- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനിയൊരു വിവാദത്തിന് കൂടിയില്ല; ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി നീട്ടി; തിരിച്ചുവരവ് ശുദ്ധികലശം നടത്തി മാത്രം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി നീട്ടി സംസ്ഥാന സർക്കാർ. ഇനിയൊരു വിവാദത്തിനുകൂടി ഇട നൽകേണ്ടതില്ലെന്ന രാഷ്ട്രീയ തീരുമാനത്തിന് പുറത്താണ് സ്പെൻഷൻ കാലാവധി നീട്ടുന്ന കാര്യം കേന്ദ്രത്തെ അറിയിച്ചത്. ക്രിമിനൽ കേസിൽ പ്രതിയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ കാലാവധി നീട്ടിയത്.
കേന്ദ്ര ഏജൻസികൾ ഉദ്യോഗസ്ഥനെ കുടുക്കുകയായിരുന്നെന്ന അഭിപ്രായം സർക്കാർ വൃത്തങ്ങളിലുണ്ടെങ്കിലും വലിയ മാധ്യമശ്രദ്ധ നേടിയ കേസായതിനാൽ ശുദ്ധികലശം നടത്തി തിരിച്ചുവന്നാൽ മതിയെന്നാണ് സർക്കാർ തീരുമാനം. ഒരു വർഷം കൂടി ശിവശങ്കറിന് മുന്നിലുണ്ട്. കേന്ദ്ര ഏജൻസികൾ കുറ്റവിമുക്തനാക്കിയില്ലെങ്കിൽ പോലും ശിവശങ്കറിനെ വേട്ടയാടിയതാണെന്നുള്ള ഒരു പ്രതീതി സൃഷ്ടിച്ച ശേഷം തിരിച്ചെടുത്താൽ വിവാദങ്ങളിൽ നിന്നും ഒഴിവാകാമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. ശിവശങ്കറിനും അത് തന്നെയാണ് താൽപര്യമെന്നാണ് റിപ്പോർട്ടുകൾ.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ശിവശങ്കറിനെ സ്വർണക്കടത്തുകേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്ന സുരേഷിന്റെ അനധികൃത നിയമനവും മൂലമാണ് സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്തത്. ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ. 2020 ജൂലൈ 16ന് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. 2023 ജനുവരി വരെ ശിവശങ്കറിനു സർവീസ് ശേഷിക്കുന്നുണ്ട്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയാണ് ശിവശങ്കർ. ക്രിമിനൽ കുറ്റത്തിന് അന്വേഷണമോ വിചാരണയോ നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സംസ്ഥാന സർക്കാരിനു സസ്പെൻഡ് ചെയ്യാം. അഴിമതിക്കേസ് അല്ലെങ്കിൽ സസ്പെൻഷൻ കാലാവധി ഒരു വർഷമാണ്. ഇതിനു ശേഷം ആവശ്യമെങ്കിൽ സംസ്ഥാന സർക്കാരിനു സസ്പെൻഷൻ കാലാവധി നീട്ടാം. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുകയും വേണം. ഇല്ലെങ്കിൽ സസ്പെൻഷൻ സ്വമേധയാ പിൻവലിക്കപ്പെടും.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസുകളിൽ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. കേസിൽ ശിവശങ്കറിന്റെ പങ്കിനെ സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ഏജൻസികൾ സർക്കാരിനു കൈമാറിയിട്ടില്ല. ശക്തമായ തെളിവുകൾ കോടതിയിലെത്തിക്കാനും കഴിഞ്ഞിട്ടില്ല. സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതിയുടെ കണ്ടെത്തലുകൾ ഗുരുതര കുറ്റകൃത്യമല്ലാത്തതിനാൽ സർക്കാരിനു വേണമെങ്കിൽ സസ്പെൻഷൻ പിൻവലിക്കാമായിരുന്നു. എന്നാൽ ഈ അവസരത്തിൽ ശിവശങ്കറിന്റെ സസ്പെൻഷൻ പിൻവലിക്കുന്നത് വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തുമെന്നതിനാൽ തൽക്കാലം സസ്പെൻഷൻ നീട്ടാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു.
2023 ജനുവരി മാസംവരെ ശിവശങ്കറിനു സർവീസ് ശേഷിക്കുന്നുണ്ട്. അഴിമതി കേസുകളിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥർ മുൻപ് സസ്പെൻഷനുശേഷം സർവീസിലേക്കു തിരിച്ചു വന്നിട്ടുണ്ട്.
പരമാവധി രണ്ടുവർഷം മാത്രമേ ഐഎഎസ് ഉദ്യോഗസ്ഥനെ സസ്പെൻഷനിൽ നിർത്താൻ കഴിയുകയുള്ളു. ആദ്യം 30 ദിവസത്തേക്കും പിന്നീട് 60ഉം 90ഉം ദിവസങ്ങളായാണ് സസ്പെൻഷൻ നൽകുന്നത്.
മറുനാടന് മലയാളി ബ്യൂറോ