- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണക്കടത്തു കേസിലെ അതേ പ്രതികൾ ചെയ്ത ആ കുറ്റകൃത്യം ലൈഫ് മിഷൻ കോഴ; കുരുക്കായത് പ്രൊസീഡ്‌സ് ഓഫ് ക്രൈം എന്ന ഇഡിയുടെ വാദം; വിജിലൻസ് കേസിൽ പ്രതിയായതും ഐഎഎസുകാരന് കുരുക്കായി; രാഷ്ട്രീയക്കാരെ കൊണ്ടു വന്നത് ദുരുദ്ദേശ്യത്തോടെയുള്ള കള്ളത്തരമെന്ന നിലപാടും തിരിച്ചടിയായി; ശിവശങ്കറിന് ഇനിയും അഴിക്കുള്ളിൽ കൊതുകു കടി കൊള്ളേണ്ടി വരും
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറെ വിജിലൻസും അറസ്റ്റ് ചെയ്യും. ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതും പരിഗണനയിലാണ്. സ്വപ്നയുടെ ബാങ്ക് ലോക്കറിൽനിന്ന് എൻഐഎ പിടിച്ചെടുത്ത ഒരു കോടി രൂപ എം.ശിവശങ്കറിനു ലഭിച്ച കോഴയാണെന്ന ഇഡി വാദത്തിനു തുണയായതു അഴിമതി നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്യാനുള്ള സംസ്ഥാന വിജിലൻസിന്റെ നീക്കമാണെന്ന വിലയിരുത്തലും സജീവമാണ്. ജാമ്യാപേക്ഷ തള്ളിയതോടെ ഇനിയും ശിവശങ്കറിന് ദീർഘകാലം ജയിലിൽ കിടക്കേണ്ടി വരും. കസ്റ്റംസും എൻഐഎയും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
സംസ്ഥാന വിജിലൻസ് അഴിമതി നിരോധന നിയമപ്രകാരം ശിവശങ്കറിനെ പ്രതി ചേർത്തു ചോദ്യം ചെയ്യാൻ കോടതിയിൽ അപേക്ഷ നൽകിയത് ലോക്കറിലെ കള്ളപ്പണം സർക്കാർ പദ്ധതികൾ ചോർത്തിക്കൊടുത്തുള്ള അഴിമതിയിലൂടെ ശിവശങ്കർ സമ്പാദിച്ച കോഴപ്പണമാണെന്ന ഇഡിയുടെ നിലപാടിന് കരുത്തായി. ലോക്കറിലെ പണം സ്വർണക്കടത്തിലൂടെ സ്വപ്ന സമ്പാദിച്ചതാണെന്ന് കസ്റ്റംസും എൻഐഎയും കോടതിയിൽ സമർപ്പിച്ച അവരുടെ റിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിക്കുന്നതായി പ്രതിഭാഗം കോടതിയിൽ ബോധിപ്പിച്ചിരുന്നു. വിവിധ കേന്ദ്ര ഏജൻസികൾ ഒരേ കുറ്റകൃത്യത്തിൽ പരസ്പര വിരുദ്ധമായ നിലപാടു സ്വീകരിക്കുന്നതായി വാദിക്കാനാണു പ്രതിഭാഗം ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്.
എന്നാൽ കസ്റ്റംസും എൻഐഎയും അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ സമർപ്പിച്ച റിപ്പോർട്ടിലെ പരാമർശം ഇഡിയുടെ നിഗമനങ്ങൾക്കു വിരുദ്ധമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ അഡി.ഡയറക്ടർ പി.രാധാകൃഷ്ണൻ ബോധിപ്പിച്ചത്. സ്വർണക്കടത്തു കേസിലെ പ്രതികൾ കുറ്റകൃത്യത്തിലൂടെ നേടിയ പണം (പ്രൊസീഡ്‌സ് ഓഫ് ക്രൈം) എന്നാണ് അന്വേഷണ ഏജൻസികൾ കോടതിയിൽ പറഞ്ഞിട്ടുള്ളത്. സ്വർണക്കടത്തു കേസിലെ അതേ പ്രതികൾ ചെയ്ത ആ കുറ്റകൃത്യം ലൈഫ് മിഷൻ കോഴയാണെന്ന കണ്ടെത്തലാണ് ഇഡി നടത്തിയത്. ഇതും ശിവശങ്കറിന് വിനയായി മാറി. ജാമ്യം കിട്ടാത്തതിന് ഇതും കാരണമായി.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചില രാഷ്ട്രീയ നേതാക്കളുടെ പേരു പറയാൻ ഇഡി നിർബന്ധിച്ചെന്ന എം.ശിവശങ്കറിന്റെ ആരോപണം ദുരുദ്ദേശ്യത്തോടെയുള്ള കള്ളത്തരമെന്ന് ഇഡി കോടതിയിൽ ബോധിപ്പിച്ചു. ആരോപണം വസ്തുതാപരമെങ്കിൽ ജാമ്യാപേക്ഷയുടെ വാദത്തിനിടയിൽ തന്നെ ശിവശങ്കർ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമായിരുന്നില്ലേയെന്നു സ്‌പെഷൽ പ്രോസിക്യൂട്ടർ ടി.എ. ഉണ്ണിക്കൃഷ്ണൻ സമർപ്പിച്ച വിശദീകരണ റിപ്പോർട്ടിൽ പറയുന്നു. ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയ ശേഷമാണ് ഇഡിയെ കടന്നാക്രമിക്കുന്ന വിശദീകരണ റിപ്പോർട്ട് ശിവശങ്കർ തിങ്കളാഴ്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. റിപ്പോർട്ട് പരിഗണിക്കരുതെന്നും ഇഡി ഇന്നലെ വാദിച്ചു.
സ്വപ്നയുടെ അഭ്യർത്ഥന അനുസരിച്ചു പല തവണ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതായി നവംബർ 10 നു സ്വപ്ന മൊഴി നൽകി. ഈ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരുകൾ ഇഡി വെളിപ്പെടുത്തുന്നില്ലെന്നാണു പ്രതിഭാഗം ആരോപണം. 2018 ഏപ്രിലിലും 2019 ഏപ്രിലിലും ശിവശങ്കർ സ്വപ്നയുടെ ആവശ്യ പ്രകാരം കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചു, ഇവരെ കണ്ടെത്തി ഇഡി ചോദ്യം ചെയ്തു. മറ്റു ചിലരെക്കൂടി ചോദ്യം ചെയ്യാനുണ്ട്. സ്വർണക്കടത്തിനെക്കുറിച്ച് അറിയാവുന്ന ശിവശങ്കർ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് ജൂൺ 30 നു സ്വർണം കസ്റ്റംസ് തടഞ്ഞുവച്ചപ്പോൾ സ്വപ്ന ആവശ്യപ്പെട്ടിട്ടും ഇടപെടാതിരുന്നത്.
സ്വപ്നയ്ക്കു സുരക്ഷിത ജോലിക്കു വേണ്ടി വഴിവിട്ട് ഇടപെട്ടതിനും ലൈഫ് മിഷൻ, കെഫോൺ പദ്ധതികളുടെ രഹസ്യവിവരങ്ങൾ നൽകിയതിനും പരസ്പരം കൈമാറിയ സന്ദേശങ്ങൾ തെളിവാണ്. കൂടുതൽ വിവരങ്ങൾ മുദ്രവച്ച കവറിലുണ്ട്. ഒരു നേട്ടവുമില്ലാതെ എന്തിനുവേണ്ടി കെഫോൺ, ലൈഫ് മിഷൻ പദ്ധതികളുടെ സർക്കാർ രഹസ്യങ്ങൾ ശിവശങ്കർ സ്വപ്നയ്ക്കു ചോർത്തികൊടുക്കണമെന്ന മറുചോദ്യവും റിപ്പോർട്ടിൽ ഇഡി ഉന്നയിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ