- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവശങ്കറിന് സ്വർണകടത്തുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ കഴിയുന്ന വിവരങ്ങൾ കണ്ടെടുത്തു; ഉന്നതപദവി അലങ്കരിക്കുന്ന കാലഘട്ടത്തിൽ പല വിവരങ്ങളും സ്വപ്നയുമായി പങ്കുവെച്ചത് രാജ്യ സുരക്ഷയെ പോലും വെല്ലുവിളിക്കുന്ന നടപടി; അന്വേഷണവുമായി ഇപ്പോഴും സഹകരിക്കുന്നില്ല; പല ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറുന്നു; ശിവശങ്കറിനെതിരെ കസ്റ്റംസ്; കസ്റ്റഡി കാലാവധി നീട്ടി
കൊച്ചി: സ്വർണകടത്ത് കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി കോടതി നീട്ടി. ഡിസംബർ 22 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ശിവശങ്കറിനെതിരേ കൂടുതൽ തെളിവുകളുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചതിനെ തുർന്നാണ്ഇത്. ഈ സാഹചര്യത്തിലാണ് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി വീണ്ടും കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഇതോടെ കേസിൽ തെളിവുണ്ടെന്ന വാദം കോടതി അംഗീകരിക്കുകയാണെന്ന വിലയിരുത്തലും സജീവമായി. മുഖ്യമന്ത്രിയുടെ അസി പ്രൈവറ്റ് സെക്രട്ടറിയായ സി എം രവീന്ദ്രൻ ഉടൻ ചോദ്യം ചെയ്യലിന് ഹാജരാകും. സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുമ്പോൾ കസ്റ്റംസ് കസ്റ്റഡിയിൽ ശിവശങ്കർ ഉള്ളതും നിർണ്ണായകമാണ്.
ശിവശങ്കറിന് സ്വർണകടത്തുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ കഴിയുന്ന വിവരങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞെന്നാണ് കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് എക്സ്റ്റെൻഷൻ റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് ഈ കേസിൽ നടന്നിട്ടുള്ളതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ശിവശങ്കർ ഉന്നതപദവി അലങ്കരിക്കുന്ന കാലഘട്ടത്തിൽ പല വിവരങ്ങളും സ്വപ്നയുമായി പങ്കുവെച്ചിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു. സർക്കാരിന്റെ ഭാവി പദ്ധതികൾ പുറത്തുവിട്ടത് രാജ്യത്തിന്റെ സുരക്ഷയെ പോലും വെല്ലുവിളിക്കുന്ന നടപടിയാണെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി.
അന്വേഷണവുമായി ഇപ്പോഴും ശിവശങ്കർ സഹകരിക്കുന്നില്ല. പ്രധാനപ്പെട്ട പല ചോദ്യങ്ങളിൽ നിന്നും അദ്ദേഹം ഇപ്പോഴും ഒഴിഞ്ഞ് മാറുകയാണ്. അതുകൊണ്ട് തന്നെ കൂടുതൽ പേരെ ചോദ്യം ചെയ്യേണ്ട സാഹചര്യമാണുള്ളത്. എങ്കിൽ മാത്രമേ ഈ കേസിലെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുകയുള്ളൂവെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ശിവശങ്കറിന്റെ കസ്റ്റഡി കാലം കൂട്ടുന്നത്. താമസിയാതെ കോഫപോസ നിയമ പ്രകാരം ശിവശങ്കറിനെ കരുതൽ തടങ്കലിലാക്കുമെന്നും സൂചനയുണ്ട്, സ്വാഭാവിക കാലത്തിനുള്ളിൽ ജാമ്യം കിട്ടാതിരിക്കാനാണ് ഇത്. എൻഐഎയും ശിവശങ്കറിനെ യുഎപിഎ നിയമ പ്രകാരം അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.
അതിനിടെ ലൈഫ് മിഷൻ പദ്ധതി സംബന്ധിച്ച അന്വേഷണത്തിന് ഏർപ്പെടുത്തിയ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയെ സമീപിച്ചു. സ്റ്റേ നിലനിൽക്കുന്നത് കൂടുതൽ അന്വേഷണത്തെ ബാധിക്കുന്നതായും സിബിഐ കോടതിയെ അറിയിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ മഞ്ഞുമലയുടെ ഒരു അംശം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. കൂടുതൽ കാര്യങ്ങൾ പുറത്തുവരാൻ കേസിലുള്ള സ്റ്റേ നീക്കണം. അഴിമതിയിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘത്തിന് പങ്കുണ്ട്. മറ്റ് ഏജൻസികളും ഇക്കാര്യങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു.
ഉദ്യോഗസ്ഥർക്കും മറ്റും നൽകുന്നതിനായി സ്വപ്ന സുരേഷിന് ഐഫോണുകൾ നൽകിയതായി സന്തോഷ് ഈപ്പൻ സമ്മതിച്ചിട്ടുണ്ട്. ഇങ്ങനെ നൽകിയ ഏഴ് ഐഫോണുകളിൽ ഒന്ന്എം. ശിവശങ്കറിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ശിവശങ്കർ സന്തോഷ് ഈപ്പന് വഴിവിട്ട സഹായങ്ങൾ ചെയ്തിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. ഹാബിറ്റാറ്റിന്റെ പ്രൊപോസൽ മാറ്റി യൂണടാക്കിന് കരാർ നൽകിയതായി ലൈഫ് മിഷൻ സിഇഒ യു. വി. ജോസിന്റെയും മൊഴിയുണ്ടെന്നും സിബിഐ ചൂണ്ടിക്കാണിച്ചു. ഇത്തരം കേസുകൾ ഭാഗികമായിപ്പോലും തടസ്സപ്പെടുത്താൻ പാടില്ലെന്ന സുപ്രീം കോടതിയുടെ മുൻകാല വിധികളും ചൂണ്ടിക്കാട്ടിയാണ് ലൈഫ് മിഷനിലുള്ള അന്വേഷണത്തിനുള്ള സ്റ്റേ നീക്കണണെന്ന് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വർണക്കടത്തിലും അനുബന്ധ കുറ്റകൃത്യങ്ങളിലും ശിവശങ്കറിന്റെ പങ്കാളിത്തം സ്ഥിരീകരിക്കുന്ന കൂടുതൽ തെളിവുകൾ കസ്റ്റംസ് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. ശിവശങ്കറിന്റെ ഫോണുകളിൽ നിന്നുള്ള വിവരങ്ങൾ അടങ്ങിയതാണു മുദ്രവച്ച കവർ. 2 ഫോണുകളും ടാബ്ലറ്റിന്റെ സിംകാർഡും അടുത്തിടെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ചയിലേക്കു മാറ്റിയതോടെ പ്രതിഭാഗം അപേക്ഷ പിൻവലിച്ചു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കേസിൽ എം. ശിവശങ്കർ ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ വാദം തുടരും. ശിവശങ്കറിനുവേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയാണു ഹാജരാകുന്നത്. മജിസ്‌ട്രേട്ട് മുൻപാകെ സ്വപ്നയും സരിത്തും ഇന്നലെ രഹസ്യമൊഴി നൽകി. ക്രിമിനൽ നടപടിക്രമം 164ാം പ്രകാരമുള്ള മൊഴിയെടുപ്പ് ഇന്നും തുടരും
മറുനാടന് മലയാളി ബ്യൂറോ