- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്വേഷണ ഏജൻസിയെ വിമർശിക്കുന്നത് കേന്ദ്രത്തെ തള്ളി പറയുന്നതിന് തുല്യം; അശ്വത്ഥാമാവിന്റെ ആന ചെന്നു പെടുന്നത് വമ്പൻ കുരുക്കിൽ; പുസ്തകം പരിഭാഷപ്പെടുത്തി പേഴ്‌സണൽ മന്ത്രാലയത്തിന് കൈമാറാൻ ഇഡി; സ്വയം വിരമിക്കലിനെ കുറിച്ച് ആലോചിച്ച് ശിവശങ്കറും; പെൻഷനും ആനുകൂല്യവും ഉറപ്പിക്കാൻ വിവാദ ഓഫീസർ
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുസ്തകം പ്രസിദ്ധീകരിച്ചത്് എം. ശിവശങ്കറിന് കുടുക്കാകും. അഖിലേന്ത്യാ സർവീസ് ചട്ടത്തിന്റെ ലംഘനം നടത്തിയെന്നാരോപിച്ച് അന്വേഷണ ഏജൻസികൾ കേന്ദ്രത്തെ സമീപിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് നിയമവിദഗ്ധരുമായി ഏജൻസികൾ ചർച്ച നടത്തി. ജാമ്യം റദ്ദാക്കാനും നീക്കം നടത്തും. ഈ സാഹചര്യത്തിൽ സർവ്വീസിൽ നിന്നും സ്വയം വിരമിക്കലിനെ കുറിച്ചും ശിവശങ്കർ ആലോചന നടത്തുന്നതായാണ് സൂചന.
പെൻഷനും മറ്റ് ആനുകൂല്യങ്ങളും യഥാസമയം കിട്ടുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ നീക്കം. കേന്ദ്ര സർക്കാർ നടപടിയുണ്ടായാൽ അതിനെ കോടതിയിൽ ചോദ്യം ചെയ്യണം. കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അത് പ്രതിസന്ധിയാകും. കേരളാ സർക്കാരിന് ഒന്നും ചെയ്യാനുമാകില്ല. ഈ സാഹചര്യത്തിലാണ് ശിവശങ്കർ സ്വയം വിരമിക്കലിനെ കുറിച്ച് ആലോചിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പോലും നേരിൽ കണ്ടിട്ട് മിണ്ടാത്ത സാഹചര്യമുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് സ്വയം വിരമിക്കലിൽ ആലോചന. എന്നാൽ അടുത്ത വർഷം വരെ സർവ്വീസിൽ തുടരണമെന്നാണ് അടുത്ത സുഹൃത്തുക്കൾ നൽകുന്ന ഉപദേശം.
കേന്ദ്ര ഏജൻസികൾ ശിവശങ്കറിനെ പൂട്ടാനള്ള പടപ്പുറപ്പാടിലാണ്. സ്വപ്‌നാ സുരേഷിന്റെ മുഖ്യമന്ത്രിക്ക് അനുകൂലമായ ഓഡിയോ റിക്കോർഡിംഗും പ്രശ്‌നമാണ്. ഇതിനൊപ്പം പുസ്തക രചനയും ചർച്ചയാക്കുന്നു. അന്വേഷണ ഏജൻസികളെ ഇകഴ്‌ത്തിക്കാണിക്കുന്ന രീതിയിൽ ശിവശങ്കർ പുസ്തകം പ്രസിദ്ധീകരിച്ചതിലൂടെ സർവീസ് ചട്ടത്തിന്റെ ലംഘനമാണ് നടത്തിയതെന്ന പ്രാഥമിക വിലയിരുത്തലിലാണ് നിയമവിദഗ്ദ്ധർ. ഇക്കാര്യം കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തെ ഇഡി ഉടൻ അറിയിക്കും.
കേന്ദ്ര അന്വേഷണ ഏജൻസികളെ സ്വർണക്കടത്ത് കേസ് അന്വേഷിക്കാൻ ഏൽപ്പിച്ചത് കേന്ദ്രസർക്കാരാണ്. അന്വേഷണ ഏജൻസികളെ വിമർശിക്കുന്നത് കേന്ദ്രസർക്കാരിനെ വിമർശിക്കുന്നതിനു തുല്യമായി കണക്കാക്കേണ്ടി വരും. ശിവശങ്കറിന്റെ പുസ്തകം പരിഭാഷപ്പെടുത്തി ഒറിജിനലും ചേർത്ത് കേന്ദ്രസർക്കാരിലെ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയക്കുമെന്നാണ് സൂചന. അന്വേഷണ ഏജൻസികളുടെ ആരോപണം കേന്ദ്രസർക്കാർ പരിഗണിച്ചാൽ അന്വേഷണ കമ്മിഷനെ നിയോഗിച്ചേക്കും. ഇത് ശിവശങ്കറിന് വിനയാകും.
അഖിലേന്ത്യാ സർവീസ് ചട്ടപ്രകാരം, സർവീസിലിരിക്കുന്ന ഉദ്യോഗസ്ഥൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ വിമർശിക്കരുത്. റേഡിയോ, പൊതുമാധ്യമം, പ്രസിദ്ധീകരിച്ച രേഖകൾ എന്നിവയിലൂടെ വിമർശനം അനുവദനീയമല്ല. അത് ഉദ്യോഗസ്ഥന്റെ പേരുവച്ചാണെങ്കിലും മറ്റു പേരുകളിൽ എഴുതിയതാണെങ്കിലും കുറ്റകരമായി കണക്കാക്കും. സ്വപ്‌നാ സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകൾ ശിവശങ്കറിന്റെ മാനത്തിന് നേരെയായിരുന്നു. അശ്വത്ഥാമാവ് വെറുമൊരു ആന എന്ന പുസ്തകം വിറ്റപോയെങ്കിലും അഭിമാന ക്ഷതമാണ് ശിവശങ്കറിന് സ്വപ്‌നയുടെ വെളിപ്പെടുത്തലുകൾ ഉണ്ടാക്കിയത്.
ശിവശങ്കർ ഐ.എ.എസിനെതിരേ അതിരൂക്ഷ വിമർശനവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് രംഗത്ത് വന്നിരുന്നു. ഒരു സ്ത്രീ എന്ന നിലയിൽ തന്നെ ചൂഷണം ചെയ്ത് നശിപ്പിച്ചു. തന്നെ നശിപ്പിച്ചതിലും ഇങ്ങനെയാക്കിയതിലും ശിവശങ്കറിന് വലിയ ഉത്തരവാദിത്വമുണ്ട്. മൂന്ന് വർഷമായി ശിവശങ്കർ ജീവിതത്തിന്റെ ഭാഗമാണെന്നും അനൗദ്യോഗിക കാര്യങ്ങൾ മാത്രമേ അദ്ദേഹവുമായി സംസാരിക്കാറുണ്ടായിരുന്നുള്ളൂയെന്നും സ്വപ്ന സുരേഷ് വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ശിവശങ്കർ രചിച്ച അശ്വാത്ഥാമാവ് വെറുമൊരു ആന എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സ്വപ്നയുടെ തുറന്നുപറച്ചിൽ.
താൻ ആത്മകഥ എഴുതിയാൽ ശിവശങ്കറിനെക്കുറിച്ച് പലതും എഴുതേണ്ടിവരുമെന്നും ഒരുപാട് രഹസ്യങ്ങൾ വെളിയിൽവരുമെന്നും അവർ പറഞ്ഞു. ഐടി വകുപ്പിൽ സ്വപ്നക്ക് ജോലി വാങ്ങി നൽകിയത് താനല്ലെന്ന പുസ്തകത്തിലെ പരാമർശവും അവർ തള്ളി. ഒരു ഫോൺവിളി കൊണ്ടാണ് തന്റെ നിയമനം നടന്നത്. ഒരു അഭിമുഖം പോലും ഇല്ലായിരുന്നു. തന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായ ആൾക്ക് എങ്ങനെയാണ് നിയമനത്തേക്കുറിച്ച് അറിയില്ലെന്ന് പറയാൻ സാധിക്കുന്നതെന്നും ചോദിച്ചു.
ഐ ഫോൺ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട കാര്യം തനിക്കില്ല. ഐ ഫോണുകൾ യൂണിടാക് സ്പോൺസർ ചെയ്തായിരുന്നു. അതിലൊന്ന് ശിവശങ്കറിന് നൽകാൻ പറഞ്ഞതായിരുന്നു. അന്ന് അദ്ദേഹം അത് വാങ്ങിച്ചില്ല. പിന്നീട് അദ്ദേഹത്തിന് സാങ്കേതിക പ്രശ്നം ഉണ്ടായപ്പോൾ വിട്ടിൽ വന്നപ്പോൽ ഫോൺ കോടുത്തു. ജന്മദിനത്തിൽ ഫോൺ മാത്രമല്ല ഒരുപാട് സാധങ്ങൾ കൊടുത്തിട്ടുണ്ട്.
ശിവശങ്കർ എന്ന ഐഎഎസ് ഓഫീസറിന്റെ പ്രോട്ടോക്കോൾ എനിക്കറിയില്ല. ശിവശങ്കർ എന്ന കുടുംബ സുഹൃത്തിന് വേണ്ടി കഴിഞ്ഞ മൂന്ന് വർഷമായി എല്ലാ ജന്മദിനത്തിലും പാർട്ടികൾ നടത്തിയിട്ടുണ്ട്, സമ്മാനങ്ങൾ നൽകാറുണ്ട്. ഒരു ഫോൺ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട ആവശ്യം തനിക്കില്ല. ഒരാൾ കൊടുക്കാൻ പറഞ്ഞത്, എന്റെ കൈയിൽ വെച്ച് കൈമാറി. അത് അദ്ദേഹത്തിന് ആവശ്യമുള്ളപ്പോഴാണ് കൊടുത്തത്.
മൂന്ന് വർഷമായി തന്റെ ജീവിതത്തിന്റേയും കുടുംബത്തിന്റെയും മാറ്റിനിർത്താനാകാത്ത ഒരു പ്രധാന അംഗമായിരുന്നു അദ്ദേഹം. തന്റെ അച്ഛനടക്കം എല്ലാം തുറന്ന് സംസാരിക്കുമായിരുന്നു. കണ്ണടച്ച് വിശ്വസിച്ച് തന്നെയായിരുന്നു ശിവശങ്കർ പറയുന്നത് കേട്ട് ജീവിച്ചത്. തന്നെ ഒരു സ്ത്രീ എന്ന നിലയിൽ ചൂഷണം ചെയ്ത് മാനിപ്പുലേറ്റ് ചെയ്ത് നശിപ്പിച്ചു. അതിൽ ശിവശങ്കറിന് വലിയ ഉത്തരവാദിത്വമുണ്ടെന്നും അവർ അഭിമുഖത്തിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ