തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനത്തിന് അനുമതി നൽകിയ സുപ്രീംകോടതി ഉത്തരവിന് പിന്നാലെ തെരുവിൽ നടന്ന പ്രകടനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് കലാപം തീർക്കാനും ശ്രമം ശക്തം. അത്തരം സംഭവത്തിന് പരസ്യമായി ആഹ്വാനം ചെയ്തു കൊണ്ടാണ് ശിവസേന രംഗത്തെത്തിയത്. യുവതികൾ ശബരിമല പ്രവേശനത്തിനെത്തുന്ന അന്ന് ശിവസേനയിലെ സ്ത്രീ പ്രവർത്തകർ കൂട്ടം ചേർന്ന് ആത്മഹത്യ ചെയ്യും എന്നാണ് ശിവസേനയുടെ പുതിയ പ്രഖ്യാപനം.

തങ്ങളുടെ വനിതാ പ്രവർത്തകരെ 17നും 18നും കൂട്ട ആത്മഹത്യയ്ക്കായി പമ്പാ നദിക്കരയിൽ ഒത്തു ചേരും എന്ന് ശിവസേന കേരള ഘടകം നേതാവ് പെരിങ്ങമ്മല അജി വിശദീകരിച്ചു. കൂട്ട ആത്മഹത്യാ ഭീഷണിയോടൊപ്പം മുസ്ലീമായ അഡ്വക്കേറ്റാണ് ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിക്കു കാരണമെന്ന കുപ്രചാരണവും സംഘപരിവാർ നടത്തുന്നുണ്ട്. മുസ്ലീങ്ങളെയും കമ്മ്യൂണിസ്റ്റുകളെയും ഭൂരിപക്ഷ ഹിന്ദുക്കളുടെ എതിരാളികളാക്കുകയാണ് ലക്ഷ്യമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം.

ശബരിമല വിവാദത്തിൽ നാമജപം ഇപ്പോൾ ഫലിക്കുന്നില്ല. വടക്കേ ഇന്ത്യയിലെ ജമ്മു യുവതി ശിവാനി മുതൽ തെന്നിന്ത്യയിലെ ആക്ടിവിസ്റ്റ് തൃപ്തി ദേശായി വരെ 18ാം പടി ചവിട്ടിക്കയറി അയ്യപ്പ സ്വാമിയുടെ ദർശനത്തിനു നാളെണ്ണി തയ്യാറെടുക്കുന്നു. ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന സുപ്രീംകോടതി വിധി സർക്കാർ നടപ്പാക്കുമെന്നും ബോധ്യമായി. വിധി അനുസരിച്ച് യുവതികൾ മല ചവിട്ടുമെന്നും ഉറപ്പായിരിക്കുകയാണ്. ഇതിനെ തടയാൻ നീച മാർഗം ഉപയോഗിച്ച് കലാപമാക്കാനുള്ള ആഹ്വാനമാണ് പെരിങ്ങമ്മല അജി നടത്തിയത്. അതിനാൽ ജാഗ്രത പാലിക്കണം- പൊലീസിന് ലഭിച്ച നിർദേശത്തിന്റെ ചുരുക്കം ഇതാണ്.

അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ബാനറിൽ പ്രതീഷ് വിശ്വനാഥൻ നയിക്കുന്ന ശബരിമല സംരക്ഷണയാത്രയ്ക്കിടെ വർഗ്ഗീയ കലാപത്തിന് സാധ്യതയുണ്ടെന്ന് പൊലീസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ട് നിലവിലുണ്ട്. മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിൽ അയ്യപ്പവിഗ്രഹം സ്ഥാപിക്കുമെന്നാണ് പ്രതീഷിന്റെ ആഹ്വാനം. ഇതിനിടെയിൽ സംഘർഷമുണ്ടാകുമെന്നും പൊലീസ് അയ്യപ്പ വിഗ്രഹത്തെ തകർത്തുവെന്ന വികാരം ആളിക്കത്തിച്ച് കലാപത്തിനാണ് ശ്രമമെന്നും ഇന്റലിജൻസ് തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ നാളെ തലസ്ഥാനത്ത് അതീവ ജാഗ്രതയിലാകും പൊലീസ്. പ്രതീഷിന്റെ റാലിയിൽ പങ്കെടുക്കാൻ പ്രവീൺ തൊഗാഡിയയും സ്വാധി പ്രാച്ചിയും തിരുവനന്തപുരത്ത് എത്തും. തീവ്ര ഹിന്ദു നിലപാടുകാരുടെ വികാരം ആളിക്കത്തിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന് കേരളത്തിൽ വേരോട്ടമുണ്ടാക്കാനാണ് ഇത്.

തൊഗാഡിയയും പ്രതീഷും പരിവാർ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. എന്നാൽ രണ്ടു പേരേയും ആർഎസ്എസ് അകറ്റി നിർത്തി. പരിവാറുകാർക്കൊപ്പം പോകുമ്പോൾ ഹിന്ദു ഹെൽപ് ലൈൻ എന്ന സംഘടന പ്രതീഷ് ഉണ്ടാക്കിയിരുന്നു. ഇതിൽ മുഴുവൻ ആർ എസ് എസുകാരാണുള്ളത്. ഇവരെ സ്വാധീനിച്ച് പ്രതിഷേധം സംഘടിപ്പിക്കുകയാണ് പ്രതീഷ്. അയ്യപ്പ വികാരം സംരക്ഷിക്കുന്നതിന് പന്തളത്ത് നിന്ന് സെക്രട്ടറിയേറ്റിലേക്ക് പദയാത്രയാണ് പ്രതീഷ് പ്രഖ്യാപിച്ചത്. 5 ലക്ഷം പേരുമായി തിരുവനന്തപുരത്തേക്ക് നടക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പരിവാർ പ്രസ്ഥാനങ്ങളേയും ഹിന്ദു സംഘടനകളേയും ആർഎസ്എസ് കാര്യങ്ങൾ ബോധ്യപ്പെടുത്തി പിന്മാറ്റി. ബിജെപിയുടെ നേതൃത്വത്തിൽ പദയാത്രയും തുടങ്ങി. ഇതോടെ പ്രതീഷിന്റെ യാത്ര ബസിലായി. അതായത് പ്രഖ്യാപിച്ച പദയാത്രയുമായി ബസിൽ തിരുവനന്തപുരത്ത് എത്തിയാകും നാളത്തെ മാർച്ച്. ഇതിനൊപ്പം അയ്യപ്പ വിഗ്രഹം കൊണ്ടു വരുന്നതാണ് പൊലീസിനെ ആശങ്കപ്പെടുത്തുന്നത്.

മുഖ്യമന്ത്രിയുടെ വീടിന് മുമ്പിൽ അയ്യപ്പ വിഗ്രഹം സ്ഥാപിക്കുന്നത് പൊലീസ് അനുവദിക്കില്ല. ഇത് സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിക്കും. ജലപീരേങ്കിയും മറ്റും പ്രയോഗിക്കുകയും ചെയ്യും. ഇത് വിഗ്രഹത്തേയും ബാധിക്കും. പന്തളം രാജാവ് പൂജിച്ച് നൽകിയ വിഗ്രഹമാണ് ഇതെന്ന വികാരവും പ്രതീഷ് ഉയർത്തിയിട്ടുണ്ട്. ഇതും വർഗ്ഗിയ കലാപമുണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്ന് പൊലീസ് വിലയിരുത്തുന്നു. പ്രവീൺ തൊഗാഡിയയും സ്വാച്ചി പ്രാച്ചിയും വികാരപരമായ പ്രസംഗത്തിലൂടെ അണികളെ ഇളക്കി വിടുകയും ചെയ്യും. ഇതോടെ പൊലീസിന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ബലപ്രയോഗം തന്നെ വേണ്ടിവരും. അതിനിടെ ശബരിമല പ്രക്ഷോഭത്തിന്റെ ദിശയെ തകർക്കുന്ന പ്രതിഷേധങ്ങൾക്ക് ഇറങ്ങരുതെന്ന് അണികൾക്ക് ആർഎസ്എസ് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതീഷിന്റെ സമരത്തോട് ആർ എസ് എസിന് യാതൊരു അനുഭാവവും ഇല്ലെന്നും വിശദീകരിക്കുന്നു.

ഹിന്ദു സംഘടനകളുടെ ബാനറിലാണ് അന്താരാാഷ്ട്ര ഹിന്ദു പരിഷത്തും പ്രതിഷേധിക്കുന്നത്. എന്നാൽ പ്രധാന സംഘടനകളൊന്നും ഇവർക്കില്ല. പന്തളത്ത് രാജകുടുംബം നടത്തിയ പ്രതിഷേധ നാമജപത്തിന് വലിയ പിന്തുണ കിട്ടി. എൻ എസ് എസ് സംഘടിപ്പിക്കുന്ന പ്രതിഷേധത്തിനും വലിയ പിന്തുണയുണ്ട്. ഇതെല്ലാം മുതലെടുക്കാനാണ് പന്തളത്ത് നിന്ന് സെക്രട്ടറിയേറ്റിലേക്ക് പദയാത്ര സംഘടിപ്പിച്ചത്. എന്നാൽ ആർഎസ്എസ് പ്രതീഷിനെതിരെ നിലപാട് എടുത്തതോടെ പരിപാടിയുടെ നിറം മങ്ങി. ഈ സാഹചര്യത്തിൽ പദയാത്ര ബസിലെ യാത്രയായി. നാളെ രാവിലെ തിരുവനന്തപുരത്തെ നഗര അതിർത്തിയിൽ സംഘടിച്ച് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യാത്ര ചെയ്യാനാണ് പ്രതീഷിന്റെ പദ്ധതി. ഇതാണ് ആശങ്ക സജീവമാക്കുന്നത്. പൊലീസിനെ പ്രതിസന്ധിയിലാക്കി നേട്ടമുണ്ടാക്കാനാണ് ശ്രമം.