മുംബൈ : മഹാരാഷ്ട്രയിൽ ബിജെപി അതിന്റെ സ്വയം ശക്തിയിൽ എത്തിയെന്നും ശിവസേനയുമായി സഖ്യത്തിനില്ലെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘദൃഷ്ടിയിലും നേതൃത്വത്തിലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ കരുത്ത് തെളിയിച്ചതാണെന്നും ഫഡ്‌നാവിസ് പറഞ്ഞു.

മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ശിവസേന വ്യക്തമാക്കിയതോടെയാണ് മറുപടിയുമായി ഫഡ്‌നാവിസ് രംഗത്ത് വന്നത്. അവർ (ശിവസേന) നമ്മുടെ കരുത്തിനെ ചോദ്യം ചെയ്യുകയാണ്. ഫെബ്രുവരി 21ന് അത് നമ്മൾ കാണിക്കും. മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുമെന്ന് ഞങ്ങൾക്ക് പൂർണവിശ്വാസമുണ്ട് ഫഡ്‌നാവിസ് മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ പറഞ്ഞു. അടുത്തമാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 25 വർഷമായുള്ള സഖ്യമാണ് ഇതോടെ ഇല്ലാതാകുന്നത്.

ബിജെപിയുടെ ഏക അജണ്ട വികസനമാണ്. മുംബൈയുടെ വികസനവും പുരോഗതിയുമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ 25 വർഷമായി കടലാസിൽ ഒതുങ്ങിപ്പോയ പദ്ധതികൾ ബിജെപിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.