് മേൽവിലാസം ഉണ്ടാക്കിക്കൊടുത്ത ആളുകളുടെ പട്ടിക എടുക്കുമ്പോൾ ശിവന്റെ പേര് അതിലുണ്ടാകുമെന്ന് എം ടി.എഴുതിയിട്ടുണ്ട്. തന്റെ ഏറ്റവും വലിയ സാമ്പാദ്യം മക്കളാണെന്ന് ശിവൻ പറയുമായിരുന്നു. മൂന്ന് ആൺ മക്കളും സംഗീത്ശിവൻ, സന്തോഷ് ശിവൻ , സൻജീവ് ശിവൻ എന്നിവർ സംവിധായകരായി ശ്രദ്ധേയരായി. മകൾ സരിതയുടെ പേരിൽ സരിത ഫിലിംസ് ശിവൻ തുടങ്ങിയിരുന്നു.

ശിവൻ കുടുംബം വാരിക്കൂട്ടിയ അവാർഡുകൾക്ക് കൈയും കണക്കുമില്ല.ശിവന്റെ ജീവിതത്തെ ആസ്പദമാക്കി ശിവനയനം എന്ന പേരിൽ പുസ്തകവും ഡോക്യുമെന്ററിയും തയ്യാറായിരുന്നു.