കൊച്ചി: ബിജെപി സംസ്ഥാന സമിതിയും ദേശീയ കൗൺസിലും പുനഃസംഘടിപ്പിച്ചു. ഫലത്തിൽ അതൊരു വെട്ടിനിരത്തലായി. പിപി മുകുന്ദനും എംഎസ് കുമാറും അടക്കമുള്ളവരെ മാറ്റി നിർത്തിയ പുനഃസംഘടന. ഇതിനൊപ്പം കൊച്ചിയിലെ ശിവശങ്കറിനേയും വെട്ടിനിരത്തി. സംസ്ഥാന സമിതിയിൽ നിന്ന് ഒരിക്കൽ കൂടി ശിവശങ്കർ പുറത്ത്. അതിന്റെ വേദന ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പരിഹാസ രൂപേണ പങ്കവയ്ക്കുകയാണ് ശിവശങ്കർ. ഈ ഫേസ് ബുക്ക് കുറിപ്പുകൂടി കാണുമ്പോൾ സജീവ അംഗത്വം കൂടി പോകുമായിരിക്കും.. എന്ന പ്രതീക്ഷയും പങ്കുവയ്ക്കുന്നു.

വീണ്ടും ഒരു ചെറിയ പനി, ഓമിക്രോൺ(ഗ്രസ്) അല്ലാട്ടോ .. പിന്നെ ഭീകര ശരീരവേദനയും ... അതുകൊണ്ടാണ് ഈ 'ചരമ'കുറിപ്പെഴുതുവാൻ വൈകിയത്.. പ്രതീക്ഷിച്ചതുപോലെ എന്നെ സംസ്ഥാനസമിതിയിൽ നിന്നുകൂടി ഒഴിവാക്കിയെന്ന വാർത്ത 'സന്തോഷ'പൂർവം എന്റെ സുഹൃത്തുക്കളെ അറിയിക്കട്ടെ. കണക്കുപ്രകാരം ഇത് മൂന്നാം തവണയാണ് എന്നെ പുറത്താക്കുന്നത്..-ഇങ്ങനെയാണ് പുറത്താക്കൽ ശിവശങ്കർ ഫെയ്‌സ് ബുക്കിൽ കുറിക്കുന്നത്.

ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരേ ഒളിയമ്പെയ്ത പി.ആർ. ശിവശങ്കറിനെ ചാനൽചർച്ചയ്ക്കുള്ള പാർട്ടി പാനലിൽനിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചപ്പോൾ, വക്താവ് സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട ശിവശങ്കർ, സുരേന്ദ്രനെ ഉന്നംവെച്ച് സാമൂഹികമാധ്യമത്തിൽ കുറിപ്പിട്ടിരുന്നു. സുരേന്ദ്രനെ ശ്രീശ്രീ ചേർത്ത് വിശേഷിപ്പിച്ച് ഇട്ട കുറിപ്പിലെ പരിഹാസം കുറിക്കുകൊണ്ടു. ശിവശങ്കർ ചർച്ചകളിൽ ബിജെപി.യുടെ ശക്തമായ സാന്നിധ്യമായിരുന്നു. മുരളീധര വിഭാഗത്തിന്റെ 'നോട്ടപ്പുള്ളി'യുമായിരുന്നു.

കോപ്പ അമേരിക്ക ഫുട്‌ബോളിൽ നെയ്മറുടെ ട്രൗസർ കീറിയതിനെ കളിയാക്കി സന്ദീപ് വാചസ്പതിയിട്ട പോസ്റ്റിന് മറുപടിയായി ശിവശങ്കർ ഇട്ട പോസ്റ്റും പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായിരുന്നു. 'അഭിനയചക്രവർത്തിമാരുടെ കളസം കീറുന്ന കാലമാണ് വരുന്നതെന്നും കുറച്ചുനാളായില്ലേ തറ അഭിനയം കാട്ടി നിലത്തുവീണ് ഉരുണ്ട്, ട്രൗസർകീറി, ഷർട്ട്കീറി നാട്ടുകാരെ പറ്റിക്കുന്നു. പറഞ്ഞുവിടുംമുമ്പ് പണി നിർത്തിപ്പോകുന്നതല്ലെ നല്ലത്...' എന്നായിരുന്നു ശിവശങ്കരന്റെ കുറിപ്പ്. ഇതെല്ലാം ഔദ്യോഗികക്കാരെ വേദനിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ശിവശങ്കറിനെ സംസ്ഥാന സമിതിയിൽ നിന്നും മാറ്റുന്നത്.

ശിവശങ്കറിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

ധർമ്മോ രക്ഷതി രക്ഷിതഃ

വീണ്ടും ഒരു ചെറിയ പനി,ഓമിക്രോൺ(ഗ്രസ്) അല്ലാട്ടോ .. പിന്നെ ഭീകര ശരീരവേദനയും ... അതുകൊണ്ടാണ് ഈ 'ചരമ'കുറിപ്പെഴുതുവാൻ വൈകിയത്.. പ്രതീക്ഷിച്ചതുപോലെ എന്നെ സംസ്ഥാനസമിതിയിൽ നിന്നുകൂടി ഒഴിവാക്കിയെന്ന വാർത്ത 'സന്തോഷ'പൂർവം എന്റെ സുഹൃത്തുക്കളെ അറിയിക്കട്ടെ..

എറണാകുളത്തുനിന്ന് പള്ളുരുത്തിയിലെ ശ്രീ സുദേവൻ, ശ്രീ അഡ്വ കൃഷ്ണദാസ് , പറവൂർ ശ്രീ കെ പി രാജൻചേട്ടനും ഒഴിച്ച് മറ്റുള്ള എല്ലാവരും സംസ്ഥാന സമിതിയിൽ പുതുമുഖങ്ങൾ ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്, പലരും ചെറുപ്പക്കാരും , മിടുക്കന്മാരും ആണ്.. സ്ത്രീകളാണെകിൽ ജനകീയ അടിത്തറയുള്ളവരും, സമരമുഖത്തെ താരങ്ങളും ആണ് . ശ്രീ ശങ്കരൻകുട്ടിച്ചേട്ടനും, അഡ്വ സാബുവും പണ്ടുമുതലേ സംസ്ഥാന നേതാക്കൾ ആയതിനാൽ സംസഥാന യോഗത്തിൽ ഉണ്ടാവും. ബാക്കിയെല്ലാവരും പുതുമുഖങ്ങൾ.., ,ശ്രീമതി ലതാ ഗംഗാധരനും,ശ്രീമതി സുധാ ദിലീപിനും, ശ്രീ സി ജി രാജഗോപാലിനും (മുത്തു) ശ്രീമതി സജിനിക്കും എല്ലാവിധ ആശംസകളും..

കണക്കുപ്രകാരം ഇത് മൂന്നാം തവണയാണ് എന്നെ പുറത്താക്കുന്നത്.. ആദ്യം ദേശീയ നിർവാഹക സമിതി അംഗം ആയിരുന്ന ശ്രീമതി റെയ്ച്ചൽ മത്തായി 1989 ൽ എ എൻ രാധാകൃഷ്ണൻ ചേട്ടന്റെ ലോക്‌സഭാ തിരെഞ്ഞെടുപ്പിൽ പറവൂരിൽ പ്രസംഗിക്കുവാൻ എത്താതിരുന്നപ്പോൾ എന്നെയും അന്നത്തെ BMS നേതാവ് , ഇപ്പോൾ സംസ്ഥാന പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താനോടൊപ്പം പ്രസംഗിച്ചത് മാത്രം ഓർമ്മയുണ്ട്. ABVP നഗർ സെക്രട്ടറി ആയിരുന്ന എന്നെ അന്നുതന്നെ പുറത്താക്കി.. BJP യോഗങ്ങളിൽ പ്രസംഗിക്കുവാൻ പാടില്ല എന്ന് പരിഷത്തിന്റെ നിയമം ഞാൻ തെറ്റിച്ചു എന്നതാണ് കുറ്റം. നിയമപരമായി അത് ശരിയാണുതാനും.. ഒരു ആപത്ധർമ്മം എന്നെകരുതിയുള്ളൂ.. ഭാഗ്യത്തിന് അന്നത്തെ സംഘത്തിന്റെ ജില്ലാ പ്രചരകനായിരുന്ന ശശിയേട്ടൻ പിടിച്ചു കടവന്ത്ര നഗർ കാര്യവാഹ് ആക്കി.. ശശിയേട്ടൻ പോയി, ജെ നന്ദേട്ടൻ ജില്ലാ പ്രചാരക്കായി വന്നുപോകുംവരെ സംഘകാര്യകർത്താവായി തുടർന്നു. പിന്നീട് കടവന്ത്ര ബിജു എനിക്കുപകരം കാര്യവാഹ് ആയി.

ഞാൻ അന്നുമുതലാണ് ബിജെപിയിൽ പ്രവർത്തിക്കുവാൻ തുടങ്ങിയത്. ജില്ലാ മീഡിയ സെൽ കൺവീനർ ആയിട്ടാണ് എന്നെ ആദ്യം നിയോഗിച്ചത്.. ഇന്നത്തെപോലെ അത്ര സുഖകരമല്ല മാധ്യമവേട്ട.. ഞാൻ പാർട്ടിയിൽ വരുമ്പോൾ DTP പോയിട്ട് ഫോട്ടോസ്റ്റാറ് പോലുമില്ല, സൈക്ലോസ്‌റ്റൈൽ ആണ് അത്യന്താആധുനിക മാർഗ്ഗം, മാരാർജിയും, രാമൻപിള്ള സാറും വരുമ്പോഴാണ് പിടപ്പതുപണി, അവർ എഴുതിയത് സൈക്ലോസ്‌റ്റൈൽ ചെയ്ത് കോപ്പി കാണിക്കണം, തെറ്റിയാൽ ചിലപ്പോൾ വീണ്ടും എടുക്കണം, പലപ്പോഴും തിരുത്തി ഒപ്പിക്കും. പൈസ കടമായതിനാൽ സൈക്ലോസ്‌റ്റൈൽകാരന്റെ ദേഷ്യപ്പെടൽ വേറെ... ദൃശ്യമാധ്യമങ്ങൾ ഇല്ലാത്തതിനാൽ അധികം വേണ്ട കോപ്പികൾ പത്തോപതിനഞ്ചോ മതി . മാരാർജിക്കുമാത്രം ഹിന്ദു പത്രത്തിൽ കൊടുക്കാൻ നിർബന്ധം അത് കാക്കനാടുവരെ പോകണം. നേരിട്ട് കൊടുക്കണം എല്ലായിടത്തും എന്നാണ് കല്പന, മാതൃഭൂമി, മനോരമ എന്നിവ ടൗണിൽ ഓഫിസുണ്ട്, ഇന്ത്യൻ എക്സ്‌പ്രസ്സ് അന്ന് ഫോർട്ട്‌കൊച്ചി ആസ്പിൻവാൾ കമ്പനിക്കടുത്താണ് ബ്യുറോയും ഓഫീസും.. അരദിവസത്തെ പണിയാണ്..പലപ്പോഴും സഹായി ലൈബ്രറി കണ്ണൻ എളമക്കര രാജേഷ് മാത്രമാണ്. പിന്നീട് DTP വന്നു, ഫോട്ടോസ്റ്റാറ്റും - പകുതിപണികുറഞ്ഞു. പിന്നീട് പാർട്ടി ഓഫിസിൽ ഒരു ഫാക്‌സ് കൂടി മേടിച്ചുവെച്ചപ്പോൾ വെച്ചപ്പോൾ ഓഫിസ് 'ഫുള്ളി ഓട്ടോമാറ്റിക്' ആയി ഞാൻ 'സ്വയം' പ്രഖ്യാപിച്ചു..

അങ്ങിനെ 1998 ൽ അടല്ജി സർക്കാർ അധികാരത്തിൽ വരുന്നു.. BJP യുടെയും CKP എന്ന പപ്പേട്ടന്റെയും സുവർണ്ണ കാലഘട്ടം.. സംഘടനാ കാര്യങ്ങൾ പി പി മുകുന്ദേട്ടൻ ചിട്ടയായി നോക്കുന്നു. പക്ഷെ എനിക്ക് തിന്നിട്ട് 'എല്ലുമ്മേകുത്തിയിട്ട്' ഞാൻ ചില സംശയങ്ങൾ, നയപ്രശ്‌നങ്ങൾ ഉന്നയിച്ചു. അവരൊന്നും ആലോചിച്ചില്ല അപ്പൊത്തന്നെ പിടിച്ചുപുറത്താക്കി. അതാണ് രണ്ടാമത്തെ പുറത്താക്കൽ.. പിന്നീട് ശ്രീധരൻപിള്ള സാർ വന്നപ്പോൾ വീണ്ടും സംസ്ഥാന മീഡിയ ജോയിന്റ് സെൽ കൺവീനറായി പ്രവർത്തിച്ചു. കൂടെ ദീപക് ധർമ്മടവും, അഡ്വ പത്മകുമാറും . എന്തുകൊണ്ടാണെന്നറിയില്ല കൃഷ്ണദാസേട്ടൻ പ്രസിഡന്റായപ്പോൾ ഉത്തരവാദിത്വം ഒന്നും തന്നില്ല.. പിന്നീട് വീണ്ടും കെ ജി വേണുവേട്ടൻ പറഞ്ഞിട്ട് ബാലശങ്കർ ജി ദേശീയ ഇന്റെലെക്ച്ചുൽ സെല്ലിൽ മെമ്പറാക്കി.. പിന്നെയും വീണ്ടും മീഡിയാസെല്ലും, സംസ്ഥാനസമിതി അംഗവും.. പാർട്ടി വ്യക്താക്കളുടെ ലിസ്റ്റിലെ അംഗവും എല്ലാമായി പ്രവർത്തിക്കുവാൻ എനിക്ക് അവസരം തന്നത് ഈ മഹത്തായ പ്രസ്ഥാനമാണ് എന്ന് നന്ദിയോടെ ഓർക്കുന്നു. അങ്ങിനെയിരിക്കെ ഇപ്പോൾ മൂന്നാമതും ഏതാണ്ട് പുറത്തായമട്ടായി.. ഇനി എനിക്കില്ലാത്ത കുറ്റമുണ്ടാകില്ല, സന്ദേശത്തിലെ ശങ്കരാടിയുടെ വാക്കുകളാണ് ഓർമ്മവരുന്നത്. ഈ ഫേസ് ബുക്ക് കുറിപ്പുകൂടി കാണുമ്പോൾ സജീവ അംഗത്വം കൂടി പോകുമായിരിക്കും..

ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് സംഘത്തിന്റെയും, ബിജെപിയുടെയും പ്രവർത്തന പദ്ധതിയിലൂടെ വളർന്നതിനാലാണ്.. അല്ലെങ്കിൽ എവിടെയെങ്കിലും ജോലിയോ, കച്ചവടമോനടത്തി , ആട്ടുകട്ടിലിൽ കിടന്ന് വല്ല പൈങ്കിളി നോവലും വായിച്ച് ഒരു ഫ്യൂഡൽ തെമ്മാടിയായി മരണമടഞ്ഞേനെ.. എത്രയോ പേരെ പരിചയപ്പെടുവാൻ, കുറച്ചുപേരെയെങ്കിലും സഹായിക്കുവാൻ, ധാരാളം വായിക്കുവാൻ, പഠിക്കുവാൻ, ചാനലിൽ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കാളികളാകുവാൻ സംസാരിക്കുവാൻ എന്നെ പ്രാപ്തനാക്കിയത് ഈ മഹത്തയ പ്രസ്ഥാനമാണ്.. അതെല്ലാം നന്ദിയോടെ സ്മരിക്കുന്നു. മറക്കുവാൻ പാടില്ലാത്ത ഒരു പേര് അഡ്വ ഗോപുവിന്റെതാണ്, അദ്ദേഹം പോകേണ്ട ഒരു പ്രോഗ്രാം , മീഡിയ വണ്ണിലെ 'കേരളാസമ്മിറ്റ്' എന്ന പ്രോഗ്രാമിലെ BJP യുടെ കാഴ്ചപ്പാട് അവതരിപ്പിക്കുവാൻ ഡോ അരുൺകുമാറിനോട് പറഞ്ഞു തുടക്കക്കാരനായ, ഒരു മുൻപരിചയവുമില്ലാതെ എനിക്ക് നൽകിയ ആ മഹാമനസ്‌കത അതും നന്ദിയോടെ ഓർക്കുന്നു..

അതുകൊണ്ടു നന്ദി പറഞ്ഞു പോകുകയാണെന്നൊന്നും പാർട്ടിവിട്ടു കരുതേണ്ട കേട്ടോ.. കാസർഗോട്ടെ സർവ്വാദരണീയനായ പാവം കൃഷ്ണനാഥപൈ സാറിനെപ്പോലെ സജീവഅംഗത്വം കിട്ടിയില്ല എന്നുപറഞ്ഞു വിഷമിച്ചു മരിക്കാനൊന്നും എന്നെക്കിട്ടില്ല. കാലണ മെമ്പറായിട്ടണെങ്കിലും ഈ പാർട്ടിയിൽ തന്നെ കാണും.. ഒരു കേന്ദ്രസർക്കാർ ഡയറക്ടർ പോസ്റ്റും വേണ്ട,ഇനി ഒരു പഞ്ചായത്ത് തിരെഞ്ഞെടുപ്പിൽപോലും മത്സരിച്ചില്ലെങ്കിലും .. സംഘടനാ ഉത്തരവാദിത്വം കിട്ടിയില്ലെങ്കിലും .. നാട്ടിലെ ഏതുനീതികേടിനെയും, അപചയങ്ങളെയും പറ്റാവുന്ന രീതിയിൽ, സാധിക്കുന്ന ശക്തിയിൽ ഇനിയും ചോദ്യംചെയ്യും.. മരിക്കുവോളം..

ധർമ്മോ രക്ഷതി രക്ഷിതഃ .. ഇത് വെറും ചൊല്ലല്ല.. മന്ത്രമാണ് മഹാമന്ത്രം.
#കൂടെകാണുമല്ലോല്ലേ
#BJP #RSS