കൊച്ചി: സ്വർണക്കടത്തു നടത്തിയതുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസിൽ അറസ്റ്റിലായ എം. ശിവശങ്കർ ഹൈക്കോടതിയിൽ ജാമ്യഹർജിയെ പൊളിക്കാൻ കരുതലോട് കേന്ദ്ര ഏജൻസികൾ നീങ്ങും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണു ഹർജിയുമായി ഹൈക്കോടതിയിൽ എത്തുന്നത്. ലോക്കറിലെ പണത്തിൽ തനിക്ക് പങ്കില്ലെന്നാണ് ശിവശങ്കർ വാദിക്കുന്നത്. അതുകൊണ്ട് തന്നെ അതിശക്തമായ തെളിവുകൾ ഹൈക്കോടതിയിൽ ഹാജരാക്കാനാണ് ഇഡിയുടെ തീരുമാനം. തനിക്കെതിരായ എൻഫോഴ്സ്മെന്റിന്റെ ആരോപണങ്ങൾ കളവാണെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയിലും ശിവശങ്കർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ അടുത്തയാഴ്ച കോടതി പരിഗണിക്കും.

സ്വർണക്കടത്തിൽ കസ്റ്റംസും എൻഐഎയും രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയായ സ്വപ്നയുടെ ബാങ്ക് ലോക്കറുകളിൽ നിന്നു കള്ളപ്പണം കണ്ടെടുത്തിരുന്നു. ഇതു ശിവശങ്കറിന്റെയാണെന്നാണ് ഇഡിയുടെ നിഗമനം. ഒക്ടോബർ 28 നായിരുന്നു അറസ്റ്റ്. എന്നാൽ, സ്വർണക്കടത്തുമായോ കള്ളപ്പണ ഇടപാടുമായോ തനിക്കു ബന്ധമുണ്ടെന്നു തെളിയിക്കാനുള്ള വസ്തുതകൾ അന്വേഷണ സംഘത്തിനു കിട്ടിയിട്ടില്ലെന്നും വിദേശ ഭരണാധികാരി സ്വപ്ന സുരേഷിനു 'ടിപ്' നൽകിയ പണമാണു ലോക്കറിൽ നിന്നു കണ്ടെടുത്തതെന്നും ഹർജിയിൽ പറയുന്നു. തിരഞ്ഞുപിടിച്ചു ചില വാട്‌സാപ് സന്ദേശങ്ങൾ ഹാജരാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പറയുന്നു. അതായത് കള്ളപ്പണം സ്വപ്‌നയുടേതെന്ന് സമർത്ഥിക്കുകയാണ് ശിവശങ്കർ. ഇത് സ്വപ്‌നയ്ക്ക് കള്ളപ്പണ കേസിൽ തിരിച്ചടിയാകും.

എല്ലാ ഏജൻസികളുടെയും അന്വേഷണത്തോടു പൂർണമായി സഹകരിച്ചു. പല ദിവസങ്ങളിലായി ഇഡി 50 മണിക്കൂറിലേറെ ചോദ്യം ചെയ്തുവെന്നും ഹർജിയിൽ പറയുന്നു. അതുകൊണ്ട് ഇനി ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. നേരത്തെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിന് എതിരെയാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ ശിവശങ്കറിന് എതിരായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത് അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അവകാശമുണ്ട്. എന്നാൽ ആരോപണങ്ങളുടെ മെറിറ്റിലേക്ക് ഇപ്പോൾ കോടതി പോകുന്നില്ല എന്നായിരുന്നു നേരത്തെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പ്രിൻസിപ്പൽ സെഷൻസ് കോടതി നടത്തിയ നിരീക്ഷണം.

നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതിന് തെളിവുണ്ടെന്നാണ് ഇ.ഡി. കോടതിയിൽ അറിയിച്ചിരുന്നത്. എന്നാൽ ആ ഉദ്യോഗസ്ഥൻ ആരാണെന്നോ അദ്ദേഹത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളോ ഇ.ഡിയുടെ കൈവശം ഇല്ലെന്ന കാര്യം കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതടക്കം ഇ.ഡി. തനിക്കെതിരെ കളവായ തെളിവുകൾ സൃഷ്ടിക്കുന്നു എന്ന ആരോപണവുമായാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

തനിക്കെതിരായ കള്ളപ്പണക്കേസ് കെട്ടിച്ചമച്ചതാണെന്നും വ്യക്തമായ തെളിവുകളില്ലെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ചുമത്തിയിരിക്കുന്നത് എന്നും കാണിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കീഴ്‌ക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഉയർത്തിയ അതേ വാദങ്ങളാണ് ശിവശങ്കർ ഹൈക്കോടതിയിലും സമർപ്പിച്ചിരിക്കുന്നത്.