മുംബൈ: ശിവസേനാ നേതാവ് രാജ് താക്കറെയെ നേരിൽ കണ്ട് അപേക്ഷിച്ചിട്ടും രക്ഷയുണ്ടായില്ല. പാക് നായികയെ വച്ചെടുത്ത റായീസ് എന്ന ഷാരൂഖ് ഖാൻ ചിത്രം റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ശിവസേന രംഗത്തെത്തിയിരിക്കുകയാണിപ്പോൾ.

ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ 'റായീസ്' ഷൂട്ടിങ് സമയത്തു തന്നെ വൻ വിവാദങ്ങളിൽ പെട്ടിരുന്നു. പാക് നായിക മഹീറ ഖാൻ അഭിനയിക്കുന്നതിനെതിരെ നവ നിർമ്മാൺ സേന രംഗത്തെത്തിയിരുന്നു.

ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും നായികയെ മാറ്റണമെന്നുമായിരുന്നു ആവശ്യം. എന്നാൽ ഷൂട്ടിങ് പൂർത്തിയാക്കിയിരുന്നതിനാൽ നവ നിർമ്മാൺ സേന നേതാവ് രാജ് താക്കറെയുമായി ഷാരൂഖ് നേരിട്ട് ചർച്ചകൾ നടത്തി ഒത്തുതീർപ്പിലെത്തിയിരുന്നു. എന്നാൽ ഇപ്പോൾ സിനിമയ്‌ക്കെതിരെ ഭീഷണിയുമായി വീണ്ടും ശിവ സേന എത്തിയിരിക്കുകയാണ്.

വിതരണക്കാർക്ക് നേരിട്ട് അയച്ച കത്തിൽ സിനിമ റിലീസ് ചെയ്താൽ വിവരം അറിയുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണവർ. ആദിത്യ താക്കറെയാണ് പുതിയ ഭീഷണിക്ക് പിന്നിൽ. ഈ മാസം 256നാണ് റായീസ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. നവാസുദീൻ സിദ്ദിഖിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഗുജറാത്തിലെ കള്ളുകച്ചവടക്കാരനായ ഗുണ്ടാനേതാവിന്റെ കഥ പറയുന്ന ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രമാണ് റായീസ്. റായീസിന് ഗുണ്ടാ നേതാവിന്റെ ആക്രമണം തന്നെ നേരത്തേ തിരിച്ചടിയായി വന്നിരുന്നു. സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ ഗുജറാത്ത് ഗ്യാംസ്റ്റർ അബ്ദുൾ ലത്തീഫിന്റെ മകൻ മുസ്താക്ക് അഹമ്മദ് അബ്ദുൾ ലത്തീഫ് 101 കോടിയുടെ അപകീർത്തി കേസ് ഫയൽ ചെയ്തത് നേരത്തേ തലവേദനയായിരുന്നു.

1990 കളിൽ അനധികൃത മദ്യവിൽപ്പന നടത്തിയിരുന്ന അബ്ദുൾ ലത്തീഫിന്റെ ജീവിതമാണ് റായീസ് പറയുന്നത്. സിനിമയുടെ രണ്ടാം പകുതി തന്റെ പിതാവിനെ മോശമാക്കി ചിത്രീകരിക്കുന്നുണ്ട് എന്നും പറഞ്ഞു മുസ്താഖ് കോടതിയെ സമീപിക്കുകയായിരുന്നു. ഇത്തരം പൊല്ലാപ്പുകൾ ഒഴിഞ്ഞ് റിലീസിന് ഒരുങ്ങുമ്പോഴാണ് ഇപ്പോൾ ശിവസേന വഴിമുടക്കി രംഗത്തെത്തുന്നത്.