ഫിലാഡൽഫിയ: മുൻ ഭാര്യയടക്കം ആറുപേരെ വെടിവച്ചു കൊന്ന അക്രമിക്കായി പെൻസിൽവാനിയ പൊലീസ് തെരച്ചിൽ ശക്തമാക്കി. പൊലീസിന്റെ പിടിയിൽ അകപ്പെടാതിരിക്കാനായി ഒളിച്ചു കഴിയുന്ന അക്രമി ആയുധധാരിയും അപകടകാരിയുമാണെന്നും പെൻസ്ബർഗ് നിവാസികൾ കഴിവതും വീടിനുള്ളിൽ തന്നെ കഴിയണമെന്നും പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

മുൻഭാര്യ, അവരുടെ അമ്മ, മുത്തശ്ശി, സഹോദരി, സഹോദരിയുടെ ഭർത്താവ്, അവരുടെ പതിനാലു വയസുള്ള മകൾ എന്നിവരെയാണ് ബ്രാഡ്‌ലി വില്യം സ്റ്റോൺ എന്ന മുപ്പത്തഞ്ചുകാരൻ വെടിവച്ചു കൊന്നത്. വെടിവയ്പിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.  മുൻഭാര്യയ്‌ക്കൊപ്പം താമസിക്കുന്ന തന്റെ രണ്ടു പെൺമക്കളെ സ്റ്റോൺ ഉപദ്രവിച്ചില്ല.  അവരെ സ്റ്റോൺ പെൻസ്ബർഗിലുള്ള അയൽവാസിയുടെ വീട്ടിൽ പാർപ്പിച്ചിരിക്കുകയാണ്.

സ്റ്റോണിലെ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് വെളിപ്പെടുത്തി. സ്റ്റോണിന്റെ മുൻഭാര്യയായ നിക്കോൾ ഹിൽ അവരുടെ ലോവർ സാൽഫോർഡിലുള്ള അപ്പാർട്ട്‌മെന്റിലാണ് അർധരാത്രി വെടിയേറ്റു മരിച്ച നിലയിൽ കാണപ്പെട്ടത്. നിക്കോളിനെ കൊന്ന ശേഷം പെൺമക്കളെ പെൻസ്ബർഗിലെ അയൽവാസിയുടെ വീട്ടിൽ കൊണ്ടാക്കിയതാണെന്നാണ് പൊലീസ് കരുതുന്നത്.

നിക്കോളിന്റെ ബന്ധുക്കളെ അവരവരുടെ വീടുകളിലാണ് മരിച്ച നിലയിൽ പൊലീസ് കണ്ടെത്തിയത്. ഫിലാഡൽഫിയയിൽ നിന്ന് 28 മൈൽ അകലെയുള്ള ലാൻസ്‌ഡേൽ ടൗൺ പൊലീസിന് എമർജൻസി കോൾ ലഭിച്ചതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് രണ്ടു സ്ത്രീകളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. നിക്കോൾ ഹില്ലിന്റെ അമ്മയും മുത്തശ്ശിയുമായിരുന്നു അത്. സ്‌റ്റോൺ വെടിവച്ചു കൊന്നവരുടെ അയൽവാസികളാണ് വെടിയൊച്ച കേട്ട് പൊലീസിൽ വിവരമറിയിക്കുന്നതും തുടർന്ന് പൊലീസെത്തി മരണം സ്ഥിരീകരിച്ചതും.

പൊലീസിന്റെ പിടിയിൽ നിന്നു രക്ഷപ്പെട്ട് ഒളിച്ചു കഴിയുന്ന സ്റ്റോൺ മിലിട്ടറി വേഷധാരിയാണെന്നാണ് ഡിസ്ട്രിക്ട് അറ്റോർണി പറയുന്നത്. കൂടാതെ അക്രമിയുടെ ചിത്രവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.2009-ൽ നിക്കോൾ ഹില്ലുമായി സ്‌റ്റോൺ വിവാഹമോചനം നേടിയെന്ന് രേഖകൾ വെളിപ്പെടുത്തുന്നു.