കൊച്ചി: ശിവശങ്കറിന്റെ ദുർമുഖം കാണാതിരിക്കാൻ വേണ്ടി മാത്രമാണ് അദ്ദേഹത്തിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് പി.വേണുഗോപാൽ സ്വപ്നയ്ക്കു വേണ്ടി ലോക്കർ തുറന്നതെന്ന നിർണ്ണായക വെളിപ്പെടുത്തലുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിട്ടും ലോക്കറിലെ പണത്തിൽ സ്വപ്ന തൊട്ടില്ല. അതു ശിവശങ്കറിനു ലഭിച്ച കോഴപ്പണമായതിനാലാണു സ്വപ്നയ്ക്ക് ആ പണം ഉപയോഗിക്കാൻ കഴിയാതിരുന്നതെന്നും ഇഡി നിലപാട് എടുക്കുന്നു. ശിവശങ്കറിന് ഭാവിയിലും കുരുക്കാകും ഈ വാദങ്ങൾ. ചാർട്ടേഡ് അക്കൗണ്ടന്റ് പി.വേണുഗോപാൽ നൽകിയ മൊഴികളാണ് ഈ നിഗമനത്തിലേക്ക് എത്താൻ അന്വേഷണ ഏജൻസിക്ക് കരുത്താകുന്നത്.

ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത് ഈ സാഹചര്യത്തിലാണ്. അന്വേഷണം തുടരുകയാണെന്നു വിലയിരുത്തിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നടപടി. ഈ ഘട്ടത്തിൽ ശിവശങ്കറിന്റെയോ ഇ.ഡിയുടെയോ വാദങ്ങളിലേക്കു കടക്കുന്നില്ലെന്നും അന്വേഷണ ഏജൻസിയുടെ രേഖകളിലെ പൊരുത്തക്കേടുകൾ വിലയിരുത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.

സ്വപ്നയുടെ ലോക്കറിൽ എൻ.ഐ.എ കണ്ടെത്തിയ പണം സ്വർണം കള്ളക്കടത്തിൽനിന്നു ലഭിച്ച വരുമാനമാണെന്നാണ് ഇ.ഡി. നേരത്തേ പറഞ്ഞത്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടു ലഭിച്ച കമ്മീഷനാണെന്നു പിന്നീടു പറഞ്ഞു. സ്വപ്ന സുരേഷിനെ കഴിഞ്ഞ പത്തിനു ജയിലിൽ ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരമാണ് ഇതെന്നു വിശദീകരിച്ചു. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ശിവശങ്കർ കൈമാറിയതായും സ്വപ്ന സമ്മതിച്ചിട്ടുണ്ട്.

പിടികൂടിയ പണം ലൈഫ് മിഷനിലെ കൈക്കൂലിയാണോ സ്വർണക്കടത്തിൽനിന്നു ലഭിച്ചതാണോയെന്നു കൂടുതൽ അന്വേഷണത്തിലൂടെയേ വ്യക്തമാകൂ. ശിവശങ്കറിന് കേസിലുള്ള പങ്ക് എന്താണെങ്കിലും അത് അന്വേഷിക്കേണ്ടതുണ്ട്. കേസുമായി ബന്ധപ്പെട്ട് നേരത്തേ ഇ.ഡി നൽകിയ റിപ്പോർട്ടും പുതിയ റിപ്പോർട്ടും തമ്മിൽ പൊരുത്തക്കേടുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടിയപ്പോൾ, ആദ്യ റിപ്പോർട്ട് അന്തിമമല്ലെന്ന് ഇ.ഡിക്കു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.എ. ഉണ്ണിക്കൃഷ്ണൻ ബോധിപ്പിച്ചു. ശിവശങ്കറിനെ ജയിലിൽ ചോദ്യം ചെയ്യാൻ വിജിലൻസിനു കോടതി അനുമതി നൽകിയതും നിർണ്ണായകമാണ്. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ ചോദ്യം ചെയ്യാനാണ് അനുമതി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിജിലൻസ് കേസിലും അഞ്ചാം പ്രതിയാണു ശിവശങ്കർ.

ഇനി ജാമ്യത്തിനായി എം. ശിവശങ്കർ ഹൈക്കോടതിയെ സമീപിക്കും. സ്വർണക്കടത്തിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. കേസിൽ നവംബർ പത്തിന് സ്വപ്നയെ ഇ.ഡി ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ ജയിലിൽ പോയി ചോദ്യംചെയ്ത് മൊഴിയെടുത്തിരുന്നു. ഈ മൊഴിയിൽ കള്ളക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നെന്നും ലോക്കറിൽനിന്ന് ലഭിച്ചപണം ശിവശങ്കറിന് നൽകിയ കോഴയാണെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. സ്വപ്നയുടെ മൊഴിയിൽ ഇക്കാര്യങ്ങൾ പറയുന്നുണ്ടെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പ്രസ്താവിച്ച വിധിയിലും പറയുന്നുണ്ട്.

പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ഇനി ഹൈക്കോടതിയിലാണ് ജാമ്യഹർജി നൽകേണ്ടത്. അടുത്ത ദിവസങ്ങളിൽ ഇതിനു നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട്. അതേസമയം വീണ്ടും പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ശിവശങ്കറിന് ജാമ്യംനൽകാൻ നിയമപരമായി കഴിയുമെങ്കിലും നിലവിലെ വിധിയിൽ ശിവശങ്കറിന് പ്രതികൂലമായ നിരവധി നിരീക്ഷണങ്ങളുള്ളത് വിനയാകുമെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.