കൊച്ചി: സ്വർണക്കള്ളക്കടത്തിന് മുൻപ് ശിവശങ്കറും സ്വപ്നയും ചേർന്ന് കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് ഇഡിയുടെ വാദം. കുറ്റകൃത്യങ്ങളിലൂടെ സ്വപ്ന സുരേഷിന് ലഭിച്ച പണം ഒളിപ്പിക്കാൻ എം. ശിവശങ്കർ സഹായിച്ചെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു. വേണുഗോപാലിനോട് ലോക്കർ തുറക്കാൻ പറഞ്ഞത് പണം കൈകാര്യം ചെയ്യുന്നതിനായാണ്. 2018ൽ ലോക്കർ തുറന്നത് മറ്റ് കുറ്റകൃത്യങ്ങളിലൂടെ പണം ലഭിച്ചതുകൊണ്ടാണ്. ദുബായി ഭരണാധികാരി 64 ലക്ഷം രൂപ തന്നു എന്ന് പറയുന്നതും കള്ളമാണ്. ഇത്രയും തുക ദുബായ് ഭരണാധികാരി എന്തിനാണ് സ്വപ്നയ്ക്ക് നൽകുന്നതെന്നും അഭിഭാഷകൻ കോടതിയിൽ ചോദിച്ചു.

നിർണായകമായ ചില തെളിവുകൾ മുദ്രവച്ച കവറിൽ കൈമാറാമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും ശിവശങ്കറിനെതിരെ നിലനിൽക്കുമെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയും. ഈ മാസം 26 വരെ റിമാൻഡ് ചെയ്ത ശിവശങ്കരനെ എറണാകുളം ജില്ലാ ജയിലിലേക്ക് മാറ്റി. സ്വപ്ന സുരേഷിന്റെ ലോക്കറിൽനിന്നു കണ്ടെടുത്ത പണം ലൈഫ് മിഷൻ ഇടപാടിലെ കോഴയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ അറിയിച്ചിരുന്നു. ശിവശങ്കറിനെ രക്ഷിക്കാനാണ് ഈ പണം സ്വർണക്കടത്തിലൂടെ ലഭിച്ചതാണെന്ന് സ്വപ്ന മൊഴി നൽകിയതെന്ന് ഇഡി കോടതിയെ അറിയിച്ചു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് ഇഡിയുടെ വാദങ്ങൾ.

ശിവശങ്കറിനു കൂടി അവകാശപ്പെട്ട പണമാണ് ലോക്കറിലുണ്ടായിരുന്നത്. ഇത് ലൈഫ് മിഷൻ ഇടപാടിലെ കോഴയാണ്. ശിവശങ്കറിനെ രക്ഷിക്കാൻ ഇതു സ്വർണക്കടത്തിലെ പണമാണെന്ന് സ്വപന മൊഴി നൽകുകയായിരുന്നു. സ്വപ്ന ശിവശങ്കറിന്റെ മുഖംമൂടി മാത്രമാണെന്നും ഇഡി അഭിഭാഷകൻ പറഞ്ഞു.
മൂന്നാമത് ഒരു ലോക്കർ കൂടി എടുക്കാൻ ശിവശങ്കർ സ്വപ്നയോട് ആവശ്യപ്പെട്ടിരുന്നു. രണ്ടു ലോക്കർ മതിയാവാതെ വന്നപ്പോഴായിരുന്നു ഇത്. സ്വപ്നയുടെ കുറ്റകൃത്യങ്ങളിൽ ശിവശങ്കർ പങ്കാളിയാണ്. ശിവശങ്കറിനു ജാമ്യം നൽകിയാൽ തെളിവു നശിപ്പിക്കപ്പെടുമെന്ന് ഇഡി വാദിച്ചു. സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാം എന്നതിനു തെളിവായി വാട്ട്സ് ആപ്പ് സന്ദേശങ്ങളും സ്വപ്നയുടെ മൊഴിയും ഇഡി കോടതിയിൽ സമർപ്പിച്ചു.

സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസാണ് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ എം ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. യാതൊരു തെളിവും ഇല്ലാതെയാണ് ഈ കേസിൽ ഇഡി അന്വേഷണവുമായി മുന്നോട്ടുപോവുന്നതെന്ന് ജാമ്യാപേക്ഷയിലെ വാദത്തിനിടെ ശിവശങ്കറിന്റെ അഭിഭാഷകൻ കുറ്റപ്പെടുത്തി.

സ്വർണക്കടത്തു കേസിലെ എൻഐഐ അന്വേഷണവുമായി പൊരുത്തപ്പെടും വിധമല്ല ഇഡിയുടെ കണ്ടെത്തലുകൾ. ലോക്കറിലെ പണം ലൈഫ് മിഷനിലെ കോഴയാണെന്നാണ് പറയുന്നത്. മറ്റു കേസിലെ കോഴപ്പണം ഇഡിയുടെ കേസുമായി എങ്ങനെ ബന്ധപ്പെടുത്താനാവും? ഒരു തെളിവുമില്ലാതെ പ്രതിയുടെ മൊഴി മാത്രം വച്ചാണ് ഇഡി അന്വേഷണം മുന്നോട്ടുകൊണ്ടുപോവുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇഡിയുടെ ലക്ഷ്യമെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ പറഞ്ഞു.

പ്രതിയുടെ മൊഴി പ്രധാനമല്ലേയെന്ന് ഈ ഘട്ടത്തിൽ കോടതി ചോദിച്ചു. സ്വർണക്കടത്ത് ശിവശങ്കറിന് അറിയാമായിരുന്നു എന്നാണ് സ്വപ്നയുടെ മൊഴി. അത് അവഗണിക്കാനാവുമോയെന്ന് കോടതി ആരാഞ്ഞു. മാനസിക സമ്മർദം മൂലമാവും സ്വപ്ന അത്തരത്തിൽ മൊഴി നൽകിയത് എന്നായിരുന്നു അഭിഭാഷകന്റെ പ്രതികരണം.കള്ളക്കടത്തിലൂടെ ലഭിച്ച പണം ഒളിപ്പിക്കാൻ ശിവശങ്കർ കൂട്ടുനിന്നെന്നാണ് സ്വപ്നയുടെ മൊഴിയെന്ന് കോടതി ഓർമിപ്പിച്ചു. സ്വർണക്കടത്തു തുടങ്ങുന്നതിന് ഒരു വർഷം മുമ്പ് അവസാനിപ്പിച്ചതാണ് ലോക്കർ ഇടപാടെന്ന് അഭിഭാഷകൻ പറഞ്ഞു. ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചിട്ടില്ല. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥനെയാണ് ശിവശങ്കർ വിളിച്ചതെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു