- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പ്രിംക്ലറിന് ശേഷം താങ്കൾ ആകെ മാറിയിരിക്കുന്നുവെന്ന് സ്വപ്ന; അവർ ഏപ്രിൽ ഒന്നു മുതൽ 20 വരെയുള്ള ഫോൺ രേഖകളെല്ലാം കാണിച്ചുവെന്ന് മറുപടിയും; മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുമ്പോഴും ശിവശങ്കറിന്റെ ഫോൺ ചോർത്തിയോ? ചാറ്റിൽ നിറയുന്നത് അവിശ്വസനീയത
കൊച്ചി: സ്പ്രിംക്ലർ വിവാദത്തിനിടെ മുൻ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിന്റെ ഫോൺ ചോർത്തിയെന്ന് പറയുന്ന വാട്സാപ്പ് ചാറ്റുകൾ പുറത്തു വരുമ്പോൾ വെട്ടിലാകുന്നത് ഒന്നാം പിണറായി സർക്കാർ. വ്യക്തി വിവരങ്ങൾ ചോർത്തുന്നത് നിയമപരമായി തെറ്റാണ്. എന്നിട്ടും അതു ചെയ്തിരിക്കുന്നു. ഈ സംഭവം നടക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ അതിശക്തനാണ് ശിവശങ്കർ. എന്നിട്ടും എന്തിനാണ് ഫോൺ ചോർത്തിയത് എന്നത് ഏവരേയും ഞെട്ടിക്കുന്നതാണ്.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷുമായുള്ള ചാറ്റിലാണ് സ്പ്രിംക്ലർ വിവാദത്തെ തുടർന്ന് തന്റെ ഫോൺ ചോർത്തിയതായി ശിവശങ്കർ വെളിപ്പെടുത്തുന്നത്. അന്നത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷത്തെ ചിലനേതാക്കൾ, മാധ്യമപ്രവർത്തകർ എന്നിവരുടെ ഫോൺ ചോർത്തുന്നതായി നേരത്തേ ആരോപണമുയർന്നിരുന്നു. ചെന്നിത്തല ഒന്നിലേറെ തവണ ഈ ആരോപണം ഉന്നയിച്ചിരുന്നു. പരാതിയും നൽകി. നിയമസഭയിൽ അടക്കം ഉന്നയിക്കുകയും ചെയ്തു.
ഫോൺ എന്നു പറയുന്നത് ഒരു വ്യക്തിയുടെ ഏറ്റവും വലിയ സ്വകാര്യതകൾ ഒന്നായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഫോൺ ഹാക്ക് ചെയ്ത് ഒരു വ്യക്തിയുടെ സ്വകാര്യവിവരങ്ങൾ ചോർത്തുന്നത് വലിയ സ്വകാര്യത ലംഘനവും ഗുരുതരമായ കുറ്റകൃത്യവുമാണ്. ഏതെങ്കിലും കേസിന്റെ ആവശ്യത്തിന് ഇതു ചെയ്യണമെങ്കിൽ പോലും ആഭ്യന്തര സെക്രട്ടറിയുടെ മുൻകൂർ അനുമതി ആവശ്യമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചിരുന്ന കാലത്താണ് ശിവശങ്കറിന്റെ ഫോൺ രേഖകൾ ചോർത്തിയതായി ആരോപണം ഉയരുന്നത്. അതുകൊണ്ടു തന്നെ അതിന് ഔദ്യോഗിക സംവിധാനം ഉപയോഗിക്കാനുള്ള സാധ്യതയും കുറവാണ്.
നയതന്ത്രചാനൽ സ്വർണക്കടത്ത് പിടിക്കപ്പെടുന്നതിനും രണ്ടുമാസം മുമ്പാണ് സ്പ്രിംക്ലർ വിവാദത്തെ തുടർന്ന് തന്റെ ഫോൺ ചോർത്തുന്നതായും തന്റെ നീക്കങ്ങൾ നിരീക്ഷിക്കപ്പെടുന്നതായും ശിവശങ്കർ സ്വപ്നയ്ക്ക് അയച്ച സന്ദേശത്തിൽ പറയുന്നത്. ഇത് തീർത്തും നിയമവിരുദ്ധമാണ്. ഔദ്യോഗികമായി അനുമതിയില്ലാതെ ആരൂടേയും ഫോൺ ചോർത്തുന്നത് ശരിയല്ല. സ്വപ്‌നാ സുരേഷും ശിവശങ്കറും തമ്മിലെ അടുപ്പം പോലും ഫോൺ ചോർത്തിയവർ മനസ്സിലായിരുന്നിരിക്കണം എന്നതാണ് വസ്തുത.
2020 മെയ് 26-ന് സ്വപ്നയ്ക്ക് അയച്ച സന്ദേശം ഇങ്ങനെ; ''എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലായിരുന്നു അത്. എന്നെ അവർ ഏപ്രിൽ ഒന്നു മുതൽ 20 വരെയുള്ള ഫോൺരേഖകളെല്ലാം കാണിച്ചു. എല്ലാ ഫോൺകോളുകളുടെയും വിശദമായ വിവരങ്ങൾ, സമയദൈർഘ്യം, എന്നെ ആരൊക്കെ വിളിച്ചു എന്നും ആരൊക്കെയായി ഞാൻ സംസാരിച്ചു എന്നുമുള്ള വിവരങ്ങൾ''.
മെസേജുകൾക്ക് ശിവശങ്കർ ദിവസങ്ങളോളം മറുപടി തരാതായതോടെ സ്വപ്ന നിർബന്ധിച്ച് ചോദിച്ചതിനെ തുടർന്നാണ് ശിവശങ്കറിന്റെ മറുപടി. സ്വപ്നയുടെ സന്ദേശത്തിലും സ്പ്രിംക്‌ളർ വിവാദം പരാമർശിക്കുന്നുണ്ട്. 'സ്പ്രിംക്ലറിന് ശേഷം താങ്കൾ ആകെ മാറിയിരിക്കുന്നു. എല്ലാ മാറ്റങ്ങളും അതിനുശേഷമാണ്' എന്ന് സ്വപ്ന 2020 മെയ് 24-ന് അയച്ച സന്ദേശത്തിൽ പറയുന്നു. ഇതിനു മറുപടിയായാണ് ഫോൺചോർത്തലിനെപ്പറ്റി ശിവശങ്കർ പറഞ്ഞത്.
ആരാണ് ഫോൺ ചോർത്തിയതെന്നോ ഏത് അന്വേഷണസംഘമാണ് ഫോൺരേഖകളുമായി തനിക്ക് മുന്നിൽ വന്നതെന്നോ ശിവശങ്കർ പറയുന്നില്ല. കേന്ദ്ര അന്വേഷണ ഏജൻസികൾ രംഗത്തെത്തുന്നതിന് മുമ്പുള്ള സംഭവമാണിത്. ഇക്കാര്യങ്ങൾ സ്വപ്‌നയോട് ശിവശങ്കർ നേരിട്ട് പറഞ്ഞിരിക്കാനുള്ള സാധ്യതയും ഏറെയാണ്.
മറുനാടന് മലയാളി ബ്യൂറോ