കൊച്ചി : സ്വപ്ന പണവുമായി കടന്നു കളയുമെന്നു ഭയം ശിവശങ്കറിനും ഉണ്ടായിരുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതു കാരണമാണ് സ്വപ്‌നയുടെ ബാങ്ക് ഇടപാടിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെയും ശിവശങ്കർ ഉൾപ്പെടുത്തിയതെന്ന് ഇഡി പറയുന്നു. അന്വേഷണം നിർണായക ഘട്ടത്തിലാണ്. ജാമ്യം നൽകുന്നത് തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമിടയാക്കും. ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഹൈക്കോടതിയെ ഇഡി അറിയിച്ചു.

സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ പണവും മറ്റും ശിവശങ്കറിന്റേതാണെന്ന് ഇഡി ആവർത്തിച്ചു. സ്വർണക്കള്ളക്കടത്തു സംബന്ധിച്ച് ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷയാണു കോടതി പരിഗണിക്കുന്നത്. വാദം പൂർത്തിയായതോടെ ജസ്റ്റിസ് അശോക് മേനോൻ കേസ് വിധി പറയാൻ മാറ്റി. എന്നാൽ അന്വേഷണം ദീർഘകാലമായി നടക്കുകയാണെന്നും ഇതുവരെ കുറ്റകൃത്യം എന്താണെന്നു കൃത്യമായി പറഞ്ഞിട്ടില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ പറഞ്ഞു. ശിവശങ്കറിനെ ഭയമുള്ളതുകൊണ്ടാണു ശിവശങ്കറിന്റെ പങ്ക് മുൻപു പറയാതിരുന്നതെന്നു സ്വപ്ന പറഞ്ഞിട്ടുണ്ട്. സ്വപ്ന 15നും 16നും നൽകിയ മൊഴികളും ശിവശങ്കർ 18നും സരിത്ത് 17നും നൽകിയ മൊഴികളും മുദ്രവച്ച കവറിൽ കോടതിക്കു നൽകും.

പണം ഒളിപ്പിച്ചു വയ്ക്കാനാണു ശിവശങ്കർ സ്വപ്നയെ ഉപയോഗിച്ചതെന്ന് ഇഡിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു പറഞ്ഞു. പണം ശിവശങ്കറിന്റേതാണെന്ന് അദ്ദേഹത്തിന്റെ പെരുമാറ്റം വ്യക്തമാക്കുന്നു. ജീവിതമാർഗമില്ലാതിരുന്ന സ്വപ്നയ്ക്ക് 64 ലക്ഷവും 100 പവൻ സ്വർണവും സമ്പാദിക്കാനുള്ള ശേഷിയില്ല. ചാർട്ടേഡ് അക്കൗണ്ടന്റിനോട് സ്വപ്നയുമായി ചേർന്ന് ലോക്കൽ തുറക്കാനും വിവരങ്ങൾ നൽകാനും ആവശ്യപ്പെട്ടത് ആ പണം തന്റേതായതിനാലാണ്.

അതിനിടെ തെറ്റായ വിവരങ്ങളാണു വാട്‌സാപ് സന്ദേശങ്ങളെക്കുറിച്ച് ഇഡി നൽകുന്നതെന്നതെന്ന് ശിവശങ്കറിനായി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വാദിച്ചു. ശിവശങ്കറല്ല, ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലാണു പണം ലോക്കറിൽ വയ്ക്കാമെന്നും ഒന്നിച്ചു ലോക്കർ ആരംഭിക്കാമെന്നും പറഞ്ഞത്. ശിവശങ്കറിനു ഈ ലോക്കറിനുമേൽ നിയന്ത്രണമുണ്ടായിരുന്നില്ലെന്നും വാദിച്ചു.

മൊഴികൾ തുടരെ നൽകിയതിനു ശേഷമാണോ താൻ ഭയന്നിരുന്നെന്നു സ്വപ്ന പറയുന്നത്. എന്താണ് ആരോപണമെന്ന് ഇഡി കൃത്യമായി പറയണം. മാസങ്ങളായി ശിവശങ്കർ കസ്റ്റഡിയിലാണ്. പല ഏജൻസികളാണ് അന്വേഷിക്കുന്നത്. ഇതുവരെയും വസ്തുതകൾ കണ്ടെത്തിയില്ലേ എന്നും അഭിഭാഷകൻ ചോദ്യമുയർത്തി.

ശിവശങ്കർ ഇപ്പോഴും അന്വേഷണവുമായി സഹകരിക്കുന്നില്ല. ഏത് കസ്റ്റംസ് ഉദ്യോഗസ്ഥനുമായാണ് സംസാരിച്ചതെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും ഇ.ഡി.ക്കായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു പറഞ്ഞു. ശിവശങ്കറിനെതിരേ ആദ്യം മൊഴിനൽകാത്തത് എന്തുകൊണ്ടാണെന്ന് സ്വപ്ന പറഞ്ഞിട്ടുണ്ടെന്നും അത് മുദ്രവെച്ച കവറിൽ നൽകാമെന്നും ഇ.ഡി. അറിയിച്ചു. എന്നാൽ, സമ്മർദത്തെത്തുടർന്നാണ് സ്വപ്ന, ശിവശങ്കറിനെതിരേ മൊഴിനൽകിയതെന്നായിരുന്നു ശിവശങ്കറിനുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ ജയദീപ് ഗുപ്തയുടെ വാദം.

ഡിസംബർ 18-ന് ശിവശങ്കറും സരിത്തും നൽകിയ മൊഴിയും ഡിസംബർ 15, 16 തീയതികളിൽ സ്വപ്ന നൽകിയ മൊഴിയുമാണ് നിർണായകം. ഇതിൽ 13-ാം നമ്പർ ചോദ്യത്തിന് സ്വപ്ന നൽകിയ ഉത്തരത്തിൽ ലോക്കറിലെ 1.8 കോടി രൂപ ശിവശങ്കറിന്റേതാണെന്നു സമ്മതിച്ചിട്ടുണ്ട്. കൈക്കൂലിയായി ശിവശങ്കറിനു കിട്ടിയതാണ് ഈ പണം. ലോക്കറിലെ പണത്തിന്റെ ഉടമയും കൈവശക്കാരനും ശിവശങ്കറാണ്. അതിനാൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള കേസ് നിലനിൽക്കും. തെളിവുണ്ടാകാതിരിക്കാൻ ശിവശങ്കർ സ്വപ്നയുമായി സംസാരിച്ചിരുന്നത് വാട്സാപ്പ്, ടെലിഗ്രാം എന്നിവയിലൂടെയാണ്. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഇ.ഡി. ബോധിപ്പിച്ചു.

പണം തന്റേതായതിനാലാണ് ചാർട്ടേഡ് അക്കൗണ്ടിനെക്കൂടി ഉൾപ്പെടുത്തി സ്വപ്നയെക്കൊണ്ട് ശിവശങ്കർ സംയുക്ത ലോക്കറെടുപ്പിച്ചത്. അഥവാ, പണം സ്വപ്നയുടേതാണെങ്കിലും അത് ഒളിപ്പിക്കാൻ സഹായിച്ചതിലൂടെ ശിവശങ്കർ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള കുറ്റം ചെയ്തിട്ടുണ്ട്. അതിനാൽ ജാമ്യം അനുവദിക്കരുതെന്നും ഇ.ഡി. വാദിച്ചു. സ്വപ്നയിപ്പോൾ ചിത്രത്തിലില്ലാത്ത അവസ്ഥയാണെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ വാദിച്ചു. എല്ലാം ചെയ്തത് ശിവശങ്കറാണെന്നാണു പറയുന്നത്. കസ്റ്റംസുമായി സംസാരിച്ചതിനു തെളിവില്ലെന്ന് കീഴ്ക്കോടതി പറഞ്ഞിട്ടുണ്ട്. ചുറ്റിത്തിരിയുന്ന അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. അന്വേഷണത്തിന് അവസാനമില്ലേയെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ ചോദിച്ചു.