കൊച്ചി: സ്വർണക്കടത്ത് കേസിലെ നാല് പ്രതികൾ കൂടി കരുതൽ തടങ്കലിൽ. കേസിലെ ഒന്നാം പ്രതി സരിത്ത്, രണ്ടാം പ്രതി കെ.ടി റമീസ്, അഞ്ചാം പ്രതി ജലാൽ, ആറാം പ്രതി ഷാഫി എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്. കസ്റ്റംസിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സർക്കാരാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം ശിവശങ്കറിനെതിരേയും സമാന കേസ് ചുമത്താൻ സാധ്യതയുണ്ട്. അതിനിടെ ശിവശങ്കറിനെ അഞ്ച് ദിവസം കസ്റ്റഡിയിൽ കോടതി വിട്ടു കൊടുത്തിട്ടുണ്ട്.

ശിവശങ്കർ വഹിച്ച ഉന്നത പദവികൾ കസ്റ്റഡി അപേക്ഷയിൽ ഉൾക്കൊള്ളിക്കാത്തതിൽ കസ്റ്റംസിനെതിരെ രൂക്ഷ വിമർശനമാണ് കോടതി നടത്തിയത്. ശിവശങ്കർ നിരവധി ഉന്നത പദവികൾ വഹിച്ചയാളാണ്. എന്തുകൊണ്ട് അതൊന്നും രേഖപ്പെടുത്താതെ അച്ഛന്റെ പേര് മാത്രം സൂചിപ്പിച്ചതെന്നും എന്തിനാണ് അക്കാര്യങ്ങൾ രേഖപ്പെടുത്തുന്നതിൽ മടിയെന്നും കോടതി ചോദിച്ചു. അന്വേഷണം ഉദ്യോഗസ്ഥൻ ഇക്കാര്യങ്ങളിൽ മറുപടി പറയണം. എന്തിനാണ് കസ്റ്റഡിയിൽ വേണമെന്ന് കൂടി അപേക്ഷയിൽ പറയണമെന്നും കോടതി ആവശ്യപ്പെട്ടു.

നിരവധി തവണയായി അന്വേഷണം നടക്കുന്നു. പതിനൊന്നാം മണിക്കൂറിൽ അറസ്റ്റിന് പ്രേരിപ്പിച്ച ഘടകമെന്താണെന്നും കോടതി ചോദിച്ചു. സ്വപ്നയുടെയും മറ്റു പ്രതികളുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് കസ്റ്റംസ് ഇതിന് നൽകിയ മറുപടി. മാധവൻ നായരുടെ മകൻ എന്നു മാത്രമാണ് ശിവശങ്കറിനെ കുറിച്ച് കസ്റ്റംസ് കസ്റ്റഡി അപേക്ഷയിൽ സൂചിപ്പിച്ചിരുന്നത്. പത്ത് ദിവസത്തെ കസ്റ്റഡിയാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. എന്നാൽ പത്ത് ദിവസം കസ്റ്റഡിയിൽ നൽകാനാവില്ലെന്ന് കോടതി വാക്കാൽ പറഞ്ഞിട്ടുണ്ട്. ഇതിനിടെ സ്വപ്ന സരിത്ത് എന്നിവരെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. മൂവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ നീക്കം.

പ്രതികൾ പുറത്തിറങ്ങിയാൽ രാജ്യത്തെ സാമ്പത്തിക അവസ്ഥയെ അസ്ഥിരപ്പെടുത്തുമെന്ന് ചൂണ്ടിക്കാണിച്ചാണ്  കേസിലെ ഒന്നാം പ്രതി സരിത്ത്, രണ്ടാം പ്രതി കെ.ടി റമീസ്, അഞ്ചാം പ്രതി ജലാൽ, ആറാം പ്രതി ഷാഫി എന്നിവർക്കെതിരെ കേന്ദ്ര ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയുടെ കരുതൽ തടങ്കൽ ഉത്തരവ്. കഴിഞ്ഞ ദിവസം പ്രതികളെ പാർപ്പിച്ചിരിക്കുന്ന വിയ്യൂർ സെൻട്രൽ ജയിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥർ ഉത്തരവ് ജയിൽ സൂപ്രണ്ടിന് കൈമാറിയിരുന്നു. ഉത്തരവിനെ തുടർന്ന് നാല് പ്രതികളെയും ബുധനാഴ്ച പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും. ജാമ്യമില്ലാതെ ഒരുവർഷത്തോളം നാല് പ്രതികൾക്കും ജയിലിൽ കഴിയേണ്ടിവരും.

കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപിനെയും നേരത്തെ കരുതൽ തടങ്കലിലാക്കിയിരുന്നു. ഇതോടെ കേസിൽ ഇതുവരെ ആറ് പ്രതികൾ കരുതൽ തടങ്കലിലായി. ശിവശങ്കർ അടക്കമുള്ളവരെ ഇങ്ങനെ ജയിലിൽ അടയ്ക്കുന്നതും പരിഗണനയിലാണ്. കസ്റ്റംസ് കസ്റ്റഡിയിൽ കിട്ടിയതോടെ ചോദ്യം ചെയ്യൽ തുടരാം. അതിന് ശേഷം ശിവശങ്കറിനെ കരുതൽ തടങ്കലിൽ വയ്ക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കും. നയതന്ത്ര ബാഗേജ് കിട്ടാൻ ശിവശങ്കർ സഹായിച്ചുവെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.

കള്ളക്കടത്തിന്റെ രീതിയും കൂടുതൽ പ്രതികളെ കണ്ടെത്തുന്നതിനും പത്ത് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇത് അനുവദിച്ചില്ല. കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിച്ച് അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിടുകയായിരുന്നു. സ്റ്റംസ് രജിസ്റ്റർ ചെയ്ത സ്വർണക്കടത്തു കേസിൽ 23ാം പ്രതിയാണ് ശിവശങ്കർ. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ അഞ്ചാം പ്രതിയും. പിടിയിലായി 5 മാസത്തിനു ശേഷം പ്രതി സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പുതിയ ചോദ്യം ചെയ്യൽ രീതിയിലേക്ക് അന്വേഷണ ഏജൻസികളും കടക്കുകയാണ്. കഴിഞ്ഞ 10 ന് ഇഡി ഉദ്യോഗസ്ഥരോടും 18 ന് കസ്റ്റംസിനോടും വെളിപ്പെടുത്തിയ വിവരങ്ങൾ എൻഐഎ ഉൾപ്പെടെ ഏജൻസികൾ ഒരുമിച്ചു വിലയിരുത്തി.

സരിത്, ശിവശങ്കർ, സ്വപ്ന എന്നിവരെ കസ്റ്റംസ് ആദ്യം വെവ്വേറെയും ഉത്തരങ്ങളുടെ അടിസ്ഥാനത്തിൽ ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും. മൂന്നുപേരെയും കസ്റ്റഡിയിൽ ചോദിച്ചിരിക്കുകയാണു കസ്റ്റംസ്.സ്വപ്നയുടെ ഫോണിലേക്കു വിളിച്ചതായി ആദ്യം പുറത്തുവന്ന പട്ടികയിലെ പ്രമുഖരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ് അടുത്ത നീക്കം. മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇഡിക്കു പുറമേ കസ്റ്റംസും ചോദ്യം ചെയ്‌തേക്കും. സ്വപ്നയുമായി അടുത്ത് ഇടപാടുകൾ നടത്തിയവരെയും പ്രോട്ടോക്കോൾ മറികടന്നു യുഎഇ കോൺസുലേറ്റ് സന്ദർശിച്ചവരെയും കുറിച്ച് 5 മാസമായി നടക്കുന്ന രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും സംശയാസ്പദമായ ഇടപാടുകളും യാത്രകളും നടത്തിയവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുക.

നയതന്ത്ര പാഴ്‌സലിനുള്ളിൽ സ്വർണം കടത്താൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ പ്രേരണയും സഹായവും നൽകിയതായി പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിനു മൊഴി നൽകിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്ത ശേഷം സ്വപ്നയെ വീണ്ടും കസ്റ്റംസ് ജയിലിനുള്ളിൽ ചോദ്യം ചെയ്തപ്പോഴാണ് ഈ മൊഴി നൽകിയത്. കസ്റ്റംസ് നിയമം 108 ാം വകുപ്പു പ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ നൽകുന്ന മൊഴികൾക്കു മജിസ്‌ട്രേട്ട് മുൻപാകെ നൽകുന്ന രഹസ്യമൊഴിയുടെ അത്രതന്നെ തെളിവുമൂല്യമുണ്ട്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിമാൻഡിൽ കഴിയുന്ന ശിവശങ്കറിന്റെ അറസ്റ്റ്, കസ്റ്റംസ് സൂപ്രണ്ട് വിവേക് വാസുദേവൻ നായരുടെ നേതൃത്വത്തിലുള്ള സംഘം കാക്കനാട് ജില്ലാ ജയിലിലെത്തി രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് കസ്റ്റഡിയിൽ 10 ദിവസം ചോദ്യം ചെയ്യാനായി സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ അപേക്ഷ നൽകിയത്. കേസിൽ കൂടുതൽ പ്രതികളുടെ പങ്കാളിത്തം സംബന്ധിച്ച സൂചന സ്വപ്നയുടെ മൊഴിയിലുണ്ടെങ്കിലും കസ്റ്റംസ് ഇക്കാര്യം അപേക്ഷയിൽ വ്യക്തമാക്കിയിട്ടില്ല. ശിവശങ്കറെ ചോദ്യം ചെയ്ത ശേഷം കൂടുതൽ അറസ്റ്റുണ്ടാകും.