ന്യൂഡൽഹി: ലോക്‌സഭയിൽ നടപടികൾ അലങ്കോലപ്പെടുത്തിയതിന്റെ പേരിൽ കേരളത്തിൽ നിന്നുള്ള രണ്ട് എംപിമാർ ഉൾപ്പെടെ ആറ് കോൺഗ്രസ് ലോക്‌സഭാംഗങ്ങളെ സ്പീക്കർ സുമിത്രാ മഹാജൻ സസ്‌പെൻഡ് ചെയ്തു.

കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ, ഗൗരവ് ഗഗോയി, ആദിർരാജൻ ചൗധരി, രൺജി രാജൻ, സുഷ്മിതാ ദേവ് എന്നിവർക്കാണ് സസ്‌പെൻഷൻ. അഞ്ചു ദിവസത്തേക്ക് ഇവർക്ക് സഭാനടപടികൾ പങ്കെടുക്കാൻ സാധിക്കില്ല. ദലിത് ന്യൂനപക്ഷ വിഷയങ്ങൾ, ഗോ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് എംപിമാർ സഭയിൽ പ്രതിഷേധിച്ചത്.

ദലിത് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ അടിയന്തരപ്രമേയത്തിൽ ചർച്ചവേണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാൽ, സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു.

തുടർന്ന്, ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഗാർഖെയും കേന്ദ്ര പാർലമെന്ററികാര്യമന്ത്രി അനന്ത് കുമാറും തമ്മിൽ രൂക്ഷമായ വാദപ്രതിവാദമുണ്ടായി. ഇതിനിടെ ചർച്ചയ്ക്ക് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

പ്രതിഷേധത്തിനിടെ ചില കോൺഗ്രസ് എംപിമാർ കടലാസുകൾ കീറി സ്പീക്കറുടെ കസേരയ്ക്കു നേരെ എറിഞ്ഞിരുന്നു. ഈ നടപടി സ്പീക്കറോടുള്ള അവഹേളനമാണെന്ന് ഭരണകക്ഷി അംഗങ്ങൾ ആരോപിച്ചു. തുടർന്നു നടത്തിയ പരിശോധനയ്‌ക്കൊടുവിൽ ആറ് കോൺഗ്രസ് അംഗങ്ങളുടെ ഭാഗത്തുനിന്നും അച്ചടക്ക ലംഘനമുണ്ടായെന്ന് വ്യക്തമായി. ഇതോടെയാണ് സ്പീക്കർ ഇവർക്കെതിരെ നടപടി എടുത്തത്.