കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് കോടതി ജാമ്യം നിഷേധിച്ചത് വിശ്വസനീയം അല്ലാത്ത വാദങ്ങൾ ഉന്നയിച്ചതോടെ. ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടെന്ന എം ശിവശങ്കറിന്റെ വാദവും കോടതിയിൽ പൊളിഞ്ഞു. ഈ വാദത്തെ കസ്റ്റംസ് കോടതിയിൽ എതിർത്തു. 2015 മുതൽ രോഗം ഉണ്ടെന്നാണ് പറയുന്നത്. എന്നാൽ വിദേശ യാത്രകൾക്കൊന്നും രോഗം തടസമായില്ലേ എന്നായിരുന്നു കസ്റ്റംസിന്റെ ചോദ്യം.

ശിവശങ്കർ ഒരു സിക്ക് ലീവ് പോലും എടുത്തതായി കാണുന്നില്ലെന്നായിരുന്നു എറണാകുളം സാമ്പത്തിക കുറ്റവിചാരണ കോടതി നിരീക്ഷണം. രോഗം അഭിനയിക്കുകയാണെന്ന് വ്യാഖ്യാനിക്കാവുന്ന പരാമർശങ്ങളോടെയാണ്, ഈ വാദം തള്ളിയത്. കസ്റ്റംസ് വാദം ശരിവയ്ക്കുന്നതാണ് കോടതി ഉത്തരവ്. രോഗമുണ്ടെന്ന് മെഡിക്കൽ രേഖകളിലും വ്യക്തമല്ല. അതേസമയം ശിവശങ്കർ പദവി ഉപയോഗിച്ച് സ്വർണക്കടത്തിൽ പങ്കാളിയായതിന് തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി.

കൂട്ടുപ്രതികളുടെ മൊഴികളിലും ശിവശങ്കറിന്റെ പങ്ക് വ്യക്തമാണ്. ഇപ്പോൾ ജാമ്യം അനുവദിക്കുന്ന സാഹചര്യമുണ്ടായാൽ ഉന്നതരെ സ്വാധീനിച്ചു കേസ് അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുണ്ട്. ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് കേസന്വേഷണത്തെ ബാധിക്കുന്നതിന് ഇടയാക്കും. അതേസമയം 60 ദിവസത്തിനകം കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കുന്നതിന് തടസമുണ്ടാകില്ലെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കിയിട്ടുണ്ട്.

തനിക്കെതിരെ തെളിവുകളില്ലെന്ന ശിവശങ്കറിന്റെ വാദമാണ് കോടതി തള്ളിയത്.ശിവശങ്കറിന്റെ ജാമ്യഹർജിയെ എതിർത്ത കസ്റ്റംസ് മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനായ എം. ശിവശങ്കർ പദവികൾ ദുരുപയോഗം ചെയ്തതായി കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് അറിവുണ്ടായിട്ടും ശിവശങ്കർ ഇക്കാര്യം സർക്കാർ ഏജൻസികളെ അറിയിച്ചില്ല. അത് ഗുരുതരമായ കുറ്റമാണ്.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന പദവിയുൾപ്പെടെ ദുരുപയോഗം ചെയ്തു. ശിവശങ്കറിന് ജാമ്യം അനുവദിച്ചാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. സ്വപ്ന, സരിത്ത്, സന്ദീപ് നായർ എന്നിവരുടെ ജീവനും ഭീഷണിയാകും. ശിവശങ്കർ ഇപ്പോഴും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം തന്റെ കക്ഷിക്കെതിരെ ഒരു തെളിവും കസ്റ്റംസിനു ലഭിച്ചിട്ടില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങൾ മൂലം ബുദ്ധിമുട്ടുന്നതിനാൽ ജാമ്യം അനുവദിക്കണമെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ അഭ്യർത്ഥിച്ചു. എന്നാൽ ശിവശങ്കറിന്റെ സ്വർണക്കടത്തിലെ ഇടപെടൽ വ്യക്തമാണെന്നു കസ്റ്റംസ് കോടതിയിൽ വാദിച്ചു. 2015 മുതൽ ആരോഗ്യപ്രശ്‌നമുണ്ടെന്നു പറയുന്ന ശിവശങ്കർ പിന്നെ എങ്ങനെയാണ് വിദേശയാത്രകൾ നടത്തിയതെന്നും കസ്റ്റംസ് ചോദിച്ചു