കൊച്ചി : സ്വർണക്കടത്ത് കേസിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ കളവാണെന്ന് ആരോപിച്ച് ജാമ്യഹർജിയുമായി എം ശിവശങ്കർ ഹൈക്കോടതിയിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിനെതിരെ കോടതിയിൽ നൽകിയ ജാമ്യഹർജിയിലാണ് ഗുരുതരമായ ആരോപണങ്ങളുള്ളത്. നേരത്തെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് അടുത്തയാഴ്ച കോടതി പരിഗണിക്കും.

സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെതിരെ കേസെടുത്ത് അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അവകാശമുണ്ട്. എന്നായിരുന്നു പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ ശിവശങ്കറിന്റെ മുൻകൂർ ജാമ്യഹർജി തള്ളിക്കൊണ്ട് അറിയിച്ചത്. ഡിപ്ലോമാറ്റിക് ബാഗേജ് വഴി കടത്തിയ സാധനങ്ങൾ വിട്ടുകിട്ടാനായി ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതിന് തെളിവുണ്ട് എന്നാണ് എൻഫോഴ്സ്മെന്റ് കോടതിയിൽ അറിയിച്ചിരുന്നത്.

സ്വർണക്കടത്ത് സംബന്ധിച്ച് ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്നയും എൻഫോഴ്സ്മെന്റിന് മുമ്പാകെ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെതിരെ അന്വേഷണ സംഘം നടപടി സ്വീകരിച്ചത്.