മുംബൈ : മുംബൈ മുനിസിപ്പൽ കോർപറേഷനിലെ (ബിഎംസി) മേയർ സ്ഥാനം ശിവസേനയ്ക്ക് തന്നെയാകുമെന്ന് ഉറപ്പായി. മേയർ തിരഞ്ഞെടുപ്പിൽ ശിവസേനയ്‌ക്കെതിരെ എതിരാളികളെ നിർത്തില്ലെന്ന് ബിജെപി വ്യക്തമാക്കിയ സാഹചര്യത്തിലാണ് മേയർ സ്ഥാനം ശിവസേന ഉറപ്പിച്ചത്.

ഇതോടെ ശിവസേനയിലെ വിശ്വനാഥ് മഹാദേശ്വർ ബിഎംസി മേയറാകും. മേയർ തിരഞ്ഞെടുപ്പിന് പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. എട്ടിനാണു തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, ഈ സ്ഥാനത്തേക്ക് എതിരാളികളെ നിർത്തേണ്ടതില്ലെന്ന് ബിജെപി തീരുമാനിക്കുകയായിരുന്നു. 227 അംഗ ബിഎംസിയിൽ ഭൂരിപക്ഷത്തിന് 114 അംഗങ്ങളുടെ പിന്തുണയാണു വേണ്ടത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് തീരുമാനം പ്രഖ്യാപിച്ചത്. ആവശ്യമെങ്കിൽ മേയർ തിരഞ്ഞെടുപ്പിൽ ശിവസേനാ സ്ഥാനാർത്ഥികൾക്കു വോട്ടുചെയ്യുമെന്നും ഫഡ്‌നാവിസ് അറിയിച്ചു.

ഇത്തവണ തിരഞ്ഞെടുപ്പിൽ ആളുകൾ ബിജെപിയിൽ വലിയ വിശ്വാസമാണ് പുലർത്തിയത്. എന്നാൽ ശിവസേനയ്ക്ക് രണ്ടു സീറ്റ് അധികം ലഭിച്ച സാഹചര്യത്തിൽ മേയർ, ഡപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് സ്ഥാനാർത്ഥികളെ നിർത്തില്ല. നഗരത്തിന്റെയും നഗരത്തിലെ ജനങ്ങളുടെയും താൽപര്യം പരിഗണിച്ചാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷം ഒരു പാർട്ടിക്കുമില്ലെന്നിരിക്കെ ഭരണം പങ്കിടാനുള്ള സഖ്യങ്ങൾക്കും ഇതുവരെ രൂപമായിട്ടില്ല. മേയർ സ്ഥാനത്തിനായി ശിവസേനയും ബിജെപിയും തമ്മിൽ മത്സരത്തിനു തയാറായിരുന്നെങ്കിൽ കോൺഗ്രസിന്റെയും മറ്റു ചെറുകക്ഷികളുടെയും നിലപാടുകൾ നിർണായകമായേനെ.

എന്നാൽ മൽസരം വേണ്ടെന്നായിരുന്നു ഇന്നു ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിന്റെ തീരുമാനം. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ബിജെപി സംസ്ഥാന അധ്യക്ഷൻ റാവു സാഹേബ് ധൻവെ, ബിജെപി മുംബൈ കമ്മിറ്റി അധ്യക്ഷൻ ആശിഷ് ഷേലാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കക്ഷിനില: ശിവസേന- 84, ബിജെപി- 82, കോൺഗ്രസ് -31, എൻസിപി 9, എംഎൻഎസ് 7, എസ്‌പി 6, എംഐഎം 3, എബിഎസ് 1, സ്വതന്ത്രർ 4