- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നയുടെ 'ലോക്കർ റിപ്പോർട്ടുകളിൽ' കേന്ദ്ര അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകളിലെ വൈരുദ്ധ്യം ആയുധമാക്കി ശിവശങ്കറിന്റെ അഭിഭാഷകൻ ബി.രാമൻ പിള്ള; എൻഐഎ അന്വേഷണവുമായി പൊരുത്തപ്പെടും വിധമല്ല ഇഡിയുടെ റിപ്പോർട്ട്; ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥനെയല്ല വിളിച്ചതെന്നും ജാമ്യാപേക്ഷയിൽ വാദം; സ്വപ്നയുടെ മൊഴി അവഗണിക്കാനാകുമോ എന്ന് കോടതി
കൊച്ചി: സ്വപ്ന സുരേഷ് ലോക്കറിൽ സൂക്ഷിച്ച പണവുമായി ബന്ധപ്പെട്ട കേന്ദ്ര ഏജൻസികളുടെ വ്യത്യസ്ത റിപ്പോർട്ടുകൾ ആയുധമാക്കി ശിവശങ്കറിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ബി.രാമൻ പിള്ള. സ്വർണക്കടത്തു കേസിലെ എൻഐഐ അന്വേഷണവുമായി പൊരുത്തപ്പെടും വിധമല്ല ഇഡിയുടെ കണ്ടെത്തലുകൾ. ലോക്കറിലെ പണം ലൈഫ് മിഷനിലെ കോഴയാണെന്നാണ് പറയുന്നത്. മറ്റു കേസിലെ കോഴപ്പണം ഇഡിയുടെ കേസുമായി എങ്ങനെ ബന്ധപ്പെടുത്താനാവും? ഒരു തെളിവുമില്ലാതെ പ്രതിയുടെ മൊഴി മാത്രം വച്ചാണ് ഇഡി അന്വേഷണം മുന്നോട്ടുകൊണ്ടുപോവുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇഡിയുടെ ലക്ഷ്യമെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ പറഞ്ഞു.
അതേസമയം, കള്ളക്കടത്തിലെ പണം ഒളിപ്പിക്കാൻ അറിഞ്ഞുകൊണ്ട് ശ്രമിക്കുന്നത് കുറ്റകരമാണെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ചൂണ്ടിക്കാട്ടി. എം. ശിവശങ്കറിന് എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുണ്ടായിരുന്നു എന്നാണ് സ്വപ്നയുടെ മൊഴി. ഇത് അവഗണിക്കാനാകുമോയെന്നു കോടതി ചോദിച്ചു. അവർക്കിടയിലെ വാട്സാപ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ഈ മൊഴി എന്നാണ് ഇഡി പറയുന്നതെന്നും കോടതി പറഞ്ഞു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.
എന്നാൽ നാലുമാസമായി കസ്റ്റഡിയിലായതിനാൽ കടുത്ത മാനസിക സമ്മർദം മൂലമാണ് സ്വപ്ന ഇത്തരത്തിൽ മൊഴി നൽകിയത് എന്നായിരുന്നു ശിവശങ്കറിന്റെ അഭിഭാഷകന്റെ മറുപടി. കൃത്യമായ തെളിവില്ലാതെയാണ് ശിവശങ്കറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്നതെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. മൂന്ന് അന്വേഷണ ഏജൻസികളും മൂന്ന് രീതിയിലാണ് കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്. എൻഐയുടെ അന്വേഷണവും ഇഡിയുടെ അന്വേഷണവും തമ്മിൽ വൈരുദ്ധ്യമുണ്ട്. ശിവശങ്കറിനെതിരായ തെളിവുകൾ പ്രതികളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.
കള്ളക്കടത്തിലൂടെ ലഭിച്ച പണം ഒളിപ്പിക്കാൻ ശിവശങ്കർ കൂട്ടുനിന്നെന്നാണ് സ്വപ്നയുടെ മൊഴിയെന്ന് കോടതി ഓർമിപ്പിച്ചു. സ്വർണക്കടത്തു തുടങ്ങുന്നതിന് ഒരു വർഷം മുമ്പ് അവസാനിപ്പിച്ചതാണ് ലോക്കർ ഇടപാടെന്ന് അഭിഭാഷകൻ പറഞ്ഞു. ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചിട്ടില്ല. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥനെയാണ് ശിവശങ്കർ വിളിച്ചതെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
സ്വർണക്കടത്തിന്റെ ആശയം നൽകിയത് സന്ദീപും സരിത്തുമാണ്, അല്ലാതെ ശിവശങ്കറല്ല. സ്വപ്നയുടെ നിർദേശപ്രകാരം ശിവശങ്കർ എവിടെയുള്ള കസ്റ്റംസ് ഉദ്യോഗസ്ഥനെയാണ് ബന്ധപ്പെട്ടത് എന്ന് ഇ.ഡി വ്യക്തമാക്കിയിട്ടില്ല. ശിവശങ്കർ വിളിച്ചത് കസ്റ്റംസ് ഉദ്യോഗസ്ഥരെയല്ല, പകരം ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥനെയാണ്. ഇതുകൊച്ചി വിമാനത്താവളത്തിൽ ഭക്ഷണ പാക്കേജ് തടഞ്ഞു വച്ചപ്പോഴായിരുന്നു. 2019 ജൂണിലാണ് സ്വർണക്കള്ളക്കടത്ത് നടന്നത്. എന്നാൽ 2018 ഓഗസ്റ്റിലാണ് ലോക്കർ എടുത്തിട്ടുള്ളത്. ഇതിനെ എങ്ങനെ സ്വർണക്കടത്തുമായി ബന്ധിപ്പിക്കാനാവുമെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ ചോദിക്കുന്നു.
ശിവശങ്കർ സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷുമായി നടത്തിയിട്ടുള്ള വാട്സാപ് ചാറ്റ് ഉൾപ്പടെയുള്ള ഡിജിറ്റൽ തെളിവുകളും മറ്റും ഇഡി കോടതിയിൽ മുദ്രവച്ച കവറിൽ കൈമാറിയിട്ടുണ്ട്. ശിവശങ്കറിന്റെ 13 ദിവസത്തെ കസ്റ്റഡി കാലാവധി ഇന്നലെ കഴിഞ്ഞിരുന്നു. തുടർന്ന് സ്വപ്നയിൽ നിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന ഇഡിയുടെ ആവശ്യം പരിഗണിച്ച് ഇന്നലെ ഒരു ദിവസത്തേയ്ക്കു കൂടി ശിവശങ്കറിനെ കസ്റ്റഡിയിൽ നൽകിയിരുന്നു. ഇതേ തുടർന്നാണ് കോടതിയിൽ ഹാജരാക്കിയിട്ടുള്ളത്
മറുനാടന് മലയാളി ബ്യൂറോ