തിരുവനന്തപുരം: ശിവശങ്കറിന്റെ സസ്പെൻഷൻ പിൻവലിക്കാൻ ഉന്നതതല സമിതി കഴിഞ്ഞ ദിവസം സർക്കാരിനോടു ശിപാർശ ചെയ്തു. ഇതു സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസ് പരിശോധിക്കുകയാണ്. രണ്ടു തവണത്തെ സസ്പെൻഷൻ കാലവധി ഇന്ന് അവസാനിക്കുന്നതോടെ ശിവശങ്കറിന്റെ മടങ്ങി വരവ് ഏതു നിമിഷവുമുണ്ടാകുമെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. നാരായണനാണ് ഈ റിപ്പോർട്ട് പുറത്തു വിടുന്നത്.

മാസങ്ങൾ നീണ്ട അജ്ഞാത വാസത്തിനൊടുവിൽ എം.ശിവശങ്കർ തിരിച്ചെത്തുന്നുവെന്നതാണ് വസ്തുത. കഴിഞ്ഞ ഇടതു സർക്കാരിൽ കെ ഫോൺ ്അടക്കമുള്ള വൻകിട പദ്ധതികൾക്ക് ചുക്കാൻ പിടിച്ചത് ശിവശങ്കറാണ്. അതുകൊണ്ട് തന്നെ ശിവശങ്കറിന്റെ സസ്പെൻഷൻ പിൻവലിക്കാൻ ഉന്നതതല സമിതി കഴിഞ്ഞ ദിവസം സർക്കാരിനോടു ശിപാർശ ചെയ്യുമ്പോൾ ഏത് തസ്തികയിൽ ശിവശങ്കർ എത്തുമെന്ന ചർച്ചകളും സജീവമാണ്. കെ റെയിലിന്റെ നടത്തിപ്പ് ചുമതല പോലും കിട്ടിയേക്കുമെന്ന സംശയം സജീവമാണ്.

ഇതു സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസ് പരിശോധിക്കുകയാണ്. രണ്ടു തവണത്തെ സസ്പെൻഷൻ കാലവധി ഇന്ന് അവസാനിക്കുന്നതോടെ ശിവശങ്കറിന്റെ മടങ്ങി വരവ് ഏതു നിമിഷവുമുണ്ടാകും. തിരിച്ചെടുത്തു കൊണ്ടുള്ള ഉത്തരവിനായി കാത്തിരിക്കുകയാണ് ശിവശങ്കർ. ഏതു തസ്തികയിലായിരിക്കും ശിവശങ്കറിന്റെ നിയമനം എന്നതാണ് നിർണ്ണായകം.

സ്വർണക്കടത്ത് കേസിന് ഇതുവരെ ക്ലൈമാക്സായിട്ടില്ല. ഒന്നാം പിണറായി സർക്കാരിനെ പിടിച്ചു കുലുക്കിയ സ്വർണക്കടത്തിൽ, സർക്കാരിന്റെ അതിവിശ്വസ്തനായിരുന്ന ശിവശങ്കർ കുടുങ്ങിയതിന്റെ ഞെട്ടലിൽ നിന്ന് ഇടതു കേന്ദ്രങ്ങളിൽ നിന്ന് ഇന്നും മാറിയിട്ടില്ല. വിഷയം പ്രതിപക്ഷം തിരഞ്ഞെടുപ്പ് നാളുകളിൽ ആളിക്കത്തിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടാമതും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയതോടെ കത്താത്ത പന്തം പോലെയായി ആരോപണങ്ങളെല്ലാമെന്ന് മംഗളം എഴുതുന്നു.

ജാമ്യത്തിലിറങ്ങിയ ശേഷം അജ്ഞാത വാസത്തിലാണ് ശിവശങ്കർ. ശിവശങ്കറിന്റെ സർവ്വീസ് ജീവിതം ഉദ്യോഗഭരിതമാണ്. ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെ നിയന്ത്രിച്ചിരുന്ന പ്രധാനികളിൽ ഒരാളാണ് അദേഹം. 2023 ജനുവരി വരെയാണ് ശിവശങ്കറിന് സർവ്വീസ് കാലാവധിയുള്ളത്. അറസ്റ്റിന് ശേഷം 98 ദിവസം ജയിൽ വാസം അനുഭവിച്ചു. 2020 ഫെബ്രുവരി നാലിന് ശിവശങ്കർ ജാമ്യത്തിൽ ഇറങ്ങി. സ്വപ്ന അനധികൃതപണമിടപാടുകൾ നടത്തിയത് ശിവശങ്കറിന് വേണ്ടിയെന്നാണ് ഇ.ഡി നിഗമനം.

എന്നാൽ വേണ്ടത്ര തെളിവുകൾ കണ്ടെത്താൻ ഇ.ഡിക്ക് ആയില്ല. സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ പണം ലൈഫ് മിഷനിൽ ശിവശങ്കറിന് കിട്ടിയ കമ്മിഷനെന്നാണ് ഇ.ഡി പറയുന്നത്. അതും ഫലം കണ്ടില്ല. മുഖ്യമന്ത്രി ഇതുവരെ കടുത്ത ഭാഷയിൽ ശിവശങ്കറിനെ വിമർശിച്ചിട്ടില്ല. ശിവശങ്കറിനെതിരേ ഉയർന്ന ആരോപണങ്ങൾ സർക്കാർ വിശ്വസിച്ചിട്ടുമില്ലെന്നും മംഗളം റിപ്പോർട്ടിൽ വിശദീകരിക്കുന്നു. എന്നാൽ കേസിന്റെ വിചാരണ ഉടൻ തുടങ്ങുമെന്നതാണ് യാഥാർത്ഥ്യം.

ആരോപണങ്ങൽ സർക്കാർ വിശ്വസിക്കാത്തതു കൊണ്ടാണ് ഇ.ഡിക്കെതിരേ നിയമ നടപടി സ്വീകരിക്കാൻ സർക്കാർ ഒരുങ്ങിയതും കോടതി ഇടപെടലുകൾ ഉണ്ടായതും. കഴിഞ്ഞ ജൂലായ് 16നായിരുന്നു ആദ്യ സസ്പെൻഷൻ. പിന്നീട് രണ്ടാമതും. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഓക്ടോബർ 28 ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ തലസ്ഥാനത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ നിന്ന് ശിവശങ്കറിനെ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഉയർച്ചയും വീഴ്ചയും താഴ്ചയും അടങ്ങുന്ന സർവ്വീസ് ജീവിതം ശിവശങ്കറിന് പരിചിതമാണ്. പുതുവത്സരത്തിൽ ശിവശങ്കറിനെ കാത്തു നിൽക്കുന്നത് വെല്ലുവിളികളാണോ അതോ ശുഭകരമായ ദിനങ്ങളാണോ. കാത്തിരുന്നു കാണാമെന്നാണ് മംഗളം വാർത്ത പറയുന്നത്.