- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്കറിലുണ്ടായിരുന്നത് ശിവശങ്കറിന് കൂടി പങ്കുള്ള സ്വർണം; വിവാഹ സമ്മാനം എന്ന വാദം നിലനിൽക്കില്ലെന്ന് ഇഡിയുടെ നിഗമനം; രവീന്ദ്രനും ഉത്തരം പറയാത്തതിനാൽ ഒരു കിലോ സ്വർണ്ണത്തിൽ അനിശ്ചിതത്വം തുടരുന്നു; ശിവശങ്കറിനും സ്വപ്‌നാ സുരേഷനും സ്വത്തെല്ലാം നഷ്ടമാകും; കരുതലോടെ നീങ്ങാൻ കേന്ദ്ര ഏജൻസികൾ
കൊച്ചി: നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു എൻഐഎ പിടിച്ചെടുത്ത ബാങ്ക് ലോക്കറിലെ ഒരു കിലോഗ്രാം സ്വർണം ആർക്കും ഇല്ലാതെയാകും. ലോക്കറിലെ സ്വർണം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം സ്വപ്ന മറ്റാർക്കോ വേണ്ടി സൂക്ഷിച്ചതാണെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അനുമാനം.
അതിനിടെ യഥാർഥ ഉടമയെ കണ്ടെത്താൻ തന്ത്രപരമായ നീക്കം തുടരുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) സ്വർണം കണ്ടുകെട്ടാനാണ് നീക്കം. ഇതോടെ എ ശിവശങ്കറിന്റേയും സ്വപ്‌നാ സുരേഷിന്റേയും സ്വത്തെല്ലാം കണ്ടു കെട്ടും. ഇതിനുള്ള ഒരുക്കം തുടങ്ങിയതോടെ സ്വർണം വിട്ടുകിട്ടാൻ സമ്പാദ്യത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ട ബാധ്യത പ്രതികൾക്കായി. അല്ലാത്ത പക്ഷം സ്വത്ത് എല്ലാം നഷ്ടമാകും.
ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും സ്വപ്ന സുരേഷിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ലോക്കറിലാണു സ്വർണം കണ്ടെത്തിയത്. സ്വർണാഭരണം വിവാഹസമ്മാനമായി പിതാവു നൽകിയതാണെന്ന് സ്വപ്‌ന പറയുന്നു. എന്നാൽ 20 വർഷം മുൻപു വിവാഹം നടന്ന സന്ദർഭത്തിൽ സ്വപ്നയുടെ കുടുംബത്തിന് ഇത്രയും സാമ്പത്തിക ശേഷിയുണ്ടായിരുന്നില്ലെന്നാണ് കണ്ടെത്തൽ. ആഭരണങ്ങളിൽ ഏറെയും പുതിയ നിർമ്മാണ രീതിയിലുള്ളതാണ്. ഇതും സ്വപ്‌നയുടെ വാദം പൊളിക്കുന്നു.
സ്വർണം ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം സ്വപ്ന മറ്റാർക്കോ വേണ്ടി സൂക്ഷിച്ചതാണെന്നാണ് അനുമാനം. മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്റെ ചോദ്യം ചെയ്യലിൽ ഇതു സംബന്ധിച്ച 12 ചോദ്യങ്ങൾ ഇഡി ചോദിച്ചെങ്കിലും ഒന്നിനും രവീന്ദ്രൻ വ്യക്തമായ മറുപടി നൽകിയില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണു സ്വർണം കണ്ടുകെട്ടാൻ ഇഡി തീരുമാനിച്ചത്. സ്വർണ്ണത്തെ കുറിച്ച് അറിയില്ലെന്നാണ് രവീന്ദ്രൻ പറയുന്നത്.
സ്വർണം തനിക്ക് വിവാഹ സമ്മാനമായി അച്ഛൻ തന്നതാണ് എന്ന് സ്വപ്ന പറയുന്നുണ്ടെങ്കിലും അതിന് തെളിവ് ഹാജരാക്കാനായില്ലെങ്കിൽ സ്വർണക്കടത്തിന്റെ ഭാഗമാണിതെന്ന അന്വേഷണ ഏജൻസികളുടെ വാദം കോടതി അംഗീകരിച്ചേക്കും എന്നാണ് നിയമവിദ?ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ 24-ാം സെക്ഷൻ പ്രകാരം അന്വേഷണസംഘം കണ്ടെടുത്ത വസ്തുക്കളുടെ ഉറവിടം പ്രതിക്ക് വെളിപ്പെടുത്താനായില്ലെങ്കിൽ കേസിന്റെ ഭാഗമായി കണക്കാക്കും. കേസുമായി ബന്ധമുള്ളതല്ല അന്വേഷണസംഘം കണ്ടെടുത്ത വസ്തുക്കൾ എന്ന് തെളിയിക്കേണ്ട ബാധ്യത പ്രതിയുടേതാണ്.
എൻ.ഐ.എ. കസ്റ്റഡിയിലുള്ളപ്പോഴാണ് സ്വപ്നയുടെ തിരുവനന്തപുരത്തെ ബാങ്ക് ലോക്കറിൽനിന്ന് 36.5 ലക്ഷം രൂപ കണ്ടെടുത്തത്. തിരുവനന്തപുരത്തെ മറ്റൊരു ബാങ്ക് ശാഖയിലാണ് 64 ലക്ഷം രൂപയും 982.5 ഗ്രാം സ്വർണാഭരണങ്ങളും ഉണ്ടായിരുന്നത്. ആഭരണങ്ങൾ വിവാഹസമ്മാനമായി അച്ഛൻതന്നതാണെന്നായിരുന്നു സ്വപ്നയുടെ വാദം. അതേസമയം, ലോക്കറുകളിലെ ഒരുകോടി രൂപ, യു.എ.ഇ. കോൺസുലേറ്റിൽനിന്നു ലഭിച്ച 'സമ്മാനം' ആണെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
ലോക്കറിലെ ഒരുകിലോയോളം സ്വർണത്തിന്റെ ഉറവിടവും സ്വപ്നയ്ക്ക് തെളിയിക്കേണ്ടി വരും. കേന്ദ്ര ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങളുടെ മുൻകൂർ അനുമതിയില്ലാതെ വിദേശ സ്രോതസ്സുകളിൽനിന്നു നേരിട്ടോ അല്ലാതെയോ സമ്മാനം സ്വീകരിക്കുന്നത് ചട്ടലംഘനമാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) പ്രധാന വാദം ലോക്കറിലെ പണവും സ്വർണവും കള്ളക്കടത്തിന്റെ ഭാഗമാണമെന്നാണ്. ലൈഫ് മിഷൻ കരാറിനുള്ള കമ്മിഷൻ കൈമാറിയത് ബാങ്ക് അക്കൗണ്ട് വഴിയാണ്. സന്ദീപ് നായരുടെ തിരുവനന്തപുരത്തെ അക്കൗണ്ടിലേക്കാണ് പണം നൽകിയത്. സ്വപ്നയ്ക്കു നേരിട്ട് പണം നൽകിയിട്ടില്ലെന്ന് യൂണിടാക് ഉടമ മൊഴി നൽകിയെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്.
സ്വർണക്കടത്തിന് ഇന്ത്യയിലും വിദേശത്തും ഗൂഢാലോചന നടത്തിയെന്ന് സ്വപ്ന എൻഫോഴ്‌സ്‌മെന്റിന് മൊഴി നൽകിയിട്ടുണ്ടെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കിയിരുന്നു. സ്വപ്ന സ്വാധീനമുള്ള വ്യക്തിയാണെന്നും ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്ന് എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടതും കോടതി പരിഗണിച്ചു. സ്വപ്നയുടെ ഉന്നതബന്ധം കൂടുതൽ മറ നീക്കിയത് എൻഫോഴ്‌സ്മന്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിലായിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റുമായി ചേർന്ന് ലോക്കർ എടുത്തത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ െസക്രട്ടറി എം.ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണെന്ന് സ്വപ്ന മൊഴി നൽകിയത് എൻഫോഴ്‌സ്‌മെന്റാണ് കോടതിയിൽ അറിയിച്ചത്. എം.ശിവശങ്കറുമൊന്നിച്ച് മൂന്നു തവണ വിദേശയാത്ര നടത്തിയതും എൻഫോഴ്‌സ്‌മെന്റിന്റെ അന്വേഷണത്തിലാണു വ്യക്തമായത്.
മറുനാടന് മലയാളി ബ്യൂറോ