കൊച്ചി: നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ നിയമവിരുദ്ധപ്രവർത്തന നിരോധന നിയമം (യുഎപിഎ) ചുമത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നിയമോപദേശം തേടി. സ്വർണ്ണ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ എൻഐഎ അറസ്റ്റ് ചെയ്യാനാണ് ഇത്. സ്വപ്നയും സരിത്തും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡോളർ കടത്തിലും ശിവശങ്കറിനെ കസ്റ്റംസ് പ്രതി ചേർത്തേക്കും.

കള്ളക്കടത്തിനെ ദേശവിരുദ്ധ പ്രവർത്തനത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് സ്വർണക്കടത്തിൽ ഇതുവരെ അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയത്. ശിവശങ്കറിനേയും പ്രതിയാക്കണമെന്നാണ് എൻഐഎയുടെ നിലപാട്. കള്ളക്കടത്തു സ്വർണമോ അതിലൂടെ നേടിയ പണമോ ദേശവിരുദ്ധ ശക്തികൾക്കു കൈമാറിയിട്ടുണ്ടോയെന്ന അന്വേഷണമാണ് എൻഐഎ നടത്തുന്നത്. എന്നാൽ അന്വേഷണത്തിൽ കോടതികൾ തൃപ്തരല്ല. അതുകൊണ്ടാണ് യുഎപിയെ നിയമത്തിൽ മതിയായ കരുതൽ എൻഐഎ എടുക്കുന്നത്.

സ്വർണക്കടത്തിൽ ശിവശങ്കറിന്റെ പങ്കാളിത്തം കണ്ടെത്തി യുഎപിഎ ചുമത്താൻ നിയമോപദേശം തേടിയത്. ഇന്നു കോടതിയിൽ ഹാജരാക്കുന്ന ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിച്ചോദിക്കാനുള്ള സാധ്യതയും ഏറെയാണ്. എൻഐഎയും കസ്റ്റഡിയിൽ വാങ്ങാനുള്ള സാധ്യത ഏറെയാണ്. ശിവശങ്കർ, സ്വപ്ന, സരിത് എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതു പൂർത്തിയാക്കി കസ്റ്റംസ് ഇന്നു സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ തിരികെ ഹാജരാക്കും. തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ ശിവശങ്കറിനെയും 1.90 ലക്ഷം ഡോളർ വിദേശത്തേക്കു കടത്തിയ കേസിൽ സ്വപ്ന, സരിത് എന്നിവരെയും 5 ദിവസമാണു കോടതി കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നത്.

കേന്ദ്ര ഏജൻസികളുടെ സൈബർ വിഭാഗം എം.ശിവശങ്കർ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ ഫോൺ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറെ കസ്റ്റഡിയിൽ കൂടുതൽ ചോദ്യം ചെയ്യാനാണു കസ്റ്റംസിന്റെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും എൻഐഎയുടേയും നീക്കം. ശിവശങ്കറിന്റെ മൂന്നാമത്തെ ഫോൺ കൂടി കണ്ടെത്താനും ശ്രമം നടക്കുന്നു. ഒരു ഫോണേ ഉള്ളൂവെന്നാണു ശിവശങ്കർ അറിയിച്ചിരുന്നത്. സ്വപ്ന സുരേഷിന്റെ ഒരു ഫോണിലേക്കു വന്ന ചില വാട്‌സാപ് ചാറ്റുകളുടെ ഉറവിടം അന്വേഷിച്ചപ്പോഴാണു 2 ഫോൺ കൂടി ഉണ്ടെന്ന് മനസ്സിലായത്.

അദ്ദേഹത്തിനു വേറെയും 2 ഫോൺ നമ്പറുകൾ ഉണ്ടായിരുന്നെന്നും അതുപയോഗിച്ചാണു കൂടുതലും സംസാരിച്ചിരുന്നതെന്നും മിക്കതും വാട്‌സാപ് കോളുകളായിരുന്നുവെന്നും സ്വപ്ന മൊഴി നൽകുകയും ചെയ്തു. തുടർന്നുള്ള പരിശോധനയിലാണ് ഒരു ഫോൺ കൂടി കണ്ടെത്തിയത്. ആദ്യം നിഷേധിച്ചെങ്കിലും തെളിവുകൾ ഹാജരാക്കിയപ്പോൾ ശിവശങ്കറും ഇക്കാര്യം സമ്മതിച്ചതായാണ് അറിയുന്നത്. സ്വപ്നയും സംഘവും പിടിക്കപ്പെട്ടപ്പോൾ തന്നെ ഈ ഫോൺ ബന്ധുവിനെ ഏൽപിച്ചിരുന്നുവെന്നാണു സൂചന. പുതിയ ഫോണിൽ നിന്നുള്ള ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ കസ്റ്റംസും ഇഡിയും നടപടി തുടങ്ങി.

ശിവശങ്കറിൽനിന്ന് ആദ്യം പിടിച്ചെടുത്ത ഫോണിലെ ഡിലീറ്റ് ചെയ്തിരുന്ന വാട്‌സാപ് ചാറ്റുകൾ സിഡാക്കിന്റെ സഹായത്തോടെ വീണ്ടെടുത്തപ്പോഴാണ് സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധത്തിന്റെ നിർണായക വിവരങ്ങൾ ലഭിച്ചത്. ശിവശങ്കർ ഇപ്പോഴും ചോദ്യം ചെയ്യലുമായി പൂർണമായി സഹകരിക്കുന്നില്ല. കസ്റ്റഡി നീട്ടിച്ചോദിക്കാൻ ഇക്കാര്യവും കോടതിയെ അറിയിക്കും.

സ്വപ്നയെയും കൂട്ടുപ്രതി സരിത്തിനെയും കഴിഞ്ഞ ദിവസം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ശിവശങ്കറിനെക്കുറിച്ച് ചില കാര്യങ്ങൾ കൂടി അപ്പോൾ വെളിപ്പെടുത്തി. സ്വപ്ന പറഞ്ഞ ചില കാര്യങ്ങളിൽ സരിത്തും വ്യക്തത വരുത്തി. പക്ഷേ, ശിവശങ്കർ അതെല്ലാം നിഷേധിക്കുകയാണ്.