കൊച്ചി: എം.ശിവശങ്കറിന് ബന്ധുക്കളെ വിഡിയോ കോൾ ചെയ്യാൻ കോടതിയുടെ അനുമതി. ജയിലിൽ ശിവശങ്കറിന് പേനയും പേപ്പറും നൽകണമെന്നും കോടതി നിർദ്ദേശിച്ചു. കസ്റ്റംസ് കസ്റ്റഡിക്കുശേഷം തിരികെ ജയിലിലെത്തുമ്പോൾ ഇവ അനുവദിക്കും. സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിനെ അഞ്ചുദിവസത്തെ കസ്റ്റംസ് കസ്റ്റഡിയിലാണ് വിട്ടിരിക്കുന്നത്. അതിനിടെ ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നിർണ്ണായക വിവരങ്ങൾ ശിവശങ്കറിൽ നിന്ന് കിട്ടുമെന്നാണ് പ്രതീക്ഷ. പേനയും പേപ്പറും വീഡിയോ കോളും എന്തിനാണെന്ന സംശയം അന്വേഷണ ഏജൻസികൾക്കുണ്ട്. എങ്കിലും കോടതി പറഞ്ഞതു കൊണ്ട് അത് എത്തിച്ചു കൊടുക്കും. അന്വേഷണ ഏജൻസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കാനുള്ള തന്ത്രമാകാം ഇതെന്നും സംശയമുണ്ട്.

സ്വർണക്കടത്ത് ശിവശങ്കർ നേരെത്തെ അറിഞ്ഞിരുന്നു എന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് . എന്നാൽ ചോദ്യംചെയ്യലിൽ ശിവശങ്കർ ഇത് സമ്മതിച്ചിട്ടില്ല . വാട്‌സ്ആപ്പ് ചാറ്റ് അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ കൂടി നിരത്തിയാണ് കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ. 30-ാം തീയതി വരെ കസ്റ്റംസിന് ശിവശങ്കറിനെ ചോദ്യം ചെയ്യാൻ സാധിക്കും. എൻഫോഴ്‌സ്‌മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ റിമാന്റിൽ കഴിയുന്ന ശിവശങ്കറിനെ കഴിഞ്ഞ ദിവസമാണ് കോടതി കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടത്.

കസ്റ്റഡി കാലവധി തീർന്ന് തിരികെ കാക്കനാട് ജില്ലാ ജയിലിൽ എത്തുമ്പോൾ ശിവശങ്കറിനെ വീഡിയോ കോൾ വിളിക്കാൻ അനുവദിക്കണം. ഭാര്യ മകൻ അച്ഛൻ എന്നിവരെ വിളിക്കാനാണ് അനുമതി. സഹോദങ്ങൾക്കും അഭിഭാഷകനും ജയിലിൽ സന്ദർശനവും അനുവദിക്കണം. ആഴ്ചയിൽ 3 ദിവസം സഹോദരന്മാരായ നാരായണൻ, ഉണ്ണിക്കൃഷ്ണൻ, അനന്തരവൻ ആനന്ദ് കൃഷ്ണൻ എന്നിവരെ ജയിലിൽ നേരിൽ കണ്ടു സംസാരിക്കാൻ കോടതി അനുവാദം നൽകിയിട്ടുണ്ട്. ഈ കൂടിക്കാഴ്ച ഒരു മണിക്കൂറിൽ കവിയരുത്.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ അഞ്ചു ദിവസത്തേക്കാണ് കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടത്. പത്ത് ദിവസത്തെ കസ്റ്റഡിയാണ് കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടത്. ശിവശങ്കറിന്റെ ഫോൺ പിടിച്ചെടുത്തത് കസ്റ്റംസ് ആണ്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകാത്തിൽ ഇഡി ഗൂഢാലോചന കാണുന്നുണ്ട്.

ഈ മാസം 6 ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹാജരാകാൻ നോട്ടീസ് നൽകിയപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളാണ് രവീന്ദ്രൻ കാരണമായി പറഞ്ഞിരുന്നത്. അന്ന് കോവിഡ് ആണെന്ന് പറഞ്ഞെങ്കിൽ ഇന്ന് കോവിഡ് അനന്തര രോഗങ്ങളാണ് കാരണം. ഇങ്ങനെ തുടർച്ചയായി ഹാജരാകാത്തത് തന്ത്രമാണെന്നാണ് ഇ.ഡി.യുടെ വിലയിരുത്തൽ. ശിവശങ്കർ ഇ ഡി യുടെ കസ്റ്റഡിയിലുള്ള സമയത്താണ് ആദ്യം ചോദ്യം ചെയ്യലിന് വിളിച്ചത്. അന്ന് കോവിഡ് പോസിറ്റീവാണെന്ന് അന്വേഷണ ഏജൻസിയെ അറിയിച്ചു. രവീന്ദ്രനെയും ശിവശങ്കറെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള അവസരമാണ് അന്ന് ഇ.ഡിക്ക് നഷ്ടമായത്.

ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്താൽ പല കാര്യങ്ങളും പുറത്തു വരും. പൊതുവേ ചോദ്യം ചെയ്യലുകളോട് സഹകരിക്കാത്ത ആളാണ് ശിവശങ്കർ. ഇരുവരും ഒരുമിച്ച് ഒരേ സ്ഥലത്ത് ഉള്ളപ്പോൾ ഒഴിഞ്ഞു മാറൽ എളുപ്പമാകില്ല. അടുത്ത മാസം രണ്ടിന് ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കുകയാണ്. അതിന് മുൻപെങ്കിലും രവീന്ദ്രനെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ ആലോചന. ഇവർ തമ്മിലുള്ള ആശയ വിനിമയങ്ങളുടെ ഡിജിറ്റൽ രേഖകൾ അടക്കം ഇ.ഡി.ശേഖരിച്ചിട്ടുണ്ട്. രവീന്ദ്രനിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ ശിവശങ്കറിന്റെ ജാമ്യത്തിന് തടസമാകും.

തിരുവനന്തപുരം കാർഗോ കോംപ്ലക്‌സിൽ 30 കിലോഗ്രാം സ്വർണം പിടികൂടിയ കേസിൽ ശിവശങ്കറിനെയും വിദേശത്തേക്ക് 1.9 ലക്ഷം ഡോളർ കടത്തിയ കേസിൽ സ്വപ്ന, സരിത് എന്നിവരെയും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചോദ്യം ചെയ്തു തുടങ്ങിതും നിർണ്ണായകമാണ്. സ്വർണക്കടത്തിനെ പറ്റി ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്ന സ്വപ്നയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണു ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. സ്വപ്ന, ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാൽ എന്നിവരുമായി ശിവശങ്കർ നടത്തിയ വാട്‌സാപ് ചാറ്റുകൾ, സ്വപ്നയ്‌ക്കൊപ്പം നടത്തിയ വിദേശയാത്രകൾ എന്നിവയാണു പ്രധാനമായും ചോദ്യംചെയ്യലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആകെ തളർന്ന അവസ്ഥയിലാണ് ശിവശങ്കർ.

സ്വപ്നയ്‌ക്കൊപ്പം നടത്തിയ വിദേശയാത്രകളിൽ സന്ദർശിച്ചവരുടെ വിശദാംശങ്ങളാണു ഇന്നലെ ശിവശങ്കറിൽ നിന്നു പ്രധാനമായും തേടിയത്. സ്വപ്ന, സരിത് എന്നിവരോടും സ്വർണക്കടത്തിൽ ശിവശങ്കറിന്റെ പങ്കാളിത്തത്തെപ്പറ്റിയായിരുന്നു പ്രധാന ചോദ്യങ്ങൾ. സ്വർണക്കടത്ത് കേസിൽ സൂപ്രണ്ട് വിവേക് വാസുദേവൻ നായർ, ഡോളർ കടത്ത് കേസിൽ സൂപ്രണ്ട് കെ. സലിൽ എന്നിവരാണു ചോദ്യം ചെയ്യലിനു നേതൃത്വം നൽകുന്നത്.