- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്ദേ ഭാരത് വിമാനത്തിൽ എട്ട് ബാഗേജുകളുമായി സ്വപ്ന കടത്തിവിട്ട അഞ്ചു പേർ യുഎഇ പൗരന്മാരല്ല; ടിക്കറ്റ് ഉറപ്പിക്കാൻ ശുപാർശ നൽകിയത് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയെന്ന് റിപ്പോർട്ട്; വിമാന കമ്പനിക്ക് സ്പെയ്സ് പാർക്കിലെ ഉദ്യോഗസ്ഥയെ ശിവശങ്കർ പരിചയപ്പെടുത്തിയതും കോൺസുലേറ്റ് ഉദ്യോഗസ്ഥയെന്ന വ്യാജേന; സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളിലെ സംശയം ശിവശങ്കറിനെ അറിയിച്ചെന്ന് സിഎക്കാരന്റെ മൊഴി അതിനിർണ്ണായകം; ഐഎഎസ് സിങ്കം കുടുങ്ങാൻ തന്നെ സാധ്യത
കൊച്ചി: കോൺസുലേറ്റ് കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇനിയും കേന്ദ്ര ഏജൻസികൾ ആരും പ്രതിചേർത്തിട്ടില്ല. മൂന്ന് തവണ ചോദ്യം ചെയ്തിട്ടും എൻഐഎ ശിവശങ്കറിനെ വിട്ടയച്ചു. ഐഎഎസുകാരന് ക്ലീൻ ചിറ്റ് നൽകിയില്ലെന്നാണ് സൂചനകൾ. ഇത് വ്യക്തമാക്കുന്നതാണ് പുറത്തു വരുന്ന റിപ്പോർട്ടും. സ്വപ്നാ സുരേഷിന് വലിയ സഹായങ്ങൾ ചെയ്തുകൊടുത്തുവെന്ന് ശിവശങ്കറിന് മേൽ വീണ്ടും ആരോപമുയരുന്നു. ചാരക്കേസിൽ നമ്പി നാരായണനെ പ്രതിയാക്കിയതു പോലെ ശിവശങ്കറും ബലിയാട് മാത്രമാണെന്ന് സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കൾ വാദങ്ങളുയർത്തുന്നുണ്ട്. ഇതിനിടെയിലും ഞെട്ടിക്കുന്ന വാർത്തകാളാണ് പുറത്തു വരുന്നത്.
ഭീകരബന്ധം ആരോപിക്കപ്പെടുന്ന സ്വർണക്കടത്തു കേസിനു മുൻപ് വൻതോതിൽ വിദേശ കറൻസി രാജ്യത്തിനു പുറത്തേക്കു കടത്താനും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ സഹായം പ്രതി സ്വപ്ന സുരേഷ് തേടിയതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഏറെ ഗൗരവമുള്ള ആരോപണമാണ് ഇത്. ജൂണിൽ പറന്ന വന്ദേഭാരത് വിമാനങ്ങളുടെ ദുബായിലേക്കുള്ള യാത്രയിൽ 5 വിദേശികൾക്കു ടിക്കറ്റ് ഉറപ്പാക്കാനാണു സ്വപ്ന ശിവശങ്കറിന്റെ സഹായം തേടിയത്. യുഎഇ കോൺസുലേറ്റിൽ നിന്നു സ്വപ്ന സുരേഷ് ബന്ധപ്പെടുമ്പോൾ സഹായിക്കണമെന്നു വിമാനക്കമ്പനിയെ നേരിട്ട് അറിയിച്ചതും ശിവശങ്കറാണെന്നാണ് റിപ്പോർട്ട്.
കേരളത്തിൽ കുടുങ്ങിയ യുഎഇ പൗരന്മാരെ നാട്ടിലെത്തിക്കാനാണു സ്വപ്ന സഹായം തേടിയതെന്നാണു ശിവശങ്കറിന്റെ നിലപാട്. എന്നാൽ, മലയാളികളെ തിരികെയെത്തിക്കാൻ പോയ വിമാനങ്ങളിൽ 8 ബാഗേജുകൾ അടക്കം സ്വപ്ന കയറ്റിവിട്ട 5 പേരും യുഎഇ പൗരന്മാരായിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. വിദേശകറൻസി കടത്തിയതായി സംശയിക്കുന്ന ബാഗേജുകളുടെ പരിശോധനയിലും ദുരൂഹതയുണ്ട്. ഇത് ശിവശങ്കറിനെ കുടുക്കാൻ പോന്ന കണ്ടെത്തലുകളാണ്. ഈ സമയം സ്വപ്ന കോൺസുലേറ്റിലെ ജോലി രാജിവച്ചു ശിവശങ്കറിന്റെ കീഴിലുള്ള സ്പേസ് പാർക്ക് പദ്ധതിയിൽ ചേർന്നിരുന്നു. ഇത് അറിയാമായിരുന്നിട്ടും കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായി സ്വപ്നയെ പരിചയപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കാൻ ശിവശങ്കറിനു കഴിഞ്ഞില്ല. ഇതും ഊരാക്കുടുക്കായി മാറും. മനോരമയാണ് ഈ വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്
ഇന്ത്യയിൽ നിന്നു ശേഖരിച്ച വിദേശ കറൻസി ലോക്ഡൗൺ കാലത്തു വിദേശത്തേക്കു കടത്താൻ സ്വപ്ന വന്ദേഭാരത് സർവീസുകൾ ഉപയോഗപ്പെടുത്തിയെന്ന മൊഴി അന്വേഷണ സംഘങ്ങൾക്കു ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്തിന്റെ ഭാഗമായി നടത്തിയ കള്ളപ്പണ ഇടപാടുകളിൽ അന്വേഷണം തുടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണു പ്രതീക്ഷ. സ്വപ്ന വിദേശകറൻസി ശേഖരിച്ചതു സ്വർണക്കടത്തിനു മാത്രമാണെന്ന് ഇഡി കരുതുന്നില്ല. വിദേശ കറൻസി ശേഖരിക്കാൻ സഹായിച്ചവരെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. വലിയ ഹവാല ഇടപാടുകൾ നടന്നുവെന്നാണ് ഇഡിയുടെ വിലയിരുത്തൽ.
ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രണ്ടുവട്ടം ചോദ്യം ചെയ്തതോടെ പുറത്തു വരുന്നതു സ്വപ്നയ്ക്ക് 'അധികാരത്തിന്റെ ഇടനാഴി'യിലുള്ള സ്വാധീനത്തിന്റെ കൂടുതൽ വിവരങ്ങളാണെന്നും റിപ്പോർട്ടുണ്ട്. ശിവശങ്കറിന്റെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ ചാർട്ടേഡ് അക്കൗണ്ടന്റും സ്വപ്നയും സംയുക്തമായി ബാങ്ക് ലോക്കർ തുറന്നത് 2018 നവംബറിലാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്നു കണ്ടെടുത്ത 1 കോടി രൂപ ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച കമ്മിഷനായിരുന്നെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. നയതന്ത്ര പാഴ്സൽ വഴി സ്വർണക്കടത്ത് ആരംഭിച്ചതു 2019 ജൂലൈയിലാണ്. ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന പണം, സ്വർണം, അവയുടെ ക്രയവിക്രയം എന്നിവ സംബന്ധിച്ച മുഴുവൻ വിവരങ്ങളും രേഖകൾ സഹിതം ചാർട്ടേഡ് അക്കൗണ്ടന്റ് അന്വേഷണ സംഘത്തിനു കൈമാറി.ലോക്കറിന്റെ താക്കോൽ സൂക്ഷിച്ചിരുന്നതു ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നെന്നും സ്വപ്ന മൊഴി നൽകി.
സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളിൽ സംശയം തോന്നിയ ചാർട്ടേഡ് അക്കൗണ്ടന്റ് ഇക്കാര്യം ശിവശങ്കറിനെ അറിയിച്ചിരുന്നു. എന്നാൽ സംയുക്ത ബാങ്ക് ഇടപാടുകൾ അവസാനിപ്പിക്കാൻ ശിവശങ്കർ പറഞ്ഞില്ല. ഇതോടെ സ്വപ്നയ്ക്കു വേണ്ടി നടത്തുന്ന മുഴുവൻ ഇടപാടുകളുടെയും രേഖകൾ ഇദ്ദേഹം സൂക്ഷിച്ചു തുടങ്ങി. ഈ രേഖകൾ വച്ചുള്ള ചോദ്യം ചെയ്യലിൽ വ്യക്തമായ ഉത്തരം നൽകാൻ ശിവശങ്കറിനു കഴിഞ്ഞിട്ടില്ല. ഇതും അന്വേഷണ സംഘം ഗൗരവത്തോടെ പരിശോധിക്കുന്നുണ്ട്. ഇതെല്ലാം ശിവശങ്കറിന് കുരുക്കായി മാറും. ശിവശങ്കറിനെ ഉടൻ വീണ്ടും ഇഡി ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. എൻഐഎയും ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് പരിഗണിക്കുന്നുണ്ട്. ഇനിയൊരിക്കൽ കൂടി എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്താൽ അറസ്റ്റിലേക്ക് കാര്യങ്ങൾ പോകാനുള്ള സാധ്യത ഏറെയാണ്.
സ്വർണക്കടത്തിലും അതിലെ ഹവാല ഇടപാടുകളിലും ബന്ധമില്ലെന്നാണ് ശിവശങ്കർ പറയുന്നത്. കസ്റ്റംസിനോടും എൻ.ഐ.എ.യോടും ഇതേ മറുപടിയാണ് നേരത്തേ ശിവശങ്കർ പറഞ്ഞിരുന്നത്. സ്വാതന്ത്ര്യദിനത്തിൽ അഞ്ചുമണിക്കൂറോളമാണ് ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യംചെയ്തത്. മൊഴി അവലോകനംചെയ്തശേഷം അദ്ദേഹത്തെ വീണ്ടും ഇഡി വിളിപ്പിച്ചേക്കും. ശനിയാഴ്ച നാലുമണിയോടെ ഇ.ഡി.യുടെ കൊച്ചി ഓഫീസിലേക്ക് എത്തിയ ശിവശങ്കർ ഒമ്പതുമണിക്കുശേഷമാണ് മടങ്ങിയത്. സ്വപ്നയുൾപ്പെട്ട സംഘം സ്വർണക്കടത്തിന് സഹായം നൽകുന്ന വിവരം ഒരിക്കലും അറിഞ്ഞിരുന്നില്ലെന്ന് ശിവശങ്കർ പറഞ്ഞു.
പ്രളയ സഹായധന സമാഹരണത്തിന് മുഖ്യമന്ത്രിയടക്കമുള്ളവർ യു.എ.ഇ. സന്ദർശിച്ച സമയത്ത് സ്വപ്നയും ശിവശങ്കറും കൂടിക്കാഴ്ചകൾ നടത്തിയതിനെക്കുറിച്ചും ഇ.ഡി. ഉദ്യോഗസ്ഥർ ചോദിച്ചു. ഇതിൽ അസ്വഭാവികതയൊന്നുമില്ലെന്നും കോൺസുലേറ്റ് നിർദേശപ്രകാരമായിരുന്നു കൂടിക്കാഴ്ചകളെന്നും ശിവശങ്കർ മറുപടിനൽകി.
മറുനാടന് മലയാളി ബ്യൂറോ