കൊച്ചി: സ്വപ്‌നാ സുരേഷിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നത് ശിവശങ്കറിനെ കുടുക്കാൻ തന്നെ. ശിവശങ്കറിനെതിരെ ഇഡി പുതിയ കേസെടുക്കും. സ്വപ്‌നാ സുരേഷ് മൊഴി കൊടുത്താൽ ഉടൻ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. വ്യാജ ശബ്ദരേഖാ കേസ് സിബിഐയ്ക്ക് കൈമാറും. ഇതിനൊപ്പം ലൈഫ് മിഷനിലെ കമ്മീഷനിൽ കേസുമെടുക്കും. ഇതാണ് ഇഡിയുടെ പദ്ധതി.

ശിവശങ്കറിന്റെ കള്ളപ്പണ ഇടപാടുകളെക്കുറിച്ചു വിശദമായി അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നിയമോപദേശം ലഭിച്ചു. സ്വർണക്കടത്ത്, ഡോളർ കടത്ത്, ലൈഫ് മിഷൻ ഇടപാടുകളിലൂടെ പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണു നിലവിൽ ഇഡിയുടെ അന്വേഷണം മുന്നോട്ടുപോകുന്നത്. അതിന് അപ്പുറത്തേക്ക് അന്വേഷണം നീളും. ദുബായിൽ അടക്കം അന്വേഷണം ഉണ്ടാകും.

സംസ്ഥാന സർക്കാരിന്റെ ഉന്നത സ്ഥാനങ്ങളിൽ ഇരുന്നു ശിവശങ്കർ വരുമാനത്തിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചതിന്റെ സൂചനകൾ സ്വപ്ന സുരേഷിന്റെ പുതിയ മൊഴിയിലുണ്ട്. സ്വപ്ന വെളിപ്പെടുത്തിയ ഇഡിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാനുള്ള അധികാരം ഇഡിക്ക് ഇല്ല. ഇക്കാര്യത്തിൽ സ്വമേധയാ കേസെടുക്കാനുള്ള അധികാരം സംസ്ഥാന പൊലീസിനാണ്. സ്വപ്‌നയുടെ മൊഴി എടുത്ത ശേഷം ഇഡി ഇക്കാര്യം പൊലീസിനെ അറിയിക്കും. പൊലീസ് കേസെടുത്തില്ലെങ്കിൽ ഹൈക്കോടതിയെ ധരിപ്പിച്ച് സിബിഐ അന്വേഷണത്തിന്റെ സാധ്യതയും തേടും.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി സമ്മർദം ചെലുത്തിയെന്നു കള്ളം പറയിച്ചു റെക്കോർഡ് ചെയ്തു പുറത്തെത്തിക്കാൻ ശിവശങ്കർ ഗൂഢാലോചന നടത്തിയെന്നാണു സ്വപ്നയുടെ വെളിപ്പെടുത്തൽ. സ്വപ്ന ഇക്കാര്യം മാധ്യമങ്ങളോടു പറയുന്നതിനു മാസങ്ങൾക്കു മുൻപ് ഇഡിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഡിജിപിക്ക് ഇഡി പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. ഇതിനൊപ്പമാണ് മാധ്യമങ്ങൾക്ക് മുമ്പിലും സ്വപ്‌ന കാര്യം പറയുന്നത്. ഈ സാഹചര്യത്തിൽ വ്യക്തമായ തെളിവു സഹിതം സിബിഐ അന്വേഷണത്തിനു ഹൈക്കോടതിയെ സമീപിക്കാനാണ് ഒരുങ്ങുന്നത്.

സിബിഐ അന്വേഷണം ആവശ്യപ്പെടാനുള്ള നിയമസാധുത സ്വപ്നയുടെ മൊഴികൾക്കുണ്ടെന്നാണ് ഇഡിക്കു ലഭിച്ച നിയമോപദേശം. മജിസ്‌ട്രേട്ട് കോടതിയിൽ സ്വപ്നയെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താനും ഇഡി ആലോചിക്കുന്നുണ്ട്. 15ന് ഇഡി ഓഫിസിൽ ഹാജരാകുന്ന സ്വപ്ന മാധ്യമങ്ങൾക്കു മുൻപിൽ വെളിപ്പെടുത്തിയ കാര്യങ്ങളിൽ ഉറച്ചു നിന്നാൽ മാത്രമേ ഈ നടപടികളിൽ തീരുമാനം ഉണ്ടാകൂ. രഹസ്യമൊഴി എടുത്ത ശേഷമാകും ശിവശങ്കറിനെ അടക്കം ചോദ്യം ചെയ്യാനും ഇനി വിളിപ്പിക്കുക.

ശിവശങ്കറിന്റെ പുസ്തകമായ അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലും ഇഡി പരിശോധിക്കുന്നുണ്ട്. കേസ് അന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഈ പുസ്തകമെന്നാണ് വിലയിരുത്തൽ. ശിവശങ്കർ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നും കണക്കു കൂട്ടുന്നു. ഈ സാഹചര്യത്തിൽ കോടതിയെ സമീപിച്ച് ജാമ്യം റദ്ദാക്കാനും ശ്രമിക്കും. ഐഎഎസ് ഉദ്യോഗസ്ഥർ കേന്ദ്ര സർവ്വീസിന്റെ ഭാഗമാണ്. ഈ സാഹചര്യത്തിൽ ശിവശങ്കറിനെതിരെ കേന്ദ്രവും പുസ്തകം എഴുത്തിൽ നടപടി എടുത്തേക്കും.

അതിനിടെ എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരായ വ്യാജ പീഡനപരാതി കേസിൽ ചോദ്യം ചെയ്യൽ നേരിടാൻ ശിവശങ്കർ സഹായിച്ചെന്ന് വെളിപ്പെടുത്തി സ്വപ്ന സുരേഷ് രംഗത്തു വന്നിട്ടുണ്ട്. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കൊണ്ട് ജോലി സംഘടിപ്പിക്കാൻ ശിവശങ്കർ ഇടപെട്ടിരുന്നതായി വെളിപ്പെടുത്തിയതിന് പിറകെയാണ് പുതിയ കാര്യം സ്വപ്ന വെളിപ്പെടുത്തിയിരിക്കുന്നത്.സ്വപ്ന പ്രതിയായ എയർ ഇന്ത്യ സാറ്റ്‌സ് കേസിൽ ക്രൈംബ്രാഞ്ച് ഇന്നലെ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് ശിവശങ്കറിന്റെ ഇടപെടലുകൾ വെളിപ്പെടുത്തുന്ന പുതിയ ആരോപണം സ്വപ്ന നടത്തിയത്.

നിലവിൽ ഈ കേസിലോ സ്വപ്ന ആരോപിച്ച മറ്റ് കേസുകളിലോ ശിവശങ്കറിനെതിരായ അന്വേഷണം സംസ്ഥാന ഏജൻസികൾ നടത്തിയിട്ടില്ല. എയർ എന്ത്യ സാറ്ര്സ് എച്ച് ആർ മാനേജരായിരുന്ന സ്വപ്നയാണ് അന്ന് വ്യാജപരാതിയുണ്ടാക്കിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ആകെ പത്ത് പ്രതികളാണ് കേസിലുള്ളത്. എയർ ഇന്ത്യ സാറ്റ്‌സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബാണ് ഒന്നാം പ്രതി.പദവിയും അധികാരവുമുള്ളവർക്ക് എതിരെ താൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് െ്രൈകംബ്രാഞ്ച് ചാർജ് ഷീറ്റ് തയ്യാറാക്കിയതെന്ന് സ്വപ്ന പറഞ്ഞു. സത്യം പറഞ്ഞതിന്റെ പ്രതികാരമാണ് പെട്ടെന്നുള്ള ക്രൈംബ്രാഞ്ച് നടപടി.

മുൻപ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ശിവശങ്കർ ഇടപെട്ടിരുന്നതായും അധികാരം ഉപയോഗിച്ച് തന്നെ ആക്രമിക്കാനാണ് ഇപ്പോൾ ശിവശങ്കർ ശ്രമിക്കുന്നതെന്ന് കരുതുന്നെന്നും സ്വപ്ന അഭിപ്രായപ്പെട്ടു. തനിക്കെതിരായ എല്ലാം നടപടികളും നേരിടുക തന്നെ ചെയ്യുമെന്ന് സ്വപ്ന അറിയിച്ചു.